Bigg Boss Malayalam Season 3: ഓഫീസ് അന്തരീക്ഷത്തിലോ സമൂഹത്തിലോ വ്യക്തികൾക്കിടയിലോ മത്സരത്തിലോ ആവട്ടെ ഗ്രൂപ്പിസമെന്നത് ഒട്ടും ആരോഗ്യകരമായൊരു പ്രവണതയല്ല. പലപ്പോഴും വിപരീതഫലം നൽകുന്ന ഒന്നു കൂടിയാണ് അത്. യാഥാർത്ഥ്യബോധമില്ലാത്ത മത്സരത്തിനോ പക്ഷപാതപരമായ സമീപനങ്ങൾക്കോ ആണ് ഗ്രൂപ്പിസം വഴിവെയ്ക്കുന്നത്. പ്രേക്ഷകരുടെ മനസ്സു മടുപ്പിക്കുന്ന ചില ഗ്രൂപ്പിസം കാഴ്ചകൾ ബിഗ് ബോസ് വീട്ടിലും കാണാം.
ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസൺ അവസാനിക്കാൻ കഷ്ടിച്ച് രണ്ടു മൂന്നു ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പിസം വഴിവെയ്ക്കുന്നത്. വീടിനകത്തെ അന്തരീക്ഷം കലുഷിതമാക്കുകയാണ് ഈ ഗ്രൂപ്പുകളുടെ ചർച്ചകളും പക്ഷപാതം നിറഞ്ഞ തിരഞ്ഞെടുപ്പുകളുമെല്ലാം. നിലവിൽ മൂന്ന് ഗ്രൂപ്പുകളാണ് ബിഗ് ബോസ് വീട്ടിൽ ഉള്ളത്. കിടിലം ഫിറോസ്, നോബി, റംസാൻ എന്നിവർ അടങ്ങുന്ന ഗ്രൂപ്പാണ് ഇതിൽ പ്രബലം. രണ്ടാമത്തേത് സൂര്യ, ഋതു എന്നിവർ ഉൾപ്പെടുന്ന ഒരു സബ് ഗ്രൂപ്പ്. ഈ രണ്ടു മത്സരാർത്ഥികളിലും സ്വാധീനം ചെലുത്താൻ കഴിയുന്നവരാണ് ആദ്യ ഗ്രൂപ്പിൽ ഉള്ളത് എന്നതാണ് മറ്റൊരു വസ്തുത. മൂന്നാമത്തേത് അടുത്തിടെ മാത്രം രൂപപ്പെട്ട മറ്റൊരു സഖ്യമാണ്, രമ്യ- സായി കൂട്ടുകെട്ട്. നിലവിൽ ഒരു ഗ്രൂപ്പിലും പെടാതെ തനിയെ ഗെയിം കളിക്കുന്ന രണ്ടുപേർ ബിഗ് ബോസ് വീട്ടിലുണ്ടെങ്കിൽ അത് അനൂപും മണിക്കുട്ടനുമാണ്.
ഏതൊരു സമൂഹത്തിലും സിസ്റ്റത്തിലും സബ് ഗ്രൂപ്പുകൾ സാധാരണമാണ്. എന്നാൽ ഇവിടെ സബ് ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളും സ്ട്രാറ്റജിയുമാണ് പ്രശ്നം. തീർത്തും അനാരോഗ്യകരമായ ചില പ്രവണതകൾ കാണിക്കുന്നു എന്നതാണ് ഈ ഗ്രൂപ്പുകളെ കുറിച്ച് എടുത്തു പറയേണ്ട കാര്യം. ശാരീരികമായും മാനസികമായും പരീക്ഷണങ്ങൾ ഏറ്റുവാങ്ങേണ്ട, ഒരു മെന്റൽ ഗെയിം ആണ് ബിഗ് ബോസ് എന്നു പറയുമ്പോഴും അത് മാനസികമായ പീഡനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. അത്തരം സ്ട്രാറ്റജികൾ പുറത്തെടുക്കുന്നതും അതിനെ പിന്തുണയ്ക്കുന്നതും ക്രൈം തന്നെയാണ്.
