ബിഗ് ബോസ്സ് ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ടിക്‌ടോക് വീഡിയോകളിലൂടെ ദശലക്ഷകണക്കിന് ആളുകളുടെ ഇഷ്ടം കവർന്ന ഫുക്രു എന്ന കൃഷ്ണ ജീവ്. ബൈക്ക് സ്റ്റണ്ടറും ഡിജെയുമെല്ലാമായ ഈ ഇരുപത്തി മൂന്നുകാരൻ കൊട്ടാരക്കാര സ്വദേശിയാണ്. സമൂഹമാധ്യമങ്ങളിലെ പോപ്പുലാരിറ്റിയാണ് ഫുക്രുവിനെ ബിഗ് ബോസ് ഹൗസിലെത്തിച്ചത്. പ്രേക്ഷകർക്ക് ഇഷ്ടമുള്ള മത്സരാർത്ഥിയെ നിർദ്ദേശിക്കാൻ ചാനൽ അവസരം നൽകിയപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ഉയർന്നുകേട്ട പേരുകളിൽ ഒന്ന് ഫുക്രുവിന്റേതായിരുന്നു. ഫുക്രുവും ബിഗ് ബോസിലുണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ സെലക്ഷൻ എന്ന വിമർശനങ്ങളുമായും ചിലർ രംഗത്തെത്തിയിരുന്നു.
എന്നാൽ ബിഗ് ബോസ് ഹൗസിൽ ആറു ദിനങ്ങൾ പൂർത്തിയാകുമ്പോൾ ഏറ്റവും ജെനുവിനായി പെരുമാറുന്ന മത്സരാർത്ഥികളിൽ ഒരാൾ ഫുക്രുവാണ്. ബിഗ് ബോസ് ഹൗസിനകത്തു നടക്കുന്ന സംഭവവികാസങ്ങളിൽ ഫുക്രു എടുക്കുന്ന നിലപാടുകളും പ്രശ്നങ്ങളെ സമീപിക്കുന്ന രീതിയിലും പ്രേക്ഷകരെ ഇംപ്രസ് ചെയ്യുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡുകൾ കാണിക്കുന്നത്. ഉദാഹരണമായി എടുത്തു പറയാവുന്നത്, രജിത് കുമാർ പ്രശ്നത്തിൽ ഫുക്രു പെരുമാറിയ രീതി തന്നെയാണ്.
രജിത് കുമാറിന്റെ തുറന്നുപറച്ചിലുകൾ കൃത്യമായി മനസ്സിലാക്കാതെ പോയ വ്യക്തികളിൽ ഒരാൾ ഫുക്രുവായിരുന്നു. രജിത് കുമാർ പറഞ്ഞ കഥയിൽ അവ്യക്തത തോന്നിയപ്പോൾ, മറ്റു മത്സരാർത്ഥികൾ കൂട്ടം ചേർന്ന് രജിത് കുമാറിനെ ഒറ്റപ്പെടുത്തിയപ്പോൾ, കഥയറിയാതെ ആട്ടം കാണാൻ നിൽക്കാതെ നേരിട്ട് പോയി രജിത് കുമാറിനോട് സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കുകയാണ് ഫുക്രു ചെയ്തത്. തന്റെ സംശയങ്ങൾ ദുരീകരിച്ച്, കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം മാത്രമാണ് ഫുക്രു തന്റെ അഭിപ്രായങ്ങൾ രജിത് കുമാറിനോട് തുറന്നു പറയുന്നത്. ആ പ്രശ്നത്തിൽ ബിഗ് ബോസ് ഹൗസിൽ ഏറ്റവും പക്വമായി പെരുമാറിയ ഒരാൾ ഫുക്രുവാണെന്ന് തന്നെ എടുത്തു പറയണം. ഫുക്രുവിനെക്കാൾ അനുഭവപരിചയമുള്ള പരീക്കുട്ടിയെ പോലുള്ള മത്സരാർത്ഥികൾ പോലും രോഷാകുലരായാണ് ആ സാഹചര്യത്തെ നേരിട്ടത്. പ്രായമല്ല പക്വതയുടെ അളവുകോൽ എന്ന് തെളിയിക്കുകയായിരുന്നു ഫുക്രു.
Read more: Bigg Boss Malayalam: എട്ടാം ക്ലാസുകാരിയെ പ്രണയിച്ച കൃഷ്‌ണജീവ്; ഫുക്രു നമ്മള്‍ വിചാരിച്ച ആളല്ല!
ബിഗ് ബോസ് ഹൗസിലെ ഫുക്രുവിന്റെ ഇടപെടലുകളും കണ്ടിരിക്കാൻ രസകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. എല്ലാ മത്സരാർത്ഥികളോടും സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഫുക്രുവിന്റെ ഇടപെടലുകൾ. പ്രായത്തിൽ മൂത്ത രജനി ചാണ്ടി മുതൽ അലക്സാൻട്ര വരെയുള്ള പെൺപടയുടെയും രജത് കുമാർ മുതൽ സുജോ മാത്യു വരെയുള്ള ആൺപടയുടെയും ഇഷ്ടക്കാരനാണ് ഫുക്രു. കുസൃതികളും രസകരമായ കഥകളുമൊക്കെയായി ബിഗ് ബോസ് ഹൗസിനെ ലൈവാക്കി നിലനിർത്തുന്നതിലും ഫുക്രുവിന് നല്ലൊരു റോളുണ്ട്.
തന്റെ രസകരമായ പ്രണയാനുഭവം തുറന്നുപറഞ്ഞ് ഫുക്രു പ്രേക്ഷകരുടെയും കയ്യടി നേടിയിരുന്നു. സ്‌കൂളില്‍ പഠിക്കുന്നസമയത്ത് തന്നേക്കാള്‍ ഇളയ, എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയോട് തോന്നിയ പ്രണയത്തെക്കുറിച്ചായിരുന്നു ഫുക്രു പറഞ്ഞത്. പ്രണയക്കഥ ഹൗസ് മെമ്പേഴ്സുമായി പങ്കിടുമ്പോഴും ആ പെൺകുട്ടിയുടെ പേരും മറ്റുവിവരങ്ങളും സ്വകാര്യതയും വെളിപ്പെടുത്താതിരിക്കാൻ ഫുക്രു ശ്രദ്ധിച്ചു എന്നതും പ്രധാനമാണ്.
താരതമ്യേന ശാന്തമായ അന്തരീക്ഷമാണ് ബിഗ് ബോസിൽ ഇപ്പോഴുള്ളത്. എലിമിനേഷനും ടാസ്ക്കുകളും വെല്ലുവിളികളുമൊക്കെയായി ബിഗ് ബോസ് ഹൗസിലെ അന്തരീക്ഷം കലുഷിതമാവാൻ ഇരിക്കുന്നതേയുള്ളൂ. വരും ദിനങ്ങളിൽ, ബിഗ് ബോസ് ഹൗസിലെ സംഭവവികാസങ്ങളിലും ഉലയാതെ ജെനുവിനായി പെരുമാറാൻ ഫുക്രുവിനു കഴിയുമോ എന്നത് കണ്ടറിയണം.
Read more: Bigg Boss Malayalam 2: ‘ബിഗ് ബോസ്’ ഹൗസിലേക്കുള്ള രജിത് കുമാറിന്റെ എൻട്രിയ്ക്ക് പിറകിൽ