Bigg Boss Malayalam Season 3 Grand Finale: ഏറെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ഗ്രാൻഡ് ഫിനാലെ ഷൂട്ടിനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ. കോവിഡിന്റെ പശ്ചാത്തലത്തിൽ ഷോയുടെ നൂറുദിവസം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും വോട്ടെടുപ്പിലൂടെ അണിയറപ്രവർത്തകർ ഈ സീസണിലെ വിജയിയെ തിരഞ്ഞെടുത്തിരുന്നു. ആ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഫിനാലെയ്ക്കായി പ്രേക്ഷകരുടെ കാത്തിരിപ്പിനും ഒടുവിൽ അവസാനമാകുകയാണ്.
95-ാം ദിവസം ഷോ നിർത്തിവച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ മത്സരാർത്ഥികളെല്ലാം തന്നെ ഗ്രാൻഡ് ഫിനാലെയ്ക്കായി ചെന്നൈയിൽ എത്തിയിട്ടുണ്ട്. ഫിനാലെയിൽ അവതരിപ്പിക്കാനുള്ള പ്രോഗ്രാമുകളുടെ പ്രാക്റ്റീസ് തിരക്കിലാണ് താരങ്ങളെല്ലാം തന്നെ.
മണിക്കുട്ടൻ, അനൂപ് കൃഷ്ണൻ, ഡിംപൽ ബാൽ, കിടിലം ഫിറോസ്, ഋതു മന്ത്ര, നോബി മാർക്കോസ്, റംസാൻ മുഹമ്മദ്, സായി വിഷ്ണു എന്നിവരാണ് അവസാനറൗണ്ടിലുള്ളത്. ഇവരെല്ലാം തന്നെ ചെന്നൈയിലെത്തിയിട്ടുണ്ട്. ഒപ്പം ഷോയിൽ നിന്നും ഇതിനകം ഔട്ടായ സൂര്യ മേനോൻ, രമ്യ പണിക്കർ, സജ്ന- ഫിറോസ് ഖാൻ, ലക്ഷ്മി ജയൻ, മജിസിയ ഭാനു എന്നിവരും ഫിനാലെയിൽ പങ്കെടുക്കാനായി ചെന്നൈയിലെ ലൊക്കേഷനിൽ എത്തിയിട്ടുണ്ട്.
വൈവിധ്യമാർന്ന പരിപാടികളോടെ ഗ്രാൻഡ് ഫിനാലെ ഗംഭീരമാക്കാനാണ് ഇത്തവണ അണിയറപ്രവർത്തകരുടെ തീരുമാനം. ബിഗ് ബോസ് താരങ്ങൾക്കൊപ്പം സെലിബ്രിറ്റികളുടെ പരിപാടികളും ഇത്തവണ ഫിനാലെയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, സാനിയ ഇയ്യപ്പൻ, ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥികളായ ആര്യ, വീണ എന്നിവരും ഫിനാലെയ്ക്കായി ചെന്നൈയിലെത്തിയിട്ടുണ്ട്. ജൂലൈ 23,24 തിയതികളിലാവും ഫിനാലെ ഷൂട്ട് എന്നാണ് പുറത്തുവരുന്ന റിപ്പോട്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചാനൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. ഓഗസ്റ്റ് ആദ്യവാരത്തിൽ ഫിനാലെ എപ്പിസോഡ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
Read more: വീണ്ടുമവർ കണ്ടുമുട്ടുകയാണ് സുഹൃത്തുക്കളേ…; വൈറലായി മണിക്കുട്ടന്റെയും ഋതുവിന്റെയും വീഡിയോ