ഗ്രൂപ്പിസം കളികൾ അരങ്ങു വാഴുമ്പോൾ, അർഹരായവർക്ക് അംഗീകാരം കിട്ടാതിരിക്കാനും അനർഹരായവരെ സേഫ് സോണിൽ തന്നെ നിലനിർത്താനും അതു കാരണമാവുകയാണ്. ഗെയിമിന്റെ സ്വാഭാവികമായ ക്വാളിറ്റിയെ തന്നെയാണ് അത് ബാധിക്കുക. ഇതിനൊരു മികച്ച ഉദാഹരണമാണ് ബിഗ് ബോസ് വീട്ടിൽ നോബി എന്ന മത്സരാർത്ഥിയുടെ നിലനിൽപ്പ്. വീട്ടിലെ ഏറ്റവും മോശം പ്ലെയർ ആയിട്ടും ഈ ഗ്രൂപ്പുകളുടെ സ്വാധീനം മൂലം നോമിനേഷനിൽ പോലും വരാതെ സേഫ് സോണിൽ തന്നെ തുടരുകയാണ് നോബി. ആ സ്ഥാനത്ത് നിൽക്കേണ്ട മികച്ചൊരു മത്സരാർത്ഥിയുടെ അവസരമാണ് ഇതുവഴി നഷ്ടമാവുന്നത്.
കിടിലം ഫിറോസ് നേതൃത്വം നൽകുന്ന ബിഗ് ബോസിലെ പ്രധാന ഗ്രൂപ്പിന്റെ പ്രവർത്തനം തന്നെ പരിശോധിക്കാം. തങ്ങൾക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാക്കാനായി മത്സരാർത്ഥികളെ അനാരോഗ്യകരമായ രീതിയിൽ മാനിപുലേറ്റ് ചെയ്യുന്നുണ്ട് ഈ ഗ്യാങ്ങ്. തങ്ങളുടെ ഗ്രൂപ്പിൽ പെടാത്തവരെ അവർ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു. അതിന്റെ ഇരയാണ് സായി. കഴിഞ്ഞ എലിമിനേഷനിൽ ബിഗ് ബോസ് വിട്ടു പുറത്തുപോയ മത്സരാർത്ഥി അഡോണിയും റംസാനുമായി ആദ്യ ആഴ്ചകളിൽ നല്ലൊരു ചങ്ങാത്തം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് സായി. എന്നാൽ ആ ഗ്രൂപ്പിൽ നിന്നും നേരിട്ട ചില ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സായി അകലം പാലിച്ചതോടെയാണ് സായിയെ ലക്ഷ്യം വച്ചുള്ള ആക്രമണം റംസാനും ടീമും അഴിച്ചു വിടുന്നത്.
തങ്ങളുടെ ഭാഗത്തു നിന്നുള്ള സമീപനങ്ങളിലെ തെറ്റുകൾ മനസ്സിലാക്കാനോ തിരുത്താനോ തയ്യാറാവാതെ, പ്രിവിലേജുകളിൽ നിന്നുകൊണ്ട് അപരനെ പ്രതികൂട്ടിൽ നിർത്തുകയാണ് കിടിലത്തിനെയും റംസാനെയും പോലെയുള്ള മത്സരാർത്ഥികൾ ചെയ്യുന്നത്. സായി എന്ന മത്സരാർത്ഥിയോട് റംസാൻ എന്ന സഹ മത്സരാർത്ഥി പുലർത്തി പൊരുന്ന മേൽകൊയ്മഭാവം ഇതിനെ സാധൂകരിക്കുന്ന ഒന്നാണ്. തെറ്റ് തെറ്റെന്നു ചൂണ്ടികാണിക്കുന്ന ക്രിയാത്മകമായൊരു വിമർശനം അവർ ഉൾപ്പെടുന്ന ഗ്രൂപ്പുകളിൽ നിന്ന് ഉയരുന്നുമില്ല എന്നതാണ് സത്യം. ഒരുതരം ഒത്താശ മനോഭാവത്തോടെയാണ് ഈ ഗ്രൂപ്പുകളുടെ പ്രവർത്തനം. നോമിനേഷനുകളിലും അഭിപ്രായപ്രകടനങ്ങളിലും വോട്ടുകൾ വിനിയോഗിക്കുന്നതിലുമെല്ലാം തന്റെ ടീമിന്റെ സ്വാർത്ഥതാൽപ്പര്യങ്ങളെ സംരക്ഷിക്കുക മാത്രമാണ് ഈ ടീം ചെയ്യുന്നത്.
സമീപകാലത്ത് രൂപപ്പെട്ടു വന്ന സൂര്യ- ഋതു കൂട്ടുക്കെട്ടിലും പടരുന്ന ഒരു നെഗറ്റീവിറ്റിയുണ്ട്. തങ്ങൾ രണ്ട് സ്ത്രീകളെ മറ്റുള്ള മത്സരാർത്ഥികൾ മനഃപൂർവ്വം കോർണർ ചെയ്യുന്നു എന്നൊരു വരുത്തിത്തീർക്കലിനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ഈ കൂട്ടായ്മയിൽ നിന്നുണ്ടാവുന്നുണ്ട്. അതും ആരോഗ്യകരമായൊരു ഗെയിമിന് ദോഷം ചെയ്യുന്ന ഘടകമാണ്.
കിടിലം- റംസാൻ ടീമിൽ നിന്നും നിരന്തരം ആക്രമണങ്ങൾ ഏറ്റുവാങ്ങുന്ന സായി അതിജീവനത്തിനായി കൂട്ടുപിടിച്ചതാണ് രമ്യയെ. തന്നെ സപ്പോർട്ട് ചെയ്യാനും അവിടെ ആരെങ്കിലും വേണമെന്ന ഉദ്ദേശമാണ് അതിനു പിറകിൽ ഉള്ളതെങ്കിലും പൊതുശത്രുക്കളെ ഇടിച്ചു താഴ്ത്താനായി ദുർവ്യാഖ്യാനം ചെയ്യുന്ന രീതി ഈ ഗ്രൂപ്പിലും പ്രകടമായി കണ്ടുവരുന്നുണ്ട്.
കിടിലം എന്ന സൂത്രധാരൻ
കിടിലം- റംസാൻ- നോബി ടീമിലെ സമർത്ഥനായ കളിക്കാരൻ കിടിലം ഫിറോസ് തന്നെയാണ്, ആ ഗ്രൂപ്പിലെ പ്രധാന ചരടുവലിക്കാരനും കിടിലം തന്നെ. ആരെ വേണമെങ്കിലും തനിക്ക് ഓഡിറ്റ് ചെയ്യുകയോ വിമർശിക്കുകയോ ചെയ്യാമെന്നൊരു ആധിപത്യമനോഭാവം (സൂപ്പീരിയോറിറ്റി കോംപക്സ്) കിടിലത്തിനുണ്ട്. ആദ്യ ആഴ്ച മുതലിങ്ങോട്ട് ഗെയിമിന്റെ ഗതി പ്രവചിച്ചും മത്സരാർത്ഥികളെ വിലയിരുത്തിയുമൊക്കെ മുന്നോട്ടുപോവുന്ന കിടിലത്തിന്റെ ശരീരഭാഷയിലും ചിരിയിലും മാനറിസത്തിലുമൊക്കെ ആ സൂപ്പീരിയോറിറ്റി കോംപക്സ് മുഴച്ചു നിൽക്കുന്നുണ്ട്. എന്നാൽ തനിക്കെതിരെ ഉയരുന്ന ചെറിയ വിമർശനങ്ങളെ പോലും വ്യക്തിപരമായി എടുക്കുകയും അതിനെ തിരിച്ചാക്രമിക്കുകയും ചെയ്യുകയാണ് ഫിറോസ് എന്ന മത്സരാർത്ഥി.
“ബിഗ് ബോസ് വീട്ടിൽ പിടിച്ചുനിൽക്കാൻ ഫിറോസ് പ്രേക്ഷകരുടെ സഹതാപം തേടുന്നു, എപ്പോഴാണ് കിടിലം ഫിറോസ് ഈ വീട്ടിൽ ഒറ്റപ്പെട്ടത്, ഉറങ്ങുമ്പോൾ മാത്രമാണ് ഫിറോസ് തനിച്ചായി കാണുന്നത്, അല്ലാതെ എപ്പോഴും അയാൾക്ക് ചുറ്റും ഒരു ഗ്രൂപ്പുണ്ട്,” എന്ന മണിക്കുട്ടന്റെ നിരീക്ഷണത്തെ തന്റെ ഗ്രൂപ്പിനകത്ത് വലിയൊരു പ്രശ്നമാക്കി ഉയർത്തികൊണ്ടുവരികയാണ് കിടിലം ഫിറോസ്.
