ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ ഏറെ ആഘോഷിക്കപ്പെട്ട സൗഹൃദങ്ങളിൽ ഒന്നായിരുന്നു, മണിക്കുട്ടനും ഡിംപൽ ഭാലും തമ്മിലുള്ളത്. ബിഗ് ബോസ് ഷോ നിർത്തിയതോടെ ഇരുവരും ഒന്നിച്ചുള്ള സൗഹദനിമിഷങ്ങൾ കൂടിയാണ് പ്രേക്ഷകർക്ക് മിസ്സായത്. ഇപ്പോഴിതാ, ആ ചങ്ങാതിമാരെ വീണ്ടും ഒന്നിച്ചു കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആരാധകർ.
ഡിംപൽ ഭാലാണ് ഷോയ്ക്ക് ശേഷം മണിക്കുട്ടനൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കു വച്ചിരിക്കുന്നത്. സൗഹൃദമെന്നത് മധുരകരമായൊരു ഉത്തരവാദിത്വമാണെന്നും ഒരു അവസരമല്ലെന്നും ഡിംപൽ കുറിക്കുന്നു.
സോഷ്യൽ മീഡിയയിൽ ഡിംപലിനും മണിക്കുട്ടനും പ്രത്യേകം ആർമികൾ വരെയുണ്ട്. ബിഗ് ബോസ് വീടിനകത്തെ ഇവരുടെ സൗഹൃദനിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്.
അതേസമയം, ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ വിജയി ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. വോട്ടിംഗിലൂടെ വിജയിയെ തിരഞ്ഞെടുത്തിരുന്നെങ്കിലും ആരാണ് വിജയി എന്ന് ചാനൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഗ്രാൻഡ് ഫിനാലെ അനിശ്ചിതമായി നീണ്ടുപോവുകയാണ്. ലോക്ക്ഡൗൺ കഴിഞ്ഞാലുടൻ ഷൂട്ടിംഗ് അനുമതി നേടിയെടുത്ത് ഫിനാലെ ചിത്രീകരിക്കാനാണ് ചാനലിന്റെ തീരുമാനം.