Bigg Boss Malayalam 3: ബിഗ് ബോസ് ഹൗസിലെ പതിനാലാം ദിവസം വീക്കിലി എപ്പിസോഡിനായി മത്സരാർത്ഥികളെ കാണാനെത്തിയ മോഹൻലാൽ വളരെ രോഷാകുലനായാണ് കാണപ്പെട്ടത്. വന്ന ഉടനെ സജ്ന, ഫിറോസ്, മിഷേൽ എന്നിവരോട് എണീറ്റ് നിൽക്കാൻ ആവശ്യപ്പെട്ട മോഹൻലാൽ എന്തിനാണ് എണീപ്പിച്ചു നിർത്തിയതെന്ന് മനസിലായോ എന്ന് ചോദിക്കുന്നു. ഡിംപലിന്റെ ഇഷ്യുവാണോ കാരണം എന്ന് ഫിറോസും മിഷേലും തിരിച്ച് ചോദിക്കുമ്പോൾ ദേഷ്യത്തോടെയാണ് താരം സംസാരിക്കുന്നത്.
Read more: Bigg Boss Malayalam 3: മിഷേൽ തെറ്റിച്ചത് ബിഗ് ബോസിലെ നിയമങ്ങൾ; രോഷാകുലനായി മോഹൻലാൽ
പുറത്തു നടക്കുന്ന കാര്യങ്ങൾ ഹൗസിനകത്ത് വന്ന് പറഞ്ഞതിന് മിഷേലിനെയും ഫിറോസിനെയും ശാസിക്കുകയാണ് മോഹൻലാൽ. എനിക്കു തന്ന വാക്ക് തെറ്റിച്ചതിനൊപ്പം ഗെയിമിന്റെ നിയമങ്ങളും തെറ്റിച്ചതിന് ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും മോഹൻലാൽ താക്കീത് നൽകുന്നു. പുറത്തെ കാര്യങ്ങൾ വീടിനകത്ത് സംസാരിച്ചതിനുള്ള ശിക്ഷയായി അടുത്ത ആഴ്ചയിലെ നോമിനേഷനിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മിഷേലും ഫിറോസും സജ്നയും..
കഴിഞ്ഞയാഴ്ചയാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ സജ്നയും ഫിറോസ് ഖാനും മിഷേലും ബിഗ് ബോസ് ഹൗസിലെത്തിയത്. വന്നതിന്റെ തൊട്ടു പിന്നാലെ തന്നെ ഡിംപലിനെ ഇമോഷണൽ ആയി തളർത്തുന്ന സ്ട്രാറ്റജിയാണ് മിഷേൽ സ്വീകരിച്ചത്. ഡിംപൽ ബിഗ് ബോസിൽ പറഞ്ഞ ആത്മസുഹൃത്ത് ജൂലിയറ്റിനെ കുറിച്ചുള്ള സ്റ്റോറി ഫാബ്രിക്കേറ്റഡ് ആണെന്നും പ്രേക്ഷകരുടെ സിംപതി കിട്ടാനായി ഡിംപൽ മരിച്ചുപോയ ഒരാളെ കരുവാക്കുകയാണ് എന്നുമായിരുന്നു മിഷേലിന്റെ വിമർശനം. ഇതിനെ ചൊല്ലി മിഷേലും ഫിറോസും ഡിംപലിനെ ചോദ്യം ചെയ്യുകയും ഡിംപൽ ഇരുവരോടും പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.
ക്യാപ്റ്റൻസി ടാസ്ക് നല്ല രീതിയിൽ ചെയ്ത സൂര്യയെ മോഹൻലാൽ അഭിനന്ദിച്ചു. ഒപ്പം പോയ വാരത്തെ പ്രധാന സംഭവങ്ങളെയും വീടിനകത്തു നടന്ന പ്രശ്നങ്ങളെയും കുറിച്ച് മോഹൻലാൽ മത്സരാർത്ഥികളോട് സംസാരിച്ചു.
പുതിയ രണ്ടു മത്സരാർത്ഥികളാണ് ഈ ആഴ്ച ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. ആലപ്പുഴക്കാരിയും മോഡലും സൈക്കോളജിസ്റ്റുമായ ഏഞ്ചൽ തോമസും ചങ്ക്സ് സിനിമയിൽ ജോളി മിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ രമ്യ പണിക്കരുമാണ് ബിഗ് ബോസ് വീട്ടിലെ പുതിയ താമസക്കാർ. ഇരുവരെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയതിനു ശേഷം മോഹൻലാൽ ബിഗ് ബോസ് വീടിനകത്തേക്ക് കയറ്റിവിട്ടു. ഇതോടെ വീടിനകത്ത് ഇപ്പോൾ 18 മത്സരാർത്ഥികളായി.
പുതിയ അതിഥികളെ പാട്ടും ഡാൻസുമൊക്കെ ആയാണ് മറ്റു മത്സരാർത്ഥികൾ സ്വാഗതം ചെയ്തത്. ഏഞ്ചലിനെയും രമ്യയേയും മുൻപ് പരിചയമുള്ള മത്സരാർത്ഥികളും ബിഗ് ബോസ് ഹൗസിനകത്തുണ്ട്. താൻ മണിക്കുട്ടന്റെ വലിയൊരു ആരാധികയാണ് എന്നു പറഞ്ഞുകൊണ്ടാണ് ഏഞ്ചൽ പ്രേക്ഷകർക്ക് തന്നെ പരിചയപ്പെടുത്തിയത്. വീടിനകത്ത് ചെന്നാൽ മണിക്കുട്ടനെ വീഴ്ത്താൻ നോക്കുമോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് ശ്രമിച്ചു നോക്കാം എന്നാണ് ഏഞ്ചൽ ചിരിയോടെ ഉത്തരമേകിയത്.
Read more: Bigg Boss Malayalam 3: ബിഗ് ബോസ് ഹൗസിൽ സായി ഫോൺ ഉപയോഗിച്ചോ? കൺഫ്യൂഷൻ അടിച്ച് സോഷ്യൽ മീഡിയ