Latest News

ഡിംപൽ; മലയാളികൾ മകളായി നെഞ്ചിലേറ്റിയ പെൺകുട്ടി

Bigg Boss Malayalam Season 3: മലയാളികളുടെ മനസ്സിലെ സ്റ്റീരിയോടൈപ്പ് സങ്കൽപ്പങ്ങളെല്ലാം തകർത്ത് അവരുടെ ഇഷ്ടം കവർന്ന മത്സരാർത്ഥിയാണ് ഡിംപൽ

dimpal, dimpal bhal, dimpal bhal bigg boss, dimpal manikuttan friendship

Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിലേക്ക് ഡിംപൽ ഭാൽ എന്ന പെൺകുട്ടി കടന്നു വന്നപ്പോൾ അൽപ്പം കൗതുകത്തോടെയാണ് പ്രേക്ഷകർ അവളെ നോക്കി കണ്ടത്. പാതി മലയാളിയും പാതി നോർത്തിന്ത്യനുമായ പെൺകുട്ടി, രണ്ടു സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്നവൾ, വേഷത്തിലും രൂപഭാവങ്ങളിലുമൊന്നും മലയാളിയ്ക്ക് ഒട്ടും പരിചിതമായൊരു മുഖമായിരുന്നില്ല​ അവളുടേത്. ഇംഗ്ലീഷും മലയാളവും ഹിന്ദിയും കവർന്ന സംസാരം, രീതികൾ,​ആറ്റിറ്റ്യൂഡ്… മലയാളികൾക്ക് പെട്ടെന്ന് പൊരുത്തപ്പെട്ടുപോവാൻ കഴിയുന്ന ഒരു വ്യക്തിത്വമേ അല്ലായിരുന്നു ഡിംപൽ.

പക്ഷേ, അപ്പോഴും പ്രേക്ഷകരെ അമ്പരപ്പിച്ച ഒരു ഘടകമുണ്ട്, അവളൊരു കാൻസർ സർവൈവർ ആണെന്ന വസ്തുത. നട്ടെല്ലിനെ ബാധിച്ച അപൂർവ്വമായ കാൻസറിനെ പൊരുതി തോൽപ്പിച്ച ആ പെൺകുട്ടിയിലെ ഊർജ്ജസ്വലതയും ജീവിതത്തോടുള്ള പോസിറ്റീവ് സമീപനവും ചുറുചുറുക്കുമെല്ലാം ആരാധനത്തോടെയാണ് പലരും നോക്കി കണ്ടത്. മാരകമായ അസുഖങ്ങളോ പ്രതിസന്ധികളോ വരുമ്പോൾ തളർന്നുപോവുന്ന, സ്വപ്നങ്ങൾ നഷ്ടപ്പെടുന്ന, കണ്ണിലെ പ്രകാശം നഷ്ടപ്പെടുന്ന മനുഷ്യർക്ക് മുന്നിലാണ് അതിജീവനത്തെ കുറിച്ചുള്ള സുന്ദരമായ ഒരു കവിത പോലെ ഡിംപൽ ചിരിച്ചു നിന്നത്.

അവളെപ്പോഴും മാനുഷികമൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു, വ്യക്തിസ്വാതന്ത്ര്യത്തിൽ കൈക്കടത്തുന്നവരോട് തർക്കിച്ചു. ആദ്യദിവസം തന്നെ, തന്റെ വസ്ത്രധാരണത്തെ കുറിച്ച് കമന്റടിച്ച റംസാന് ‘Never ever comment on costume’ എന്നാണ് ഡിംപൽ മറുപടി നൽകിയത്. ഈ സീസണിലെ സഹമത്സരാർത്ഥിയായ സൂര്യയെ പോലുള്ളവർ മലയാളികളുടെ സദാചാരത്തെ തൃപ്തിപ്പെടുത്താൻ പട്ടുപാവാടയും ദാവണിയുമൊക്കെ ധരിച്ചെത്തിയപ്പോൾ എന്റെ വസ്ത്രം എന്റെ സ്വാതന്ത്ര്യമാണെന്ന് ഡിംപൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞുകൊണ്ടിരുന്നു. പിന്നീടൊരിക്കലും ഡിംപലിന്റെ കുട്ടിക്കുപ്പായമോ ഡ്രസ്സിംഗ് രീതിയോ സഹമത്സരാർത്ഥികളാലോ പ്രേക്ഷകരാലോ കമന്റ് ചെയ്യപ്പെട്ടില്ലെന്നതാണ് സത്യം. ‘No means No’ എന്ന വാക്കിന്റെ പൊരുൾ കൂടെ വ്യക്തമാക്കുന്ന ഒന്നായിരുന്നു ഡിംപലിന്റെ സ്റ്റേറ്റ്‌മെന്റ്.

പൊതുബോധത്തിന്റെ ഭാഗമായ ‘മാന്യമായ വസ്ത്രധാരണം’ എന്ന പ്രയോഗത്തിൽ വരെ ഒളിഞ്ഞിരിക്കുന്ന നീതികേട് ഡിംപൽ ഒരിക്കൽ ചൂണ്ടി കാണിക്കുകയുണ്ടായി. സൂര്യ ഒരിക്കൽ സംസാരത്തിനിടെ ആ പ്രയോഗം എടുത്തിട്ടപ്പോഴായിരുന്നു അത്, “മാന്യമായ വസ്ത്രം അമാന്യമായ വസ്ത്രം എന്നൊന്നില്ല, കാണുന്നവരുടെ കാഴ്ചപ്പാടിലാണ് കുഴപ്പം,” എന്നായിരുന്നു ഡിംപലിന്റെ മറുപടി.

സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവച്ച ടാസ്കാണ് ഡിംപൽ എന്ന പെൺകുട്ടിയെ കൂടുതൽ അടുത്തറിയാൻ പ്രേക്ഷകരെ സഹായിച്ചത്. സൗഹൃദങ്ങൾക്ക് ജീവനോളം വില കൽപ്പിക്കുന്ന ഡിംപലിന്റെ വാക്കുകൾ ആരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു. കുട്ടിക്കാലത്ത് തന്നെ വിട്ടുപോയ കൂട്ടുകാരികളുടെ പേര് കൈകളിൽ ടാറ്റൂ ചെയ്ത, കൂട്ടുകാരിയുടെ മാതാപിതാക്കളെ സ്വന്തം അച്ഛനമ്മമാർക്കൊപ്പം കാണുന്ന ഡിംപലിന്റെ ഉള്ളിലെ നന്മ പ്രേക്ഷകരെയും സ്പർശിച്ചു.

പറക്കും മുൻപെ ചിറകരിയാൻ നോക്കിയ കാൻസർ രോഗത്തോട് പട പൊരുതിയവൾ…. കാൻസറുമായുള്ള ആ യുദ്ധത്തിൽ അവൾക്ക് നഷ്ടപ്പെട്ട സ്വപ്നങ്ങളെ കുറിച്ച് ആഗ്രഹങ്ങളെ കുറിച്ച് അവൾ കണ്ണീരോടെ പറഞ്ഞപ്പോൾ പ്രേക്ഷകരും അവൾക്കൊപ്പം കരഞ്ഞു.​ അത്‌ലറ്റാവാനും ട്രാക്കുകൾ കീഴ്‌പ്പെടുത്താനും ആഗ്രഹിച്ച ആ പെൺകുട്ടിയുടെ സ്വപ്നങ്ങൾക്ക് ചികിത്സാനന്തരമുള്ള സങ്കീർണ്ണതകൾ കർട്ടനിട്ടു. പക്ഷേ, മരണത്തിന്റെ പടിവാതിലോളം നടന്നു ചെന്നവൾക്ക് ജീവിച്ചിരിക്കുക എന്നതാണ് ഏറ്റവും വലിയ അനുഗ്രഹമെന്ന ബോധ്യമുണ്ടായിരുന്നു. തന്റെ പരിമിതികളെ അവൾ മറന്നു, മോഡലിംഗിലും സ്റ്റൈലിംഗുമെല്ലാം അവൾ ഇഷ്ടം കണ്ടെത്തി. താൻ കടന്നുവന്ന യാതനകൾ നിറഞ്ഞ കുട്ടിക്കാല അനുഭവങ്ങൾ അവളെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഒരു സൈക്കോളജിസ്റ്റാക്കി മാറ്റി.

