Bigg Boss Malayalam: രോഗികളെയും ബന്ധുക്കളെയും സാമ്പത്തികമായി ചൂഷണം ചെയ്യുകയും അനധികൃതമായി മരുന്നു പരീക്ഷണങ്ങൾക്ക് വിധേയരാക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ ആരോഗ്യമേഖലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആതുരസേവന രംഗത്തെ അത്തരം ചില അന്യായങ്ങൾ (മാൽപ്രാക്റ്റീസ്) ചൂണ്ടി കാണിക്കുന്ന കാഴ്ചകളാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്.

‘നിന്നെ അറിയാൻ’ എന്ന വീക്കിലി ടാസ്ക്കിൽ ആര്യ തന്റെ ജീവിതാനുഭവങ്ങൾ തുറന്നു പറയുന്നതിനിടയിലാണ് അച്ഛന്റെ അസുഖവും ആശുപത്രി വാസവുമൊക്കെയായി ബന്ധപ്പെട്ട് ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവച്ചത്. ഇടയ്ക്കിടയ്ക്ക് വരുന്ന അച്ഛന്റെ അസുഖത്തെ കുറിച്ചും ചികിത്സ വരുത്തി വെച്ച ബാധ്യതകളെ കുറിച്ചുമെല്ലാം കണ്ണുനിറഞ്ഞുകൊണ്ടാണ് ആര്യ സംസാരിച്ചത്.

Read Also: ഞാൻ ടോയ്‌ലറ്റിലെ വെള്ളം കുടിച്ചിട്ടുണ്ട്, പക്കായാണ്: രജിത് കുമാർ

അച്ഛന്റെ അവസാന നാളുകളിലെ വെന്റിലേറ്റർ ദിനങ്ങളും ആര്യ ഓർത്തെടുത്തു. ഒരിക്കൽ അച്ഛന്റെ കൈകൾ വല്ലാതെ തണുത്തിരിക്കുന്നതായി കണ്ടപ്പോൾ ബിപി എത്രയാണെന്ന് നഴ്സിനോട് അന്വേഷിച്ചപ്പോൾ 25ൽ താഴെ എന്നായിരുന്നു ഉത്തരം. അത്രയും ബിപി കുറഞ്ഞ അവസ്ഥയിൽ അച്ഛനിൽ ഇപ്പോഴും ജീവനുണ്ടോ എന്ന് തനിക്ക് തിരക്കേണ്ടി വന്നെന്നും ആര്യ പറഞ്ഞു. ആ ചോദ്യത്തിനു പിന്നാലെയാണ്​ ആശുപത്രി അധികൃതർ ധൃതിപിടിച്ച് വെന്റിലേറ്റർ നീക്കി അച്ഛന്റെ മരണം സ്ഥിരീകരിച്ചതെന്ന് ആര്യ തുറന്നു പറയുന്നു. “അന്ന് ഞാനത് ചോദിച്ചില്ലായിരുന്നെങ്കിൽ മരണം സ്ഥിരീകരിക്കാതെ അച്ഛനെ വെന്റിലേറ്ററിൽ കിടത്തി വീണ്ടും ചിലപ്പോൾ അവർ കഷ്ടപ്പെടുത്തിയേനെ,” എന്നാണ് കണ്ണീരോടെ ആര്യ വെളിപ്പെടുത്തിയത്.

ആതുരമേഖലയിൽ നിന്നും പലപ്പോഴായി ഉയർന്നു കേട്ട പരാതികളിൽ കഴമ്പുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ആര്യയുടെ തുറന്നുപറച്ചിലും. ആര്യയ്ക്ക് പിന്നാലെ ബിഗ് ബോസ് ഹൗസിലെ മറ്റു മത്സരാർത്ഥികളായ വീണ നായർ, സോമദാസ് എന്നിവരും തങ്ങൾ നേരിട്ട ചൂഷണത്തെ കുറിച്ചും സംസാരിച്ചു. അച്ഛന്റെ ആശുപത്രിവാസക്കാലത്ത് ഹോസ്പിറ്റലിൽ നിന്നും സൗജന്യമായി മരുന്നു നൽകിയ കാര്യം താൻ ഓർക്കുന്നുവെന്നും അത് മരുന്നു പരീക്ഷണമായിരുന്നോ എന്ന് തനിക്ക് സംശയമുണ്ടെന്നും വീണ ആര്യയോട് പറയുന്നുണ്ട്. ആര്യക്കുണ്ടായ സമാനമായ അനുഭവമാണ് സോമരാജനുമുള്ളത്. വെന്റിലേറ്ററിൽ കിടത്തി അച്ഛനെ ചികിത്സിച്ചപ്പോൾ സംശയം തോന്നി അച്ഛനിപ്പോഴും ജീവനോടെ ഉണ്ടോ എന്ന് താൻ തിരക്കിയതായി സോമുവും തുറന്നു പറയുന്നു.

