/indian-express-malayalam/media/media_files/uploads/2021/03/bigg-Boss-Malayalam-Season-3.jpg)
Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറ്റവും കരുത്തനായ മത്സരാർത്ഥികളിൽ ഒരാളാണ് മണിക്കുട്ടൻ. നല്ലൊരു പ്ലെയർ എന്ന രീതിയിലും എന്റർടെയിനർ എന്ന രീതിയിലും ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് മണിക്കുട്ടൻ. സോഷ്യൽ മീഡിയയിലും ഏറെ പേരുടെ പിന്തുണ ഈ മത്സരാർത്ഥിക്കുണ്ട്.
ഈ ആഴ്ചയിലെ '80കളിലെ കോളേജ് കാലം പുനരാവിഷ്കരിക്കുക' എന്ന ടാസ്കിലും മിന്നും പ്രകടനമാണ് മണിക്കുട്ടൻ കാഴ്ച വച്ചത്. സൈക്കിൾ ലൂയിസ് എന്ന കഥാപാത്രമായെത്തി ഷോ സ്റ്റീലർ ആയി മാറുകയായിരുന്നു മണിക്കുട്ടൻ. കൗണ്ടർ രാജാവായ നോബിയെ വരെ പിന്നിലാക്കി കളഞ്ഞു പലപ്പോഴും മണിക്കുട്ടന്റെ പെർഫോമൻസും തഗ്ഗ് ഡയലോഗുകളും.
ഇന്നലെ മണിക്കുട്ടനെ കുടുക്കാനായി ഫിറോസും സജ്നയും ഒരുക്കിയ പ്രാങ്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ടാസ്ക് ഒരുക്കിയത് ഫിറോസും സജ്നയും ചേർന്നാണെങ്കിലും ടാസ്ക് തീർന്നപ്പോൾ പ്രേക്ഷകരുടെ ഇഷ്ടം കവർന്നത് മണിക്കുട്ടനാണ്. സംഭവം ഇങ്ങനെ, ടാസ്‌ക്കിനിടെ ഒരേ ആപ്പിള്‍ സജ്‌നയും മണിക്കുട്ടനും ഒരുമിച്ച് കടിച്ചു എന്നതിനെ ചൊല്ലി സജ്നയോട് വഴക്കുണ്ടാക്കുന്ന ഫിറോസ് ദേഷ്യത്തോടെ സജ്നയുടെ മുഖത്തടിക്കുന്നു. ഭാര്യ-ഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്നം അമ്പരപ്പോടെയാണ് മറ്റ് മത്സരാർത്ഥികളും കണ്ടുനിന്നത്, അനൂപ് ഒഴികെ (പ്രാങ്കാണ് ഇതെന്ന കാര്യം ഫിറോസും സജ്നയും ആദ്യമേ അനൂപിനോട് സംസാരിച്ചിരുന്നു).
ടാസ്കിന്റെ ഭാഗമായി ചെയ്തതാണ് എന്ന് പറഞ്ഞ് സംഭവം മണിക്കുട്ടൻ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഫിറോസ് അടങ്ങിയില്ല. കിടിലം ഫിറോസും നോബിയുമെല്ലാം പ്രശ്നം തണുപ്പിക്കാൻ നോക്കിയെങ്കിലും കലിതുള്ളി കൊണ്ട് നിൽക്കുകയായിരുന്നു ഫിറോസ് ഖാൻ. തന്നെ ചൊല്ലി സജ്നയോട് ഫിറോസ് ദേഷ്യപ്പെടുന്നത് കണ്ട് സഹിക്കാനാവാത്ത മണിക്കുട്ടൻ ഒടുവിൽ, "അളിയാ, ഞാൻ നിന്റെ കാല് പിടിക്കാം. സ്ത്രീകളെ തല്ലരുത്... ഞാനത് ചെയ്തത് തെറ്റാണെങ്കിൽ നീ എന്നെ അടിച്ചോ.. പക്ഷെ സ്ത്രീകളെ ഇത്ര ക്യാമറയുള്ളപ്പോൾ തല്ലല്ലേ... ...സ്ത്രീകളെ അടിക്കരുത്," എന്ന് അപേക്ഷിക്കുകയായിരുന്നു. ഒടുവിൽ കരച്ചിലിന്റെ വക്കിലെത്തിയ മണിക്കുട്ടനോട് ഫിറോസും സജ്നയും സംഭവം പ്രാങ്കാണ് എന്ന് തുറന്നു പറഞ്ഞു. "പ്രാങ്കാണെങ്കിലും സ്ത്രീകളെ അടിക്കല്ലേ, പപ്പ അമ്മയെ അടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്," എന്നു പറഞ്ഞ് മണിക്കുട്ടൻ കരയുകയായിരുന്നു.
മണിക്കുട്ടൻ എന്ന വ്യക്തിയ്ക്ക് സ്ത്രീകളോടുള്ള ബഹുമാനം തെളിയിക്കുന്ന ഒന്നായാണ് പ്രേക്ഷകർ ഇന്നലത്തെ പ്രാങ്കിനെ നോക്കി കാണുന്നത്. ഇത്ര ജെനുവിൻ ആയിരുന്നോ ഈ മനുഷ്യൻ എന്നാണ് പ്രേക്ഷകർ അമ്പരപ്പോടെ ചോദിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും നിങ്ങളോടുള്ള ഇഷ്ടം കൂടിവരികയാണെന്നും ആരാധകർ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.