Bigg Boss Malayalam: ബിഗ് ബോസ് വേദിയിലെ മോഹൻലാലിന്റെ മാപ്പു പറച്ചിൽ ചിലരെയെങ്കിലും അമ്പരപ്പിച്ചിട്ടുണ്ടാവും. എന്തിനാണ് മോഹൻലാൽ മാപ്പു പറഞ്ഞത് എന്നാണ് മുൻ എപ്പിസോഡുകൾ കാണാതെ പോയ ആരാധകരുടെ സംശയം. ധർമജൻ അതിഥിയായി എത്തിയ എപ്പിസോഡിലായിരുന്നു വിവാദങ്ങൾക്ക് ആസ്പദമായ സംഭവം നടന്നത്.
1985ൽ പുറത്തിറങ്ങിയ ‘ഉയരും ഞാൻ നാടാകെ’ എന്ന ചിത്രത്തിലെ ‘മാതള തേനുണ്ണാൻ’ എന്നു തുടങ്ങുന്ന ഗാനം ധർമജൻ ഷോയ്ക്കിടെ പാടി. ഈ ഗാനം ആരാണ് പാടിയതെന്ന് അറിയാമോ എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. തനിക്കറിയില്ലെന്ന് ധർമജൻ പറഞ്ഞപ്പോൾ താനാണ് ഈ ഗാനം പാടിയതെന്നായിരുന്നു മോഹൻലാലിന്റെ മറുപടി. എന്നാൽ മോഹൻലാലിന്റെ വാദം തെറ്റാണെന്ന് കാണിച്ച് ഗായകൻ വിടി മുരുളി രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.
Read Here: Bigg Boss Malayalam 2 Recap: ‘ബിഗ് ബോസ് 2‘‘ മുപ്പതു ദിനം കടക്കുമ്പോള്‍
കഴിഞ്ഞ ദിവസത്തെ എലിമിനേഷൻ എപ്പിസോഡിൽ ഈ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ടായിരുന്നു മോഹൻലാലിന്റെ മാപ്പു പറച്ചിൽ. 33 വർഷത്തോളം പഴക്കമുള്ള ഒരു സിനിമയിലെ ഗാനമാണെന്നും ‘ഞാന്‍ പാടി’ എന്നതുകൊണ്ട് ഉദ്ദേശിച്ചത് സിനിമയില്‍ പാടി അഭിനയിച്ചു എന്നാണെന്നും പക്ഷേ ചിലര്‍ ആ പ്രസ്താവന തെറ്റിദ്ധരിക്കുകയായിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. തെറ്റിദ്ധാരണ ഉണ്ടായതിൽ മാപ്പ് പറയുന്നുവെന്നും താരം പറഞ്ഞു.
എലിമിനേഷനിൽ പുറത്തായ രാജിനി ചാണ്ടിയോട് സംസാരിക്കുന്നതിനിടയിൽ ആയിരുന്നു മോഹൻലാലിന്റെ പ്രതികരണം.