Bigg Boss Malayalam 2: ബിഗ് ബോസ് വീട്ടിൽ നിന്നു കണ്ണിന്റെ അസുഖംമൂലം മാറിനിന്നിരുന്ന ദയ അച്ചു, രേഷ്‌മ, എലീന എന്നിവർ മത്സരത്തിലേക്ക് മടങ്ങിയെത്തിയ കാഴ്‌ചയാണ് ഇന്നലെ കണ്ടത്. ഒരു ഇടവേളയ്‌ക്കു ശേഷം മടങ്ങിയെത്തിയ ദയ അച്ചു പതിവുപോലെ പരാതിപ്പെട്ടി തുറക്കുന്ന കാഴ്‌ചയും ഇന്നലെ കണ്ടു. മോഹൻലാൽ ബിഗ് ബോസ് വീട്ടിലെ മത്സരാർഥികളോട് സംസാരിക്കുമ്പോഴാണ് ദയ അച്ചു തന്റെ വിഷമങ്ങൾ തുറന്നുപറഞ്ഞത്.
രജിത് കുമാറിനെതിരെയാണ് ദയ രംഗത്തെത്തിയത്. നിങ്ങൾ ജയിലിലേക്ക് പോകുകയാണെങ്കിൽ കൂടെ കൊണ്ടുപോകാൻ താൽപര്യമുള്ള ഒരാളുടെ പേര് പറയണമെന്ന് ലാലേട്ടൻ എല്ലാവരോടും ചോദിച്ചു. നിങ്ങൾ വിളിച്ചാൽ കൂടെ വരുമെന്ന് ഉള്ളവരെയായിരിക്കണം വിളിക്കേണ്ടതെന്നും ലാലേട്ടൻ പറഞ്ഞു. താൻ ജയിലിലേക്ക് പോകുകയാണെങ്കിൽ കൂടെ വിളിക്കാൻ താൽപര്യം അമൃതയെയും അഭിരാമിയെയും ആണെന്ന് രജിത് കുമാർ ലാലേട്ടനോട് പറഞ്ഞു. ബിഗ് ബോസ് വീട്ടിലേക്ക് അവസാനം എത്തിയ മത്സരാർഥികളാണ് അമൃതയും അഭിരാമിയും. ഇവരുമായി രജിത്തിനു നല്ല ബന്ധമാണ്. അമൃതയും അഭിരാമിയും ഇല്ലെങ്കിൽ ആരെ വിളിക്കാനാണ് താൽപര്യമെന്ന് ലാലേട്ടൻ രജിത്തിനോട് ചോദിച്ചു. അവരില്ലെങ്കിൽ സുജോയെ വിളിക്കുമെന്ന് രജിത് പറഞ്ഞു.
ഇതിനുശേഷമാണ് യഥാർഥ പ്രശ്‌നം ആരംഭിക്കുന്നത്. ‘രജിത് വേറൊരു പേര് പറയുമെന്നാണ് ഞങ്ങളൊക്കെ വിചാരിച്ചത്’ എന്നായി ലാലേട്ടൻ. ‘ദയയെ പറയിപ്പിക്കല്ലേ ലാലേട്ടാ’ എന്നു രജിത് കുമാർ കെെ കൂപ്പി മോഹൻലാലിനോട് പറഞ്ഞു. ദയ അച്ചുവുമായി ഒരു സമയത്ത് നല്ല സൗഹൃദമായിരുന്നു രജിത്തിന്. ഇതു ഉദ്ദേശിച്ചാണ് മോഹൻലാൽ ഇങ്ങനെയൊരു കമന്റ് പാസാക്കിയത്. തന്നെ പരിഹസിച്ചുകൊണ്ട് രജിത് കുമാർ പറഞ്ഞത് ദയക്ക് ഇഷ്‌ടപ്പെട്ടില്ല. സങ്കടം വന്നു, കണ്ണു നിറഞ്ഞു.
