Bigg Boss Malayalam Season 2: ബിഗ് ബോസിന്റെ രണ്ടാം സീസൺ ഒന്നര ആഴ്ച പിന്നിടുമ്പോൾ ബിഗ് ബോസ് ഹൗസിലെ അന്തരീക്ഷവും കലുഷിതമായി തുടങ്ങുകയാണ്. ആദ്യനാളുകളിലെ അപരിചിതത്വവും ഔപചാരികതകളുമെല്ലാം മാറി ചിലർക്കിടയിൽ സൗഹൃദവും സ്വരചേർച്ചയില്ലായ്മയുമെല്ലാം വന്നുതുടങ്ങിയിരിക്കുകയാണ്. ആദ്യ എലിമിനേഷൻ കഴിഞ്ഞപ്പോൾ പതിനേഴു പേരിൽ ആർക്കും തന്നെ പുറത്തുപോവേണ്ടി വന്നില്ലെങ്കിലും, മത്സരാർത്ഥികൾ പരസ്പരമുള്ള അഭിപ്രായങ്ങൾ തുറന്നുപറയുകയും വിമർശനാത്മകമായി സമീപിക്കുകയും ചെയ്തതോടെ ചെറിയ ചെറിയ അഭിപ്രായഭിന്നതകളും ഭിന്നതകളും വീടിനകത്ത് തലപൊക്കി തുടങ്ങിയിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസൺ 2 വിലെ മത്സരാർത്ഥികളുടെ ഇതുവരെയുള്ള വീടിനകത്തെ ഇടപെടലുകൾ ഒന്നുനോക്കാം

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

രാജിനി ചാണ്ടി

കൂട്ടത്തിൽ പ്രായം കൂടിയ മത്സരാർത്ഥിയായ രാജിനി ചാണ്ടിയ്ക്ക് ആദ്യദിവസങ്ങളിൽ എല്ലാവർക്കും സർവ്വസമ്മതയായ ഒരു അമ്മയുടെയോ/ ചേച്ചിയുടെയോ ഒക്കെ ഇമേജായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ്, ഹൗസിലെ ആദ്യ ക്യാപ്റ്റനെ തീരുമാനിക്കാൻ ബിഗ് ബോസ് പറയുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായി രാജിനി ചാണ്ടിയെ തെരെഞ്ഞെടുത്തതും. രാജിനി ചാണ്ടി എന്തെങ്കിലും പറഞ്ഞാൽ അതു ചെയ്യാൻ പറ്റില്ല എന്ന് ആർക്കും ആദരവു കൊണ്ട് പറയാൻ പറ്റില്ല, അതിനാൽ ക്യാപ്റ്റനായി നിർദ്ദേശിക്കുന്നു എന്നായിരുന്നു മിക്ക മത്സരാർത്ഥികളും പറഞ്ഞത്.

എന്നാൽ ക്യാപ്റ്റൻ റോളിൽ രാജിനി ചാണ്ടി എത്തിയതോടെ അവരുടെ നിലപാടുകളിൽ മത്സരാർത്ഥികളിൽ പലർക്കും അതൃപ്തിയുണ്ട്. അലീന, ഫുക്രു, ഷാജി, പ്രദീപ് എന്നിങ്ങനെ ചിലരോട് മാത്രം കൂടുതൽ സൗഹാർദ്ദത്തിൽ പെരുമാറുന്നു, അലക്സാൻട്ര, രേഷ്മ എന്നിവരെ അവഗണിക്കുന്നു തുടങ്ങിയ പരാതികൾ ബിഗ് ബോസ് ഹൗസിനകത്ത് ഉയരുന്നുണ്ട്. പരീക്കുട്ടിയ്ക്കും അല്ലറചില്ലറ പ്രശ്നങ്ങൾ രാജിനി ചാണ്ടിയുമായി ഉണ്ട്. ക്യാപ്റ്റൻ സമത്വത്തോടെ പെരുമാറിയില്ലെന്ന് ഹൗസ് മെന്പേഴ്സിൽ തന്നെ വിലയിരുത്തുമ്പോഴും അത്യാവശ്യം പ്രേക്ഷക പിന്തുണയുള്ള മത്സരാർത്ഥിയാണ് രാജിനി ചാണ്ടി.

