Bigg Boss Malayalam, Inside Big Boss House: വീടു വിട്ട്, നാടു വിട്ട്, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നൂറു ദിവസം അതുവരെ തീർത്തും അപരിചിതമായൊരു വീട്ടിൽ കഴിയാനെത്തുന്ന പതിനേഴുപേർ. നിറക്കൂട്ടുകളും അതിമനോഹരമായ കാഴ്ചകളും അത്യാധുനിക സൗകര്യങ്ങളുമായി അവരെ വരവേൽക്കുകയാണ് ചെന്നൈ പൂനമല്ലിയ്ക്ക് അടുത്തെ ചെമ്പരൻപാക്കം ഇവിപി ഫിലിം സിറ്റിയിൽ ഒരുക്കിയ ബിഗ് ബോസ് ഹൗസ്.
ബിഗ് ബോസിന്റെ ലോഗോ പതിച്ച ഡോർ വലിച്ചു തുറന്നാൽ ബിഗ് ബോസ് ഹൗസിന് അകത്തേക്ക് പ്രവേശിക്കാം. കൗതുകമുണർത്തുന്ന നിരവധിയേറെ കാഴ്ചകളാണ് 6000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഈ ‘ബിഗ്’ ഹൗസിന് അകത്ത് ഡിസൈനർ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. പ്രശസ്ത ഡിസൈനറായ വർഷയാണ് ഈ വലിയ വീടിന്റെ ശില്പി. ഏതാണ്ട് ഒന്നരമാസത്തോളം സമയമെടുത്താണ് വർഷയും ടീമും വീടിന്റെ നിർമാണജോലികൾ പൂർത്തീകരിച്ചിരിക്കുന്നത്.
Read Here: Bigg Boss Malayalam 2 Recap: ‘ബിഗ് ബോസ് 2‘‘ മുപ്പതു ദിനം കടക്കുമ്പോള്‍
കേരള സ്റ്റൈലിലുള്ള വലിയൊരു പടിപ്പുരവാതിലാണ് വീടിനകത്തേക്ക് അതിഥികളെ സ്വാഗതം ചെയ്യുന്നത്. ഇടതുവശത്ത് ജിം ഏരിയയും വലതു ഭാഗത്തായി വലിയൊരു നീന്തൽകുളവും സജ്ജീകരിച്ചിട്ടുണ്ട്. നീന്തൽ കുളത്തിനും ജിമ്മിനും അരികിലായി ഇരിപ്പിടങ്ങളും നൽകിയിരിക്കുന്നു. നീന്തൽകുളത്തിന് അരികിലെ ഇരിപ്പിടത്തിനു അടുത്തായി വെർട്ടിക്കൽ ഗാർഡൻ നൽകിയ ഒരു ഏരിയ കാണാം. ഇതിനു പിറകിലാണ് ആദ്യസീസണിൽ ‘അധോലോകം’ എന്നു പേരുവീണ സ്മോക്കിംഗ് റൂം.
എട്ട് എന്ന അക്കത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് സ്വിമ്മിംഗ് പൂളിന്റെ ഡിസൈൻ. ഈ ‘എട്ടിന്റെ കുളം’ മത്സരാർത്ഥികൾക്ക് എന്തൊക്കെ ടാസ്ക് ആണ് കാത്തുവച്ചിരിക്കുന്നതെന്ന് കണ്ടു തന്നെ അറിയണം. സ്വിമ്മിന് പൂളിന് അഭിമുഖമായി അഴികൾ ഇട്ടൊരു ഏരിയ കൂടി കാണാം. ഇതാണ് ബിഗ് ബോസ് ഹൗസിലെ ജയിൽ. ആദ്യ സീസണിലും ജയിൽ എന്ന ആശയം ഉണ്ടായിരുന്നെങ്കിലും ഇടയ്ക്കിടെ മത്സരാർത്ഥികൾ ബാത്ത് റൂമിൽ പോവാനും മറ്റുമായി പുറത്തിറങ്ങിയിരുന്നു. ഇത്തവണ അതൊഴിവാക്കാൻ ജയിൽ ഏരിയയ്ക്ക് അകത്തു തന്നെ ഒരു ടോയ്‌ലറ്റും നൽകിയിട്ടുണ്ട്.
മാരിവില്ലിന്റെ അഴകോടെ അകത്തളങ്ങൾ
ഏറെ നിറപ്പകിട്ടോടെയാണ് ഇത്തവണ ബിഗ് ബോസ് ഹൗസ് ഒരുക്കിയിരിക്കുന്നത്. മഴവിൽ നിറങ്ങളിൽ വിരിയുന്ന അലങ്കാരക്കാഴ്ചകളാണ് എങ്ങും. വീടിനകത്തേക്ക് പ്രവേശിക്കുന്ന പാസേജിന്റെ ഇരുവശത്തും കൊത്തുപണികൾ നിറഞ്ഞ ഫ്രെയിമോട് കൂടിയ വലിയ കണ്ണാടികൾ സ്ഥാപിച്ചിട്ടുണ്ട്. രഥത്തെ ഓർമിപ്പിക്കുന്ന രീതിയിലാണ് ഈ കണ്ണാടികളുടെ ഡിസൈൻ.