“ദയ എപ്പോഴാണ് പൊട്ടിത്തെറിക്കുക എന്ന് അറിയില്ല. എനിക്ക് ജയിലിനകത്തു കിടന്ന് അടികൊള്ളാൻ പറ്റില്ല. ചില സമയത്ത് ദയ കാര്യങ്ങൾ മനസിലാക്കി സംസാരിക്കും. ചില സമയത്ത് കാര്യങ്ങൾ മനസിലാക്കാതെ പ്രതികരിക്കും,” രജിത് മോഹൻലാലിനോട് പറഞ്ഞു. ഇക്കാരണങ്ങളാലാണ് ജയിലിലേക്ക് കൂട്ടിനായി ദയയെ വിളിക്കാത്തതെന്നാണ് രജിത് വിശദീകരിക്കുന്നത്. ഇതു കേട്ടതും ദയ കരയാൻ തുടങ്ങി. ‘ദാ, ദയ കരയുന്നു’ എന്ന് മറ്റ് മത്സരാർഥികൾ പറഞ്ഞു. അതൊന്നും പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ലെന്നായി രജിത് കുമാർ. ചില സമയത്ത് ദയ മനസിലാക്കാതെ പ്രതികരിക്കും. നല്ല സഹോദരിയാണ്, കൂട്ടുകാരിയാണ്. എന്നാൽ, ജയിലിലേക്ക് പോകാൻ ദയയെ കൂട്ടുവിളിക്കില്ല എന്നായി രജിത് കുമാർ.
Read Also: കല്യാണ വീട്ടിൽ എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ച ‘ആചാരലംഘനം’; ചിരിയടക്കാതെ വധു
ഇതിനു പിന്നാലെ അടുത്ത ചോദ്യമെത്തിയത് ദയയുടെ പക്കലേക്ക്. ജയിലിൽ പോകുമ്പോൾ ആരെ കൂട്ടാനാണ് താൽപര്യമെന്ന് ദയയോട് ലാലേട്ടൻ ചോദിച്ചു. ദയ കരച്ചിൽ തുടർന്നു. താൻ ജയിലിലേക്ക് ഒറ്റയ്‌ക്ക് പോകാമെന്നും ആരും കൂടെ വരേണ്ട എന്നും ദയ പറഞ്ഞു. “ആരെയും വിളിക്കാതെ ഒറ്റയ്‌ക്ക് ജയിലിൽ പോകാനാണ് താൽപര്യം ലാലേട്ടാ. ഞാനാണ് ഇവിടെ ഏറ്റവും കഴിവുകെട്ടവൾ..” ദയ പറഞ്ഞു.
എന്തിനാണ് കരയുന്നതെന്ന് ലാലേട്ടൻ ദയയോട് ചോദിച്ചു. ഇഥൊരു ഗെയ്‌മാണ്. അതൊക്കെ അറിഞ്ഞിട്ടല്ലേ ഇവിടെ വന്നത് എന്നു ലാലേട്ടൻ ദയയോട് ചോദിച്ചു. ദയ വിളിച്ചാൽ ജയിലിൽ കിടക്കാൻ തയ്യാറാണെന്ന് മറ്റ് മത്സരാർഥികൾ പറഞ്ഞു. “ആരും വന്നില്ലെങ്കിൽ എന്നെ വിളിച്ചോ, ഞാൻ വരാം ജയിലിൽ കിടക്കാൻ” എന്നു ലാലേട്ടൻ ദയയോട് പറഞ്ഞു. ഇതു കേട്ടതും ദയ അടക്കമുള്ള എല്ലാ മത്സരാർഥികളും കയ്യടിച്ചു. “ഇതൊരു കളിയാണ്. അതിനെ ആ രീതിയിൽ കാണൂ. ഇമോഷനാകുന്നതല്ല കാര്യം,” മോഹൻലാൽ ദയയെ ഉപദേശിച്ചു.
Read Also: നന്നായാൽ നിനക്ക് കൊള്ളാം; ഫുക്രുവിന്റെ ‘ഇരുത്തിപ്പൊരിച്ച്’ ലാലേട്ടൻ
പിന്നീട് രജിത്തിനെ കുറിച്ചു കുറ്റങ്ങൾ പറയുകയായിരുന്നു ദയ. ഇത്ര ദിവസം കൊണ്ട് ഇങ്ങനെ ഒരാൾ മാറാൻ പാടില്ലെന്ന് രജിത്തിനെ ഉദ്ദേശിച്ച് ദയ പറഞ്ഞു. പുതിയ ആൾ വന്നാൽ മാഷ് (രജിത് കുമാർ) അവരുടെ കൂടെ പോകും. ഞാൻ വന്നപ്പോൾ എന്റെ കൂടെ, പവൻ വന്നപ്പോൾ പവന്റെ കൂടെ പോയി, ഇപ്പോൾ പുതിയ ആൾക്കാരുടെ കൂടെ. മാഷ് അങ്ങനെയാണ്. പുതിയ ആൾ വന്നാൽ അവരുടെ കൂടെ പോകും. അങ്ങനെയാണെന്ന് തോന്നുന്നവർ ഒന്നു കെെ പൊക്കിയേ എന്നു ദയ പറഞ്ഞു. ബിഗ് ബോസ് വീട്ടിലെ മിക്ക മത്സരാർഥികളും ദയ പറയുന്നത് ശരിയാണെന്ന തരത്തിൽ രജിത്തിനെതിരെ കെെ പൊക്കി. “ഇത്രയും വിചാരിച്ചില്ല മാഷിനെ കുറിച്ച്. മാഷിനേക്കാൾ ഭേദം പ്രദീപേട്ടനാണ്. അന്ന് പ്രദീപേട്ടനെ നോമിനേറ്റ് ചെയ്‌തതിനു പകരം മാഷിനെ നോമിനേറ്റ് ചെയ്‌താൽ മതിയായിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നു,” ദയ രജിത്തിനെതിരെ ആഞ്ഞടിച്ചു.
ദയയുടെ സംസാരം രജിത്തിനു ഇഷ്‌ടപ്പെട്ടില്ല. തന്നെ പ്രദീപിനോട് താരതമ്യം ചെയ്‌തത് രജിത് ചോദ്യം ചെയ്‌തു. ചില സന്ദർഭങ്ങളിൽ ദയയുടെ വായിൽ നിന്നു വീഴുന്ന വാക്ക് ദയ പോലും ശ്രദ്ധിക്കാറില്ല എന്നായി രജിത്. വേണ്ടാത്ത കാര്യങ്ങളിൽ തന്നെ പിടിച്ചിടാൻ നോക്കിയാൽ സമ്മതിക്കില്ല എന്നും രജിത് പറഞ്ഞു.
ഇതൊന്നും കണ്ട് നിൽക്കാൻ വയ്യ എന്നായി ലാലേട്ടൻ. ഇവരുടെ പരസ്‌പരമുള്ള കുറ്റം പറച്ചിൽ കേട്ടു നിശബ്‌നായി നിൽക്കുകയായിരുന്നു ലാലേട്ടൻ. തന്റെ സ്വതസിദ്ധമായ ശെെലിയിൽ “എന്തോന്നാടെ ഇതൊക്കെ” എന്നു കെെ കൊണ്ട് ആംഗ്യം കാണിച്ച് ഞാനൊരു ബ്രേക്ക് എടുക്കുകയാണെന്ന് പറഞ്ഞ് ലാലേട്ടൻ ഉടൻ സ്‌കൂട്ടായി. തനിക്കിതൊന്നും കാണാൻ വയ്യേ..എന്നു ലാലേട്ടൻ പറയുകയും ചെയ്‌തു.