വ്യക്തിബന്ധങ്ങൾക്കിടയിലെ ചെറിയ ചെറിയ അസ്വസ്ഥതകൾ രാജിനി ചാണ്ടി എങ്ങനെ നോക്കി കാണുന്നു, അവയോട് എങ്ങനെ പ്രതികരിക്കും, മറ്റു മത്സരാർത്ഥികളോട് എങ്ങനെ പെരുമാറും തുടങ്ങുന്ന കാര്യങ്ങൾ ആവും വരുംദിവസങ്ങളിൽ രാജിനി ചാണ്ടിയുടെ നിലനിൽപ്പിനെ നിർണയിക്കുക.

ഡോ. രജിത്

ബിഗ് ബോസിൽ വേറെ ലെവൽ കളി തുടങ്ങിയ ഒരേ ഒരു മത്സരാർത്ഥി ഡോ. രജിത് ആണെന്നു പറയേണ്ടി വരും. വന്നപ്പോൾ മുതൽ ബിഗ് ബോസ് ഹൗസിലെ ക്യാമറക്കണ്ണുകൾ തന്നിലേക്ക് തിരിയാനുള്ള കളികൾ ഒക്കെ രജിത് തുടങ്ങിയിരുന്നു. വന്ന കയറിയ ഉടനെ തന്നെ, പിന്നീട് വന്ന മത്സരാർത്ഥികൾക്ക് വെള്ളം കൊടുക്കുന്ന ജോലി തുടങ്ങി വെച്ചപ്പോൾ മുതൽ ഷോയുടെ ശ്രദ്ധ രജിത് കുമാർ കവരുന്നുണ്ട്.

മറ്റു മത്സരാർത്ഥികൾ കളിയാക്കുന്നതുപോലെ പാത്രമറിയാതെയാണ് പലപ്പോഴും രജിത് കുമാർ വിളമ്പുന്നതെങ്കിലും, അവശ്യഘട്ടങ്ങളിലും അനാവശ്യമായുമെല്ലാം ഒട്ടുമിക്ക എല്ലാ പ്രശ്നങ്ങളിലും ചർച്ചകളിലും രജിത് കുമാർ ഇടപെടുന്നുണ്ട്. രജിതിന്റെ തുറന്ന സംസാരവും സഹമത്സരാർത്ഥികളുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടുന്നതുമെല്ലാം വീടിനകത്ത് തന്നെ രജിതിന് ശത്രുക്കളെ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. മറ്റു മത്സരാർത്ഥികൾ കാണിക്കുന്ന ക്ഷമ സംവാദങ്ങളോട് രജിത് തിരിച്ച് കാണിക്കാത്തതും മുറുമുറുപ്പുണ്ടാക്കുന്നുണ്ട്.

എല്ലാവരും കൂടെ തനിക്കെതിരെ കളിക്കുന്നു എന്ന രീതിയിലാണ് രജിത് കാര്യങ്ങളെ സമീപിക്കുന്നത്. ആളുടെ തനിയെ ഉള്ള സംസാരവും സ്ട്രാറ്റജിയും പ്ലാനുകളുമെല്ലാം വരുംദിവസങ്ങളിൽ ബിഗ് ബോസ് വീടിനകത്തെ കളികൾ സംഘർഷഭരിതമാക്കും എന്ന സൂചനകളാണ് നല്ലത്.

Read more: igg Boss Malayalam: ആശുപത്രികളിലെ ചൂഷണവും കടന്നുപോയ വേദനകളും; ദുരനുഭവം പങ്കുവച്ച് ബിഗ് ബോസ് മത്സരാർത്ഥികൾ

അലീന പടിക്കൽ

നിലവിൽ വലിയ ഗ്രൂപ്പ് കളികൾ ഇല്ലാതെ എല്ലാവരോടും ഇടപെടുന്ന മത്സരാർത്ഥിയാണ് അലീന. ഫുക്രു മുതൽ രാജിനി ചാണ്ടി വരെയുള്ള​ ആളുകളോട് നല്ല സൗഹൃദം സൂക്ഷിക്കുന്നുണ്ട് അലീന. സുരേഷ് പോലുള്ള സീനിയർ മത്സരാർത്ഥികളുമായും നല്ല റാപ്പോ ഉണ്ടാക്കാൻ അലീനയ്ക്ക് കഴിയുന്നുണ്ട്. വീട്ടിലെ ജോലികളിലും എന്റർടെയിന്റമെന്റിലുമെല്ലാം സജീവമായി തന്നെ അലീനയുടെ ഇടപെടലുണ്ട്. നിലവിൽ വലിയ പ്രശ്നങ്ങളിലോ പ്രതിസന്ധികളിലോ അലീന പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വീടിനകത്തെ അന്തരീക്ഷം വരുംദിവസങ്ങളിൽ സങ്കീർണ്ണമാകുമ്പോൾ, പ്രതിസന്ധികൾ വരുമ്പോൾ ഇതേ ബാലൻസ് ആറ്റിറ്റ്യൂഡിൽ തന്നെ അലീനയ്ക്ക് പെരുമാറാനാവുമോ എന്നതാണ് കണ്ടറിയേണ്ടത്.

ആർ ജെ രഘു

എന്തും മടിയില്ലാതെ വെട്ടിതുറന്നു പറയുന്ന, സരസനായ ഒരു മത്സരാർത്ഥിയാണ് രഘു. തനി കോഴിക്കോടൻ ഭാഷയിലുള്ള രഘുവിന്റെ സംസാരവും മാനറിസങ്ങളും രഘുവിന് നല്ല സ്ക്രീൻ പ്രസൻസ് നൽകുന്ന കാര്യങ്ങളാണ്. ഒരു ആർ ജെ എന്ന രീതിയിൽ അനുദിനം സമൂഹത്തിന്റെ പലതുറകളിലുള്ള ആളുകളോട് സംസാരിച്ചും മറ്റുമുള്ള രഘുവിന്റെ പരിചയവും ബിഗ് ബോസ് ഹൗസിനകത്ത് അയാൾക്ക് ഗുണം ചെയ്യുന്നുണ്ട് എന്നുവേണം അനുമാനിക്കാൻ. ആളുകളെ വിമർശിക്കുമ്പോഴും അധികം വേദനിപ്പിക്കാതെ തനിക്കു പറയാനുള്ളത് അവരെ ബോധ്യപ്പെടുത്താൻ രഘുവിന്റെ സരസമായ സമീപനത്തിനു കഴിയുന്നുണ്ട്. രജത് കുമാറിനെ കുറിച്ചുള്ള രഘുവിന്റെ കമന്റ് തന്നെ അതിന് ഉദാഹരണം, “നിങ്ങളൊരു ബുക്ക് പോലെയാണ്, വേണ്ടവർക്ക് എടുത്തു വായിക്കാം, അല്ലെങ്കിൽ ഷെൽഫിൽ വെയ്ക്കാം,” എന്നാണ് രജത് കുമാറിനോട് രഘു പറയുന്നത്. നിലവിൽ വീട്ടിലെ ആൺപ്രജകൾക്കും പെൺപ്രജകൾക്കും വലിയ പരാതികളൊന്നുമില്ലാത്ത ഒരു മത്സരാർത്ഥിയാണ് രഘു.

സാജു നവോദയ

ഹാസ്യവേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ സാജുവിന്റെ മറ്റൊരു മുഖമാണ് പ്രേക്ഷകർ ബിഗ് ബോസ് ഹൗസിൽ കാണുന്നത്. പത്തുമക്കളിൽ ഒരുവനായി കഷ്ടപ്പാട് നിറഞ്ഞ ബാല്യത്തിലൂടെ വളർന്നു വന്ന, സ്വപ്രയത്നം കൊണ്ട് ജീവിതത്തിൽ വിജയിച്ച സാജുവിനെ പ്രേക്ഷകർ കുറച്ചുകൂടി അടുത്തുകണ്ടത് ‘നിന്നെ അറിയാം’ എന്ന ടാസ്കിൽ ആവാം. ജീവിതത്തിൽ ചെയ്തുകൂട്ടിയ തെറ്റുകൾക്കെല്ലാം പശ്ചാത്തപിക്കുന്ന, ഭാര്യയോട് അഗാധമായ സ്നേഹമുള്ള, മക്കളില്ല എന്നതിൽ വിഷമിക്കുന്ന ഒരു കുടുംബസ്ഥനെ സാജുവിൽ കാണാൻ കഴിയുന്നുണ്ട്. വ്യക്തിയെന്നതിനപ്പുറം ബിഗ് ബോസ് വീട്ടിലെ മറ്റു അംഗങ്ങളോടുള്ള പെരുമാറ്റത്തിലും അയാൾ ഒരു സൗമ്യനാണ്.