ആശുപത്രിക്കാർ തങ്ങളോടും തങ്ങളുടെ പ്രിയപ്പെട്ടവരോടും ചെയ്ത ക്രൂരതകളാണ് ഈ മത്സരാർഥികൾ പങ്കുവയ്ക്കുന്നത്. ഒപ്പം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന ചില ചൂഷണങ്ങളിലേക്ക് കൂടിയാണ് ഇവരുടെ വാക്കുകൾ കൂട്ടികൊണ്ടുപോവുന്നത്. മരണം സംഭവിച്ച ആളെ വെന്റിലേറ്ററിൽ കിടത്തി, ചികിത്സിക്കുന്നു എന്ന വ്യാജേന ദിവസങ്ങളോളം ബന്ധുക്കളെ സാമ്പത്തികമായി ചൂഷണം ചെയ്ത നിരവധി പരാതികൾ കേരളത്തിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വെന്റിലേറ്റര്‍ നീക്കം ചെയ്തു മരണം നടന്നതായി രേഖപ്പെടുത്തിയ സമയത്തിന് ദിവസങ്ങള്‍ക്കു മുൻപെ തന്നെ യഥാർത്ഥത്തിൽ മരണം നടന്നതായി കാണിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളും സമൂഹമനസാക്ഷിയെ പിടിച്ചു കുലുക്കിയിരുന്നു. രോഗിയെ ഡോക്ടറുടെ കൈയില്‍ ഏല്‍പ്പിച്ചു പുറത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബന്ധുക്കളുടെ ആകുലതകള്‍ക്ക് തെല്ലും വിലകൽപ്പിക്കാതെ, ചൂഷണാത്മകമായ സമീപനം കാഴ്ചവയ്ക്കുന്ന ആതുരരംഗത്തെ മാൽപ്രാക്റ്റീസുകളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ഒന്നുകൂടി ക്ഷണിക്കാൻ ബിഗ് ബോസ് ഹൗസിലെ ഈ തുറന്നുപറച്ചിലുകൾക്ക് സാധിക്കുന്നുണ്ട്.

Read more: Bigg Boss Malayalam: പ്രായമല്ല പക്വതയുടെ അളവുകോൽ; ഉദാഹരണം ഫുക്രു

പരാതികളുടെ അടിസ്ഥാനത്തിൽ, മസ്തിഷ്‌ക മരണം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ആരോഗ്യവകുപ്പ് നിയോഗിച്ചിരുന്നു. കൂടുതൽ ജാഗ്രതയോടെയും മനുഷ്യത്വപരമായും ആരോഗ്യമേഖല ഇടപെടേണ്ടതിന്റെ ആവശ്യകതയെ തന്നെയാണ് ഇത്തരം ദുരനുഭവങ്ങളും ഓർമ്മിപ്പിക്കുന്നത്.

‘ബിഗ് ബോസ്’ ഒരു റിയാലിറ്റി ഷോയ്ക്ക് അപ്പുറം, പ്രേക്ഷകരുമായും സമൂഹമായും സംവദിക്കുന്നത് ഇത്തരം ചില സ്വാനുഭവങ്ങൾ കൂടി അതിൽ കലരുമ്പോഴാണ്. താരതമ്യേന, സെലബ്രിറ്റികളായ ഈ മത്സരാർത്ഥികൾ പോലും ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോവുമ്പോൾ, സാധാരണക്കാർ എത്രത്തോളം ചൂഷണം ചെയ്യപ്പെടുന്നു എന്ന ചോദ്യം കൂടി ഉയരുകയാണ്.

Read more: Bigg Boss Malayalam 2, January 10 Written Live Updates: വിവാഹമോചനത്തിലേക്ക് നയിച്ച 85 ശതമാനം തെറ്റും എന്റേതാണ്: ആര്യ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook