Bigg Boss Malayalam Season 3 Grand Finale: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒത്തുച്ചേർന്നതിന്റെ ആഘോഷത്തിമർപ്പിലാണ് ബിഗ് ബോസ് താരങ്ങൾ. ഗ്രാൻഡ് ഫിനാലെ ഷൂട്ടിനായി ചെന്നൈയിലെത്തിയ താരങ്ങൾ താമസസ്ഥലത്തു നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുകയാണ്.
സ്വാഭാവികമായി ഉടലെടുത്ത സൗഹൃദങ്ങൾ പോലെ തന്നെ ഷോയ്ക്കിടയിൽ ചിലർക്കിടയിൽ അസ്വാരസ്യങ്ങളും അനിഷ്ടക്കേടുമൊക്കെ ഉണ്ടായതിനും ഈ സീസൺ സാക്ഷിയായിരുന്നു. അത്തരത്തിലുള്ള ഒരു വഴക്കായിരുന്നു ഈ സീസണിലെ മത്സരാർത്ഥികളായ പൊളി ഫിറോസ് ഖാനും കിടിലം ഫിറോസിനും ഇടയിലുണ്ടായത്. ഷോയുടെ നിയമങ്ങൾ തെറ്റിച്ചതിനെ തുടർന്ന് അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്തുപോവേണ്ടി വന്ന മത്സരാർത്ഥിയാണ് പെളി ഫിറോസ്.
പൊളി ഫിറോസ് ബിഗ് ബോസ് വീടു വിട്ട് പുറത്തുപോവാൻ കാരണക്കാരനായത് കിടിലം ഫിറോസ് ആണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ആർമികൾ തമ്മിൽ വഴക്കുകളും സൈബർ അറ്റാക്കുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ, ബിഗ് ബോസ് വെറുമൊരു ഷോ മാത്രമാണെന്നും തങ്ങൾക്കിടയിലെ സൗഹൃദം അത്ര പെട്ടെന്ന് ഇല്ലാതാവുന്ന ഒന്നല്ലയെന്നും വ്യക്തമാക്കുകയാണ് കിടിലം ഫിറോസ്.
ഒരിടവേളയ്ക്ക് ശേഷം പൊളി ഫിറോസിനെ കണ്ടുമുട്ടിയപ്പോൾ കെട്ടിപ്പിടിച്ചും ഉമ്മവച്ചുമൊക്കെയാണ് കിടിലം ഫിറോസ് എതിരേറ്റത്. ഇതിന്റെ ചിത്രങ്ങൾ കിടിലം ഫിറോസ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
രണ്ടു ഫിറോസ്ഖാൻമാരെയും വീണ്ടും സൗഹൃദത്തിൽ ഒന്നിച്ചുകണ്ട സന്തോഷത്തിലാണ് ആരാധകരും. ബാഹുബലിയും പൽവാർ ദേവനുമാണോ ചേട്ടന്മാരെ? നിങ്ങൾ വീണ്ടും ഒന്നായോ?, ഇതിന് കിടിലം ചിത്രമെന്ന് കമന്റണോ അതോ പൊളി ചിത്രമെന്ന് കമന്റിടണോ?, എന്തൊരു സ്നേഹം, എങ്ങനെ നടന്ന പിള്ളേരാ ഇങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ. എന്തായാലും ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
Read more: ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ എന്ന്?