ഒരിക്കലും ഫെയ്ക്ക് ആവാൻ ശ്രമിച്ചില്ല എന്നതാണ് ഡിംപൽ എന്ന മത്സരാർത്ഥിയുടെ ഏറ്റവും വലിയ പ്രത്യേകത. കരച്ചിൽ വന്നപ്പോൾ അവൾ കരഞ്ഞു, കുഞ്ഞുകുഞ്ഞു കാര്യങ്ങൾക്കു പോലും പൊട്ടിച്ചിരിച്ചു, വഴക്കുകളിൽ സിംഹത്തെ പോലെ അലറി, പക്ഷേ വഴക്കുകൾ ഒരു നാൾ അപ്പുറത്തേക്ക് അവൾ കൊണ്ടുപോയില്ല. ആരോടും നിത്യമായ ശത്രുത സൂക്ഷിച്ചില്ല. മലയാളികളുടെ എല്ലാ സ്റ്റീരിയോടൈപ്പ് സങ്കൽപ്പങ്ങളെയും ഡിംപൽ തകർത്തു കളഞ്ഞു, അവളെന്ത് ധരിക്കുന്നു എന്നതോ അവളുടെ മലയാളത്തിലെ വ്യാകരണശുദ്ധിയില്ലായ്മയോ ഒന്നും പ്രേക്ഷകർക്ക് പ്രശ്നമായില്ല. അവളുടെ വാക്കുകൾ നമ്മളെ ചിന്തിപ്പിച്ചു, പ്രേക്ഷകർ പോലുമറിയാതെ അവരുടെ സ്നേഹം കവരുകയായിരുന്നു ഡിംപൽ. മണിക്കുട്ടൻ പറഞ്ഞതുപോലെ, മലയാളികൾ മകളായി നെഞ്ചിലേറ്റിയ പെൺകുട്ടിയായി ഡിംപൽ മാറി.

അവളുടെ വാക്കുകൾ പലതും ഉറച്ച സ്റ്റേറ്റ്മെന്റുകളായി മാറി, പ്രേക്ഷകർ അത് ആഘോഷിച്ചു. മുറിപ്പാടുകൾ അല്ല നിങ്ങളെ നിർവച്ചിക്കുന്നതെന്നും എന്റെ മുറിപ്പാടുകളിൽ എനിക്ക് ലജ്ഞ തോന്നുന്നില്ലെന്നും അവൾ പറഞ്ഞു. ഡിംപലിന്റെ ‘I am not ashamed of my scar’ എന്ന വാക്കുകളോട് ‘എത്ര മനോഹരമായ സ്റ്റേറ്റ്മെന്റ്’ എന്നാണ് മോഹൻലാൽ പ്രതികരിച്ചത്. ഒരു ടാസ്കിനിടെ അസുഖത്തെ ഡിംപൽ സ്ട്രാറ്റജിയായി ഉപയോഗിക്കുന്നു എന്ന കിടിലം ഫിറോസിന്റെ ക്രൂരമായ പരിഹാസം കേൾക്കേണ്ടി വന്നിട്ടും, കിടിലം ഫിറോസ് ബിഗ് ബോസ് വീട്ടിൽ തുടരണോ വേണ്ടയോ എന്ന കാര്യം ഡിംപലിന് തീരുമാനിക്കാം എന്ന് മോഹൻലാലും ബിഗ് ബോസും വിട്ടുകൊടുത്തിട്ടും തന്റെ സഹമത്സരാർത്ഥിയോട് ക്ഷമിച്ച് ഡിംപൽ മാതൃകയായി. “ഞാൻ അദ്ദേഹത്തോട് ക്ഷമിക്കുന്നു, എന്തെന്നാൽ ചെയ്തുപോയതിൽ അദ്ദേഹം മാനസാന്തരപ്പെട്ടതുകൊണ്ടല്ല, എന്റെ മാനസമാധാനം എനിക്കും എന്റെ മാതാപിതാക്കൾക്കും ഏറെ പ്രധാനമായത് കൊണ്ടാണ്,” എന്നാണ് ഡിംപൽ മോഹൻലാലിനോട് പറഞ്ഞത്.

