ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥികളായിരുന്നു ആര്യയും സുജോ മാത്യുവും. ബിഗ് ബോസ് വീട് വിട്ടിറങ്ങിയതിനു ശേഷം സുജോയെ ആദ്യമായി നേരിൽ കണ്ട സന്തോഷം പങ്കിടുകയാണ് ആര്യ.
“ബിഗ് ബോസ് ഒരു ഗെയിം മാത്രമാണ്, ഇതാണ് യഥാർത്ഥ ജീവിതം! മൂന്നു വർഷങ്ങൾക്കു ശേഷം ഒടുവിൽ സുജോ പറന്നിറങ്ങാൻ തീരുമാനിച്ചു. ഈ രണ്ടുപേരും എ്റെ ജീവിതത്തിൽ വളരെ പ്രത്യേക സ്ഥാനമുള്ള രണ്ടുപേരാണ്. ഞങ്ങൾ എല്ലാ ദിവസവും കണ്ടുമുട്ടുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല, പക്ഷേ പരസ്പരം അറിയാത്തതായി ഒന്നുമില്ല! നിങ്ങളെ രണ്ടുപേരെയും ഞാൻ സ്നേഹിക്കുന്നു. ബിഗ് ബോസ് കാരണം എനിക്ക് സംഭവിച്ച രണ്ട് നല്ല കാര്യങ്ങൾ ഇവരാണ്,” ആര്യ കുറിച്ചു. ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ആർജെ രഘുവിനെയും വീഡിയോയിൽ കാണാം.
ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ആര്യ. ഡാൻസർ, അവതാരക എന്നീ നിലകളിൽ തിളങ്ങുന്ന ആര്യ അഭിനേത്രി എന്ന രീതിയിലും ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. പതിനഞ്ചോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ആര്യ അവതരിപ്പിച്ചിട്ടുണ്ട്. ഒരു ബിസിനസ് സംരംഭക കൂടിയാണ് ആര്യ ഇന്ന്. സ്വന്തമായി ഒരു ബൊട്ടീകും ‘കാഞ്ചിവരം’ എന്ന പേരിൽ സാരികളുടെ ഒരു ബ്രാൻഡും ആര്യ നടത്തുന്നുണ്ട്.