സത്യത്തിൽ, “ഉപ്പ ഇവിടെ ഒറ്റപ്പെടുന്നത് കണ്ട് മക്കൾ വിഷമിക്കരുത്,” എന്ന് ക്യാമറയിൽ നോക്കി പറയുമ്പോൾ മക്കൾക്ക് സന്ദേശം അയക്കുന്നു എന്ന രീതിയിൽ താനിവിടെ ഒറ്റപ്പെട്ടിരിക്കുന്നു എന്ന് തോന്നൽ പ്രേക്ഷകരിലേക്ക് പകരുകയാണ് ഫിറോസ് ചെയ്യുന്നത്. ക്യാമറയെ നോക്കി മക്കളോടെന്ന രൂപേണ പലപ്പോഴും പ്രേക്ഷകർക്കായി ഇത്തരം ചില ധ്വനികൾ കിടിലം നൽകുന്നുണ്ട്. മുൻപ് ഡിംപൽ ഭാൽ വിഷയത്തിലും ‘പപ്പ, ആ ആന്റിയെ വേദനിപ്പിക്കാനായി ഒന്നും ചെയ്തില്ലെ’ന്ന് മക്കളോട് ആവർത്തിക്കുമ്പോഴും കിടിലം ലക്ഷ്യമിടുന്നത് പ്രേക്ഷകരുടെ സഹതാപമാണ്.
മണിക്കുട്ടൻ പറഞ്ഞത് പോലെ തന്നെ, അച്ഛൻ അകലെയായിരിക്കുമ്പോൾ മക്കൾക്ക് കൊടുക്കുന്ന സന്ദേശം ഒരു പോസിറ്റീവ് സന്ദേശമാവണം, പ്രത്യേകിച്ചും ഈ ഒരു കോവിഡ് കാലത്ത് കുട്ടികൾ ഏറെ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത് എന്നു തിരിച്ചറിയാൻ കഴിയുന്ന, ഒരു സാമൂഹിക പ്രവർത്തകൻ. നിർഭാഗ്യവശാൽ, ഫിറോസിന്റെ വാക്കുകളിൽ അത്തരമൊരു കരുതൽ കാണാൻ സാധിക്കുന്നില്ല.
കിടിലത്തിന്റെ നിലപാടുകളിലെ ഇരട്ടത്താപ്പ് ആണ്, അയാളിലെ മത്സരാർത്ഥിയെ പിന്നോട്ടുവലിക്കുന്ന മറ്റൊരു ഘടകം. ഈ കളിയിൽ സ്ത്രീ പുരുഷവ്യത്യാസമുണ്ട് എന്ന് സഹമത്സരാർത്ഥികളായ സന്ധ്യയിലേക്കും ഭാഗ്യലക്ഷ്മിയിലേക്കും പരോക്ഷമായോ/ബോധപ്പൂർവ്വമായോ ഉള്ളൊരു ചിന്ത ആദ്യം പകർന്നു കൊടുത്തത് ഫിറോസ് ആണ്. സ്ത്രീപക്ഷത്തു നിന്നു സംസാരിച്ച അതേ ഫിറോസ് തന്നെയാണ്, തന്റെ കൂടി സുഹൃത്തായ ഋതുവിനെതിരെ രമ്യ ഉന്നയിച്ച, പുരുഷൻമാർ സമാധാനിപ്പിയ്ക്കുന്നതാണ് ഋതുവിന് ഇഷ്ടമെന്ന രീതിയിലുള്ള മനുഷ്യത്വരഹിത പരാമർശത്തെ അവഗണിയ്ക്കുന്നതും.
സ്ത്രീയും പുരുഷനും തുല്യരായി മത്സരിക്കുന്ന ഒരു പ്ലാറ്റ്ഫോമിൽ മത്സരാർത്ഥികളുടെ ലിംഗഭേദത്തെ കുറിച്ച് മോശമായ പരാമർശം തന്നെയാണ് രമ്യ നടത്തിയത്. ആ മോശം പരാമർശത്തെ ചോദ്യം ചെയ്യാൻ ഋതു ഒരുങ്ങുമ്പോൾ അത് അനാവശ്യമായൊരു കാര്യമാണെന്ന് പറയുകയും സംഭവങ്ങളെ ദുർവ്യാഖ്യാനം ചെയ്യുകയും ഈ മനുഷ്യവിരുദ്ധ പരാമർശത്തിനെതിരെ ആദ്യം പ്രതികരിച്ച മണിക്കുട്ടനെ ഇടിച്ചു താഴ്ത്താൻ ശ്രമിക്കുകയുമാണ് ഫിറോസ് ചെയ്യുന്നത്.
Read more: അമ്മ പോരാടാൻ പഠിപ്പിച്ചപ്പോൾ, പപ്പ പഠിപ്പിച്ചത് പാചകം; മാതൃദിനത്തിൽ വേറിട്ട കുറിപ്പുമായി ഡിംപൽ