ഡിംപൽ എന്ന സുഹൃത്ത്


ബിഗ് ബോസ് മലയാളത്തിന്റെ മുൻ സീസണുകളെ അപേക്ഷിച്ച് പ്രേക്ഷകരുമായി മാനസികമായും വൈകാരികമായും ഇത്രയേറെ അടുപ്പം തോന്നിപ്പിച്ച രണ്ടു മത്സരാർത്ഥികൾ ഡിംപലും മണിക്കുട്ടനുമാണ്. ആണും പെണ്ണും തമ്മിലുള്ള സൗഹൃദത്തെ എപ്പോഴും മറ്റൊരു കണ്ണിലൂടെ നോക്കി കാണുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കുകയായിരുന്നു ഡിംപലും മണിക്കുട്ടനും. ബിഗ് ബോസ് ഹൗസിൽ എത്തുമ്പോൾ ഒരർത്ഥത്തിൽ തുല്യദുഖിതരായിരുന്നു മണിക്കുട്ടനും ഡിംപലും. കോവിഡ് കാലത്ത് തന്നെ വിട്ടുപിരിഞ്ഞ റിനോജ് എന്ന സുഹൃത്തിന്റെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും പൂർണമായി മുക്തനായിരുന്നില്ല മണിക്കുട്ടൻ. ജൂലിയറ്റെന്ന സുഹൃത്ത് വിട്ടുപിരിഞ്ഞിട്ട് രണ്ടു പതിറ്റാണ്ട് പൂർത്തിയാവുമ്പോഴും ആ നഷ്ടം നികത്താൻ ഡിംപലിനും കഴിഞ്ഞിരുന്നില്ല. സമാനമായ മാനസികാവസ്ഥകളാവാം, ഡിംപലിനും മണിക്കുട്ടനും ഇടയിൽ അപ്രതീക്ഷിതമായി ഒരു സൗഹൃദം സാധ്യമാക്കിയത്. രണ്ടു ജീവിതസാഹചര്യങ്ങളിൽ നിന്നുള്ള, തീർത്തും വ്യത്യസ്ത അഭിരുചികളുള്ള രണ്ടുപേർക്കിടയിൽ ഏറ്റവും സ്വാഭാവികതയോടെ അതിമനോഹരമായൊരു സൗഹൃദം പിറക്കുന്നതിന് സാക്ഷിയാവുകയായിരുന്നു ബിഗ് ബോസ് പ്രേക്ഷകർ.

മാനസിക സമ്മർദ്ദം താങ്ങാനാവാതെ, ആരോടും യാത്ര പറയാൻ നിൽക്കാതെ, മണിക്കുട്ടൻ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞപ്പോൾ പൊട്ടികരയുന്ന ഡിംപലിനെ കണ്ട് ഉള്ളുലയാത്ത പ്രേക്ഷകരുണ്ടാവില്ല. ബിഗ് ബോസ് മണിക്കുട്ടനെ തിരികെ വീട്ടിലേക്ക് എത്തിച്ചപ്പോൾ, ഒരു കുഞ്ഞിനെ പോലെ ഓടിവന്ന് കെട്ടിപ്പിടിക്കുന്ന ഡിംപലിനെയും പ്രേക്ഷകർ കണ്ടതാണ്. എന്തിനാണ് നീ പറയാതെ പോയതെന്ന ചോദ്യത്തിന് അറിയാതെ പറ്റിപ്പോയി എന്ന മണിക്കുട്ടന്റെ മറുപടി മാത്രം മതിയായിരുന്നു ‘യു ഓകെ? ദെൻ എവരിതിങ്ങ് ഓകെ,” എന്നു പറഞ്ഞ് ഡിംപലിന് തന്റെ ചങ്ങാതിയെ ചേർത്തുപിടിക്കാൻ.

സൗഹൃദങ്ങൾ ഏറ്റവും മനോഹരമാകുന്നത് അത് ‘മ്യൂച്ചൽ’ ആവുമ്പോഴാണ്, നൽകുന്ന സ്നേഹവും കരുതലും ആത്മാർത്ഥതയും അതുപോലെ തിരിച്ചുലഭിക്കുക എന്നത് മഹാഭാഗ്യമാണ്. അങ്ങനെ നോക്കുമ്പോൾ ഡിംപലും മണിക്കുട്ടനും ഭാഗ്യം ചെയ്തവരാണ്, മത്സരബുദ്ധിയോടെ മാത്രം മുന്നേറുന്ന ഒരു പറ്റം മനുഷ്യർക്കിടയിൽ നിന്നും അവർക്ക് ലഭിച്ച സത്യസന്ധമായ സൗഹൃദം ആരിലും അസൂയ ഉണർത്തുന്നതാണ്.

സൗഹൃദത്തിൽ മണിക്കുട്ടനും ഡിംപലിനും ഒരേ മുഖമാണ്, മണിക്കുട്ടൻ പോയപ്പോൾ തകർന്നുപോയ ഡിംപലിനെ പ്രേക്ഷകർ കണ്ടതാണ്, ഇപ്പോൾ ഡിംപലിന്റെ അഭാവത്തിൽ മാനസികമായി തളർന്ന മണിക്കുട്ടനും ഓർമിപ്പിക്കുന്നത് ആ കൂട്ടുക്കെട്ടിലെ ഇഴയടുപ്പത്തെ തന്നെയാണ്. ചുറ്റുമുള്ളവരെല്ലാം മത്സരബുദ്ധിയിലേക്കും ഗെയിം സ്പിരിറ്റിലേക്കും തിരിച്ചെത്തിയിട്ടും, ഡിംപലിന്റെ നഷ്ടമെത്ര വലുതാണെന്ന് മനസ്സിലാക്കി അതിൽ ദുഖിതനായിരിക്കുന്ന മണിക്കുട്ടനെയാണ് കഴിഞ്ഞ എപ്പിസോഡുകളിലെല്ലാം പ്രേക്ഷകർ കണ്ടത്.

ഡിംപലിനെ കഴിയുമെങ്കിൽ തിരിച്ചുകൊണ്ടുവരണം എന്ന് ബിഗ് ബോസിനോട് അഭ്യർത്ഥിക്കുന്നുമുണ്ട് മണിക്കുട്ടൻ. തീർച്ചയായും ഫൈനൽ ഫൈവിലെത്താൻ യോഗ്യതയുള്ള മത്സരാർത്ഥിയാണ് ഡിംപൽ എന്ന ഉത്തമബോധ്യവും മണിക്കുട്ടനുണ്ട്. ബിഗ് ബോസ് ചരിത്രം മാറ്റികുറിച്ച് ടൈറ്റിൽ വിന്നർ ആവാൻ വരെ കാലിബറുള്ള വ്യക്തിയെന്നാണ് മണിക്കുട്ടൻ ഡിംപലിനെ വിശേഷിപ്പിക്കുന്നത്. ഡിംപൽ തിരിച്ചെത്തി ടൈറ്റിൽ വിന്നർ ആയാലും അതിലേറ്റവും അധികം സന്തോഷിക്കുന്ന വ്യക്തിയും മണിക്കുട്ടനാവും. തന്റെ ചങ്ങാതിയുടെ വിജയത്തിൽ നിസ്വാർത്ഥമായി സന്തോഷിക്കാൻ തനിക്കാവുമെന്ന് കൂടിയാണ് ഇന്നലത്തെ മണിക്കുട്ടന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

Read more: Bigg Boss Malayalam 3: ഡിംപലിനെ തോളിലെടുത്ത് മണിക്കുട്ടൻ; പ്രേക്ഷകരുടെ മനസ് കവരുന്ന സൗഹൃദം

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 dimpal bhals bigg boss journey

Next Story
Bigg Boss Malayalam Season 3 Latest Episode 30 April Highlights: ഡിംപലിന്റെ അഭാവത്തിലും ഡിമ്പലിനെ ഓർക്കുന്ന സഹ മത്സരാർഥികൾBigg Boss, Bigg Boss Nattukoottam Jail nomination, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com