മുന്നോട്ട് നടക്കുമ്പോൾ ഡൈനിംഗ്/ ലിവിംഗ് ഏരിയയും കിച്ചനും ചേർന്ന വലിയൊരു ഓപ്പൺ സ്‌പേസിലേക്കാണ് എത്തുക. വാഴയിലയുടെ ആകൃതിയിലൊരുക്കിയ വലിയൊരു ടേബിളാണ് ഡൈനിംഗ് ഏരിയയുടെ പ്രത്യേകത. നെറ്റിപ്പട്ടം കെട്ടിയ ആനയെ ഓർമ്മിപ്പിക്കുന്ന ഡിസൈനാണ് കിച്ചന്റെ പ്രത്യേകത. കളർഫുളായ ഡിസൈനിലാണ് ലിവിംഗ് ഏരിയയും ഒരുക്കിയിരിക്കുന്നത്. ലിവിംഗ് ഏരിയയ്ക്ക് അരികിലെ ചുമരിൽ പനമ്പിൽ തീർത്ത കേരളത്തിന്റെ ഒരു ഭൂപടവും നൽകിയിട്ടുണ്ട്. ചുണ്ടൻ വെള്ളവും മുത്തുക്കുടകളും വാഴയും തെങ്ങുമെല്ലാം ചിത്രങ്ങളായി നിറയുന്ന ചുമരിൽ ജയൻ മുതൽ ദുൽഖർ സൽമാൻ വരെയുള്ള ഏതാനും താരങ്ങളുടെ കാരിക്കേച്ചർ രൂപങ്ങളും വരച്ചുവെച്ചിട്ടുണ്ട്.
ലിവിംഗ് ഏരിയയ്ക്കും കിച്ചനുമിടയിലായി സ്യൂട്ട്കേസുകൾ അടുക്കിവെച്ചൊരു ചുമർ കാണാം. കാഴ്ചയ്ക്ക് കൗതുകമുണർത്തുന്ന ഈ ചുമരിനോട് ചേർന്നു നൽകിയ വാതിൽ തുറക്കുന്നത് കൺഫെഷൻ റൂമിലേക്കാണ്. മത്സരാര്‍ത്ഥികൾക്ക് ബിഗ് ബോസിനോടും തിരിച്ച് ബിഗ് ബോസിന് മത്സരാർത്ഥികളോടും സംസാരിക്കാനായി ഒരുക്കിയ കൺഫെഷൻ റൂമിന്റെ ഡിസൈനും വളരെ ഗ്രാൻഡ് ആയിട്ടാണ്.
തോമസുകുട്ടി വിട്ടോടാ…
ബിഗ് ബോസ് ഹൗസിന്റെ നടുത്തളത്തിൽ അങ്ങിങ്ങായി ചെറിയ സിറ്റിംഗ് ഏരിയകളും ഒരുക്കിയിട്ടുണ്ട്. മലയാള സിനിമയിലെ രസകരമായ ഡയലോഗുകൾ എഴുതി വെച്ച ഒരു ചുമരും ഇവിടെ കാണാം. എന്തുപറ്റി രമണാ, സാധനം കയ്യിലുണ്ടോ, കലങ്ങിയില്ല, അപ്പോൾ ക്ലച്ചിടുമ്പോൾ ഗിയർ അമർത്തണം ല്ലേ, തോമസുകുട്ടി വിട്ടോടാ, അങ്ങനെ പവനായി ശവമായി, എങ്കിലേ എന്നോട് പറ ഐ ലവ് യൂന്ന്, ഇതൊക്കെയെന്ത് എന്നിങ്ങനെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഡയലോഗുകൾ ഇവിടെ ചുമരിൽ എഴുതിയിട്ടുണ്ട്. ഈ ചുമരിനോട് ചേർന്നാണ് ബിഗ് ബോസ് ഹൗസിലെ സ്റ്റോർ റൂം വരുന്നത്.
കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി വേർത്തിരിവുകളില്ലാതെയാണ് ഇത്തവണ കിടപ്പുമുറികൾ ഒരുക്കിയിരിക്കുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും കിടപ്പു മുറികൾക്കിടയിൽ വലിയ പാർട്ടീഷൻ ഒന്നും നൽകിയിട്ടില്ല. രണ്ടു ബെഡ് റൂമുകളുടെയും കളർ തീമും ഒരുപോലെയാണ്. മുറ്റത്തു നിന്നും വരാന്തയിൽ നിന്നും കയറാവുന്ന രീതിയിൽ ജിം ഏരിയയ്ക്ക് അടുത്തായാണ് ശുചിമുറികൾ നൽകിയിരിക്കുന്നത്. ബിഗ് ബോസ് വീട്ടില്‍ ക്യാമറയില്ലാത്ത ഏക സ്ഥലം ശുചിമുറിയാണ്. മറ്റു മുറികളിലും വീടിനു ചുറ്റുമായി 60മുതൽ 65 ഓളം ക്യാമറകൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്.
The writer was at the Big Boss house on invitation from Asianet