നിലവിൽ വേറെ ലെവൽ കളികളുടെ തലത്തിലേക്ക് ഉയർന്നിട്ടില്ല സാജു എന്നതാണ് എടുത്ത് പറയേണ്ട ഒരുകാര്യം. എന്നാൽ ഈ ആഴ്ചയിൽ ക്യാപ്റ്റൻസി റോളിലേക്ക് എത്തിയതോടെ കാര്യങ്ങൾ കുറച്ചുകൂടി റിസ്ക്കിയാവും സാജുവിനെ സംബന്ധിച്ച് എന്നുവേണം അനുമാനിക്കാൻ.

Read more: Bigg Boss Malayalam: പ്രായമല്ല പക്വതയുടെ അളവുകോൽ; ഉദാഹരണം ഫുക്രു

സുരേഷ് കൃഷ്ണൻ

പൂർണമായും പ്രേക്ഷകർക്ക് പിടികൊടുക്കാത്ത ഒരു മത്സരാർത്ഥിയാണ് സുരേഷ് കൃഷ്ണൻ. കാഴ്ചയിൽ ഒരു തണുപ്പൻ പ്രതികരണം കാത്തുസൂക്ഷിക്കുന്ന സുരേഷ് കൃഷ്ണനെ പോലെ ഒരാളെ എന്തുകൊണ്ടാവും ബിഗ് ബോസിലേക്ക് തിരഞ്ഞെടുത്തത് എന്ന് ചിലരെങ്കിലും ചിന്തിച്ചുകാണും. എന്നാൽ ആ എൻട്രി വെറുതെയല്ലെന്ന് കാണിക്കുന്ന പ്രകടനമായിരുന്നു കഴിഞ്ഞ ആഴ്ച സുരേഷ് കൃഷ്ണൻ കാഴ്ചവച്ചത്. തന്നേക്കാൾ പ്രായം കുറഞ്ഞ മത്സരാർത്ഥികളോടെല്ലാം ഒരു വല്യേട്ടനെ പോലെ പെരുമാറുന്ന സുരേഷ്, രജിത് കുമാറിനു പക്ഷേ ഒരു എതിരാളിയാണ്. രജിതിന്റെ വാദങ്ങളുടെ മുനയൊടിക്കുക, ശക്തമായി വിമർശിക്കുക തുടങ്ങിയ കാര്യങ്ങൾ സുരേഷ് സ്വയമേവ ഏറ്റെടുത്തതു പോലെയാണ് അയാളുടെ ഇടപെടലുകൾ. ബിഗ് ബോസ് ഗെയിമിനേക്കാൾ സുരേഷിന്റെ ഫോക്കസ് രജിത് ആണെന്നു പറയാം. സുരേഷിന്റെ വിമർശനങ്ങൾ രജിതിനും നല്ല രീതിയിൽ കൊള്ളുന്നുണ്ട്. സുരേഷ്- രജിത് എന്നീ രണ്ടു ദ്വന്ദ്വങ്ങൾ ബിഗ് ബോസ് ഹൗസിനെ പലപ്പോഴും ശബ്ദമുഖരിതമാക്കുന്നുണ്ട്.

ആര്യ

ഈ സീസണിലെ പ്ലേമേക്കർ എന്നു വിശേഷിപ്പിക്കാവുന്ന ഒരു മത്സരാർത്ഥി ആര്യയാണ്. ബിഗ് ബോസ് എന്ന ഗെയിമിനെ കുറിച്ചും തന്റെ ഇടപെടലുകളെ കുറിച്ചും നല്ല ബോധ്യവും ആര്യയ്ക്കുണ്ട്. വീടിനകത്തെ ആര്യ സംസാരിക്കുന്നതും ഇടപെടുന്നതുമെല്ലാം വളരെ സൂക്ഷിച്ചും ചിന്തിച്ചുമാണ്. അതിനാൽ തന്നെ, ജെനുവിൻ എന്നതിനേക്കാൾ പലപ്പോഴും ഫേക്കായ പെരുമാറ്റം എന്നൊരു ഇമേജാണ് ആര്യയുണ്ടാക്കുന്നത്. എന്നിരുന്നാലും, ഷോയുടെ അവസാനം വരെ പോവാൻ സാധ്യതയുള്ള മത്സരാർത്ഥികളുടെ പട്ടികയിൽ ആര്യയ്ക്കും ഇടമുണ്ട്. നിലവിൽ വീണയുമായാണ് ആര്യയ്ക്ക് പറയത്തക്ക സൗഹൃദമുള്ളതെങ്കിലും മറ്റു മത്സരാർത്ഥികളുമായെല്ലാം ആരോഗ്യകരമായൊരു അടുപ്പം സൂക്ഷിക്കാൻ ആര്യ ശ്രമിക്കുന്നുണ്ട്.

ഫുക്രു

ഇതുവരെ ബ്രില്ല്യന്റായി കളിച്ച ഒരു പ്ലെയർ ആണ് ഫുക്രു. ഫേക്ക് ആവാൻ പോവാതെ ആദ്യദിനം മുതൽ തന്നെ ജെനുവിൻ ആയി പെരുമാറി എന്നതാണ് ഫുക്രുവിന്റെ പ്ലസ്. ഫുക്രു വിരോധികൾ കൂടി, ജെനുവിൻ ആയ മത്സരാർത്ഥിയാണല്ലോ ഈ പയ്യൻ എന്ന് വിധിയെഴുതി തുടങ്ങിയിടത്താണ് ഫുക്രു വിജയിക്കുന്നതും. വീട്ടിലെ ഏറ്റവും ഇളയവനായിട്ടും മുതിർന്നവരേക്കാൾ പക്വതയോടെയുള്ള ഫുക്രുവിന്റെ ഇടപെടലുകളും ശ്രദ്ധേയമാണ്. ഗെയിമിനെ കുറിച്ചും ഫുക്രുവിന് നല്ല ബോധ്യമുണ്ട്.

Read more: Bigg Boss Malayalam Season 2: എലീനയുടെ കാര്യം സീനാണ്; കുറ്റം കണ്ടെത്തി ബിഗ് ബോസ് അംഗങ്ങള്‍

മഞ്ജു പത്രോസ്

വൈകാരികമായി അൽപ്പം ദുർബലയായൊരു മത്സരാർത്ഥി എന്ന ഇമേജാണ് മഞ്ജു പത്രോസ് ഉണ്ടാക്കുന്നത്. പെട്ടെന്ന് കരയുന്നു, ചെറിയ കാര്യങ്ങൾക്കു വരെ പേടിക്കുന്നു അത്തരം കാര്യങ്ങളെല്ലാം തന്നെ ഒരു വ്യക്തിയെന്ന രീതിയിൽ മഞ്ജുവിനെ ദുർബലയാക്കുന്നുണ്ട്. കൂടുതൽ ബുദ്ധിമുട്ടേറിയ ടാസ്ക്കുകളിലേക്കും ഗെയിം സെക്ഷനുകളിലേക്കുമൊക്കെ പോവുമ്പോൾ മഞ്ജു അതിനെയെങ്ങനെ നേരിടുമെന്നത് കണ്ട് തന്നെ അറിയേണ്ടി വരും. ചെറിയ ഗ്രൂപ്പു കളികളിലും അറിഞ്ഞോ അറിയാതെയോ മഞ്ജു പെട്ടുപോവുന്നുണ്ട്.

വീണ നായർ

ആദ്യദിവസങ്ങളിൽ കരച്ചിലൂടെയാണ് വീണ സ്ക്രീൻ കവർന്നത്. എന്നാൽ ഒരു തൊട്ടാവാടിയൊന്നുമല്ല വീണയെന്ന് പ്രേക്ഷകർക്കും മനസ്സിലാവുന്ന രീതിയിലാണ് വീണയുടെ ഇടപെടലുകൾ. ഫുക്രുവിനൊപ്പം തമാശകളും കുട്ടിക്കളികളുമായി ചെലവഴിക്കാൻ ആണെങ്കിലും പെൺകൂട്ടത്തിന്റെ സംസാരത്തിൽ ആണെങ്കിലും രജത് കുമാറിനെ വിമർശിക്കാനാണെങ്കിലുമൊക്കെ വീണ മുൻനിരയിൽ തന്നെയുണ്ട്. അവഗണിക്കാനാവാത്തൊരു സാന്നിധ്യം തന്നെയാണ് ബിഗ് ബോസ് ഹൗസിൽ വീണ.

