Bigg Boss Malayalam Season 3 Troll Video: ബിഗ് ബോസ് മലയാളം സീസൺ അഞ്ച് ആഴ്ച പിന്നിടുമ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും ബിഗ് ബോസ് വിശേഷങ്ങളാണ്. ട്രോളുകളും ഫാൻസ് ആർമികൾ തമ്മിലുള്ള ഏറ്റുമുട്ടലുകളുമൊക്കെയായി ബിഗ് ബോസ് വിശേഷങ്ങളാണ് എങ്ങും. ഇപ്പോഴിതാ, മണിക്കുട്ടനും ഡിംപലും തമ്മിലുള്ള സംസാരത്തിനിടയിലെ ഹിന്ദി ഡയലോഗുകളാണ് ട്രോൾ ചെയ്യപ്പെടുന്നത്.
ഡിംപലിന്റെ ഹിന്ദിയുടെ അർത്ഥം ചോദിക്കാൻ വീട് മൊത്തം അലയുന്ന മണിക്കുട്ടൻ എന്ന അടിക്കുറിപ്പോടെയാണ് ഈ ട്രോൾ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച വീക്ക്ലി എപ്പിസോഡിനിടെ ഡിംപലിനോട് സായിയുമായുള്ള പ്രശ്നം ചോദിച്ച് മനസ്സിലാക്കുന്നതിനിടയിൽ മോഹൻലാൽ ശബ്ദമുയർത്തി സംസാരിച്ചിരുന്നു. ഇത് ഡിംപലിന് വളരെ വിഷമം ഉണ്ടാക്കുകയും പിന്നീട് മജിസിയയോടും മണിക്കുട്ടനോടും ഇതിനെ കുറിച്ച് ഡിംപൽ സംസാരിക്കുകയും ചെയ്തിരുന്നു.
ബിഗ് ബോസ് വീട്ടിൽ മലയാളം മാത്രം സംസാരിക്കുക എന്ന നിയമം പലപ്പോഴും മത്സരാർത്ഥികൾ മറക്കാറുണ്ട്. ആ നിയമം മറന്ന് സങ്കടം വന്നപ്പോൾ ഹിന്ദിയിലായിരുന്നു ഡിംപലിന്റെ സംസാരം.
ബിഗ് ബോസ് മലയാളം സീസണിലെ ശക്തരായ മത്സരാർത്ഥികളിൽ രണ്ടുപേരാണ് മണിക്കുട്ടനും ഡിംപലും. പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി മുന്നോട്ട് പോവുന്ന മണിക്കുട്ടനും ഡിംപലിനും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ഫൈനൽ ഫൈവിൽ ഉണ്ടാവാൻ ഏറെ സാധ്യതയുള്ള രണ്ടു മത്സരാർത്ഥികളായാണ് ഇരുവരെയും പ്രേക്ഷകരും നോക്കി കാണുന്നത്.