തെസ്നിഖാൻ

കൃത്യമായി കണക്റ്റ് ചെയ്യാനാവുന്ന ഒരു സഹമത്സരാർത്ഥിയെ ആ വീട്ടിൽ കണ്ടെത്താൻ ആയിട്ടില്ല എന്നതാണ് തെസ്നിയെ കുറിച്ചു പറയേണ്ട കാര്യം. ഒരു ജനറേഷൻ ഗ്യാപ്പിലേക്ക് തന്നെ സ്വയമെടുത്തു വയ്ക്കുന്നുണ്ട് തെസ്നി. ഗെയിമിന്റെ ആ ട്രാക്കിലേക്ക് ഇതുവരെ പൂർണമായും വരാൻ തെസ്നിഖാന് കഴിഞ്ഞില്ലെന്നു പറയേണ്ടി വരും. സ്ക്രീൻ പ്രസൻസ് ഉണ്ടാക്കുന്നതിലും തെസ്നി പരാജയപ്പെട്ടുപോവുന്നുണ്ട്.

സോമരാജ്

പൊതുവെ തണുപ്പൻ നിലപാടുള്ള ഒരു മത്സരാർത്ഥിയാണ് സോമരാജ്. പാട്ടുപാടുക, വീട്ടുകാരെ എന്റർടെയിൻ ചെയ്യിപ്പിക്കുക എന്നതിൽ കവിഞ്ഞ് വലിയ ലക്ഷ്യങ്ങളൊന്നുമില്ല എന്നു തോന്നും സോമരാജിന്റെ ഇടപെടലുകൾ കണ്ടാൽ. ബിഗ് ബോസ് ഗെയിം എന്താണെന്ന് അത്ര കണ്ട് പിടികിട്ടിയിട്ടുണ്ടോ എന്നും സംശയമാണ്. അതുകൊണ്ടു തന്നെ എലിമിനേഷൻ പ്രക്രിയ ശക്തമാവുമ്പോൾ ലിസ്റ്റിൽ വരാൻ സാധ്യതയുള്ള ഒരു പേരും സോമരാജിന്റേതാണ്.

സിജോ

ഏറെക്കുറെ സോമരാജിനെ പോലെ തന്നെയാണ് സിജോയുടെ കാര്യവും. ഗെയിമിന്റെ ട്രാക്കിലേക്ക് സിജോ ഇതുവരെ വന്നിട്ടില്ല. കൃത്യമായ ഡയറ്റും ജിമ്മുമൊക്കെയായി കഴിഞ്ഞ സിജോയെ സംബന്ധിച്ച് പുതിയ സാഹചര്യങ്ങളിലേക്ക് ഒത്തുപോവാൻ ആവാത്ത പ്രശ്നമുണ്ട് നിലവിൽ. തന്റെ പ്രോട്ടീൻ പൗഡർ വരാൻ വൈകുന്നതിലുള്ള ടെൻഷനാണ് സിജോയെ അലട്ടുന്നത്.

അലക്സാൻട്ര

ഒരു ബ്യൂട്ടി ക്വീൻ ഇമേജ് ബിഗ് ബോസ് ഹൗസിൽ ആദ്യം മുതൽ തന്നെ അലക്സാൻട്രയ്ക്ക് ഉണ്ട്. പൊതുവെ ആർക്കും പരാതികൾ ഇല്ലാത്ത ഒരു സാന്നിധ്യമാണ് അലക്സാൻട്ര.

അലക്സാൻട്രയ്ക്കും സിജോയ്ക്കും ഇടയിൽ ഒരു പ്രണയം ഉണ്ടാക്കിയെടുക്കാനുള്ള ചില ശ്രമങ്ങൾ ഗെയിമിന്റെ ഭാഗമായി നടക്കുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം. രജിത് കുമാർ കൊളുത്തിവിട്ട ആ പ്രണയ ചിന്തയ്ക്ക് ആക്കം കൂട്ടുന്ന രീതിയിൽ നാടകീയമായ ചില സംഭവങ്ങൾ ഹൗസിനകത്ത് കഴിഞ്ഞ ആഴ്ച സംഭവിക്കുകയുമുണ്ടായി. പ്രപ്പോസൽ ടാസ്ക്കിൽ അലക്സാൺട്രയ്ക്ക് പറത്തികളിക്കാൻ ഒരു ഫ്ളൈറ്റ് തന്നെ ഓഫർ ചെയ്യുന്നുണ്ട് സിജോ. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ മോഹൻലാലും അക്കാര്യം എടുത്തുപറയുന്നുണ്ട്. ഒന്നാം സീസണിലെ ‘പേളിഷ്’ സീരീസിന് തുടർച്ചയാവുമോ സിജോ- അലക്സാൻട്ര സൗഹൃദമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

പരീക്കുട്ടി

നിലവിൽ വലിയ പ്രേക്ഷക പിന്തുണ നേടാൻ കഴിയാത്തൊരു മത്സരാർത്ഥിയാണ് പരീക്കുട്ടി. മുന്നും പിന്നും നോക്കാതെയുള്ള സംസാരവും രജിത് കുമാർ വിഷയത്തിൽ മുൻകോപത്തോടെയുള്ള പ്രതികരണവുമെല്ലാം പരീക്കുട്ടിയ്ക്ക് നെഗറ്റീവ് ആയി മാറുന്ന ഘടകങ്ങളാണ്. രാജിനി ചാണ്ടിയുമായുള്ള അസ്വസ്ഥതകളാണ് പരീക്കുട്ടിയുടെ ഇപ്പോഴത്തെ പ്രശ്നം. പ്രതിസന്ധികളിൽ പരീക്കുട്ടി എത്രത്തോളം സമചിത്തതയോടെ പെരുമാറുന്നു എന്നത് പരീക്കുട്ടിയുടെ മുന്നോട്ടുള്ള നിലനിൽപ്പുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണ്.

രേഷ്മ രാജൻ

തന്റേതായൊരു സ്പെയ്സ് ഉണ്ടാക്കിയെടുക്കാൻ രേഷ്മയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അലക്സാൻട്ര മാത്രമാണ് രേഷ്മയ്ക്ക് ബിഗ് ബോസ് ഹൗസിൽ കണക്റ്റ് ചെയ്യാൻ കഴിയുന്ന വ്യക്തി. തന്റെ അഭിപ്രായങ്ങൾ സധൈര്യം തുറന്നു പറയുന്ന സ്വഭാവമാണ് രേഷ്മയുടെ പ്ലസ് ആയി എടുത്തു പറയേണ്ടത്. എന്നിരുന്നാലും, വരും ആഴ്ചകളിൽ ആക്റ്റീവായി തന്നെ ഇടപെട്ടാൽ മാത്രമേ രേഷ്മയ്ക്ക് ഇനിയങ്ങോട്ടുള്ള യാത്ര സുഗമമാകൂ.

പ്രസാദ്

എല്ലാവർക്കും സർവ്വസമ്മതനായ മത്സരാർത്ഥിയാണ് പ്രസാദ്. എന്നാൽ ഗെയിം ലെവലിലേക്ക് പ്രസാദ് വരുന്നതേയുള്ളൂ. മുന്നോട്ടുള്ള ടാസ്കുകളിലൂടെയും ബുദ്ധിപരമായ ഇടപെടലുകളിലൂടെയും എലിമിനേഷനിൽ പെടാതെ മുന്നോട്ടുപോവുക എന്നതാണ് പ്രസാദിനു മുന്നിലുള്ള വെല്ലുവിളി.

Read more: igg Boss Malayalam: ഇതാണ് ലാലേട്ടൻ പറഞ്ഞ എട്ടിന്റെ കുളം; കൗതുകക്കാഴ്ചകൾ ഒളിപ്പിച്ച് ബിഗ് ബോസ് ഹൗസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook