Bigg Boss Malayalam: ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികൾ ഒരു എലിമിനേഷന്റെ ചൂടിലാണ്. ബിഗ് ബോസ് സീസൺ രണ്ടിന്റെ ആദ്യ എലിമിനേഷനിൽ ആറുപേരാണ് എത്തിയിരിക്കുന്നത്. രാജിനി ചാണ്ടി, രജിത് കുമാർ, സോമദാസ്, എലീന പടിക്കൽ, സുജോ മാത്യു, അലസാൻഡ്ര എന്നിവരാണ് ഈ ആഴ്ച എലിമിനേഷനിൽ എത്തിയിരിക്കുന്നത്.
കൂട്ടത്തിൽ ഏറ്റവും കൂടുതൽ വോട്ടുകളുമായി നിൽക്കുന്നത് സോമദാസ് ആണ്. രജിത് കുമാർ, രാജിനി ചാണ്ടി എന്നിവരും തൊട്ടുപിറകിലുണ്ട്. എട്ടു പേരാണ് സോമദാസിന്റെ പേരു നിർദ്ദേശിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ചിരിക്കുന്നത് അലസാൻഡ്രയ്ക്കാണ്. രണ്ടു പേരാണ് നോമിനേഷനിൽ അലസാൻട്രയുടെ പേര് നിർദ്ദേശിച്ചിരിക്കുന്നത്. ബിഗ് ബോസ് ഹൗസിലെ ഈ ആഴ്ചയിലെ പെർഫോമൻൻസ്, ടാസ്കുകളിലെ പങ്കാളിത്തം, പ്രേക്ഷകരുടെ പിന്തുണ എന്നിവ പരിഗണിച്ചാവും ഈ ആറു മത്സരാർത്ഥികളുടെയും മുന്നോട്ടുള്ള പ്രയാണം.
Read Here: Bigg Boss Malayalam 2 Recap: ‘ബിഗ് ബോസ് 2‘‘ മുപ്പതു ദിനം കടക്കുമ്പോള്‍
രാജിനി ചാണ്ടി
കൂട്ടത്തിൽ പ്രായം കൂടിയ മത്സരാർത്ഥിയായ രാജിനി ചാണ്ടിയ്ക്ക് ആദ്യദിവസങ്ങളിൽ എല്ലാവർക്കും സർവ്വസമ്മതയായ ഒരു അമ്മയുടെയോ/ ചേച്ചിയുടെയോ ഒക്കെ ഇമേജായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ്, ഹൗസിലെ ആദ്യ ക്യാപ്റ്റനെ തീരുമാനിക്കാൻ ബിഗ് ബോസ് പറയുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായി രാജിനി ചാണ്ടിയെ തെരെഞ്ഞെടുത്തതും. രാജിനി ചാണ്ടി എന്തെങ്കിലും പറഞ്ഞാൽ അതു ചെയ്യാൻ പറ്റില്ല എന്ന് ആർക്കും ആദരവു കൊണ്ട് പറയാൻ പറ്റില്ല, അതിനാൽ ക്യാപ്റ്റനായി നിർദ്ദേശിക്കുന്നു എന്നായിരുന്നു മിക്ക മത്സരാർത്ഥികളും പറഞ്ഞത്.
എന്നാൽ ക്യാപ്റ്റൻ റോളിൽ രാജിനി ചാണ്ടി എത്തിയതോടെ അവരുടെ നിലപാടുകളിൽ മത്സരാർത്ഥികളിൽ പലർക്കും അതൃപ്തിയുണ്ട്. അലീന, ഫുക്രു, ഷാജി, പ്രദീപ് എന്നിങ്ങനെ ചിലരോട് മാത്രം കൂടുതൽ സൗഹാർദ്ദത്തിൽ പെരുമാറുന്നു, അലക്സാൻട്ര, രേഷ്മ എന്നിവരെ അവഗണിക്കുന്നു തുടങ്ങിയ പരാതികൾ ബിഗ് ബോസ് ഹൗസിനകത്ത് ഉയരുന്നുണ്ട്. പരീക്കുട്ടിയ്ക്കും അല്ലറചില്ലറ പ്രശ്നങ്ങൾ രാജിനി ചാണ്ടിയുമായി ഉണ്ട്. ക്യാപ്റ്റൻ സമത്വത്തോടെ പെരുമാറിയില്ലെന്ന് വീട്ടിലെ അംഗങ്ങൾ തന്നെ വിലയിരുത്തുമ്പോഴും അത്യാവശ്യം പ്രേക്ഷക പിന്തുണയുള്ള മത്സരാർത്ഥിയാണ് രാജിനി ചാണ്ടി. ആദ്യ എലിമിനേഷനെ അതിജീവിക്കാൻ ഈ പ്രേക്ഷക പിന്തുണ രാജിനിയെ തുണയ്ക്കുമോ എന്ന് കണ്ടറിയണം.
രജിത് കുമാർ
ബിഗ് ബോസിൽ വേറെ ലെവൽ കളി തുടങ്ങിയ ഒരേ ഒരു മത്സരാർത്ഥി ഡോ. രജിത് ആണെന്നു പറയേണ്ടി വരും. വന്നപ്പോൾ മുതൽ ബിഗ് ബോസ് ഹൗസിലെ ക്യാമറക്കണ്ണുകൾ തന്നിലേക്ക് തിരിയാനുള്ള കളികൾ ഒക്കെ രജിത് തുടങ്ങിയിരുന്നു. വന്ന കയറിയ ഉടനെ തന്നെ, പിന്നീട് വന്ന മത്സരാർത്ഥികൾക്ക് വെള്ളം കൊടുക്കുന്ന ജോലി തുടങ്ങി വെച്ചപ്പോൾ മുതൽ ഷോയുടെ ശ്രദ്ധ രജിത് കുമാർ കവരുന്നുണ്ട്
മറ്റു മത്സരാർത്ഥികൾ കളിയാക്കുന്നതുപോലെ പാത്രമറിയാതെയാണ് പലപ്പോഴും രജിത് കുമാർ വിളമ്പുന്നതെങ്കിലും, അവശ്യഘട്ടങ്ങളിലും അനാവശ്യമായുമെല്ലാം ഒട്ടുമിക്ക എല്ലാ പ്രശ്നങ്ങളിലും ചർച്ചകളിലും രജിത് കുമാർ ഇടപെടുന്നുണ്ട്. രജിതിന്റെ തുറന്ന സംസാരവും സഹമത്സരാർത്ഥികളുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടുന്നതുമെല്ലാം വീടിനകത്ത് തന്നെ രജിതിന് ശത്രുക്കളെ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. മറ്റു മത്സരാർത്ഥികൾ കാണിക്കുന്ന ക്ഷമ സംവാദങ്ങളോട് രജിത് തിരിച്ച് കാണിക്കാത്തതും മുറുമുറുപ്പുണ്ടാക്കുന്നുണ്ട്.
എല്ലാവരും കൂടെ തനിക്കെതിരെ കളിക്കുന്നു എന്ന രീതിയിലാണ് രജിത് കാര്യങ്ങളെ സമീപിക്കുന്നത്. ആളുടെ തനിയെ ഉള്ള സംസാരവും സ്ട്രാറ്റജിയും പ്ലാനുകളുമെല്ലാം വരുംദിവസങ്ങളിൽ ബിഗ് ബോസ് വീടിനകത്തെ കളികൾ സംഘർഷഭരിതമാക്കും എന്ന സൂചനകളാണ് നല്ലത്. ബിഗ് ബോസ് വീടിനെ ആക്റ്റീവ് ആയി നിലനിർത്തുന്ന രജിതിനെ പോലൊരു മത്സരാർത്ഥിയെ ആദ്യ എലിമിനേഷനിൽ തന്നെ ചാനൽ പുറത്താക്കാനുള്ള സാധ്യത താരതമ്യേന കുറവാണ് എന്നു വേണം അനുമാനിക്കാൻ.
എലീന പടിക്കൽ
ഫേക്ക് ആയി പെരുമാറുന്നു എന്നാണ് ബിഗ് ബോസ് ഹൗസിലെ അംഗങ്ങളിൽ ഭൂരിപക്ഷത്തിനും എലീനയെ കുറിച്ചുള്ള പരാതി. എങ്ങനെ സഹമത്സരാർത്ഥികളോട് പെരുമാറണം എന്ന സംശയം എലീനയ്ക്കുമുണ്ട്. നിലവിൽ രാജിനി ചാണ്ടി, ഫുക്രു, രജിത് കുമാർ, വീണ എന്നിങ്ങനെ ചുരുക്കം മത്സരാർത്ഥികളുടെ സപ്പോർട്ടാണ് എലീനയ്ക്ക് ലഭിക്കുന്നത്.
വീട്ടിലെ ജോലികളിലും എന്റർടെയിന്റമെന്റിലുമെല്ലാം സജീവമായി തന്നെ അലീനയുടെ ഇടപെടലുണ്ട്. ആക്റ്റീവ് ആയിപോവുന്ന എലീനയ്ക്ക് നല്ലൊരു ഫാൻ ബേസുമുണ്ട്. അതിനാൽ തന്നെ ഈ എലിമിനേഷനെ അതിജീവിക്കാൻ എലീനയ്ക്ക് ആവും എന്നു വേണം കരുതാൻ.
സോമദാസ്
പൊതുവെ തണുപ്പൻ നിലപാടുള്ള ഒരു മത്സരാർത്ഥിയാണ് സോമദാസ്. പാട്ടുപാടുക, വീട്ടുകാരെ എന്റർടെയിൻ ചെയ്യിപ്പിക്കുക എന്നതിൽ കവിഞ്ഞ് വലിയ ലക്ഷ്യങ്ങളൊന്നുമില്ല എന്നു തോന്നും സോമദാസിന്റെ ഇടപെടലുകൾ കണ്ടാൽ. ബിഗ് ബോസ് ഗെയിം എന്താണെന്ന് അത്ര കണ്ട് പിടികിട്ടിയിട്ടുണ്ടോ എന്നും സംശയമാണ്. ഹൗസിലെ മറ്റു അംഗങ്ങൾക്കും സോമദാസിന്റെ തണുപ്പൻ പ്രതികരണം ഒരു ഗെയിം ഷോയ്ക്ക് ഇണങ്ങിയതല്ലെന്ന അഭിപ്രായമാണ് ഉള്ളത്. ഇത്തവണ എലിമിനേഷനിൽ നിന്നും പുറത്തുപോവാൻ നിലവിൽ ഏറ്റവും സാധ്യതയുള്ള മത്സരാർത്ഥി സോമദാസ് ആണ്.
സിജോ മാത്യു
ഏറെക്കുറെ സോമരാജിനെ പോലെ തന്നെയായിരുന്നു ആദ്യ ആഴ്ച സിജോയുടെ കാര്യവും. തന്റെ പ്രോട്ടീൻ പൗഡർ വരാൻ വൈകുന്നതിലുള്ള ടെൻഷനാണ് കഴിഞ്ഞവാരം സിജോയെ അലട്ടിയിരുന്നത്. ഗെയിമിന്റെ ട്രാക്കിലേക്ക് സിജോ വന്നതുമില്ലായിരുന്നു. എന്നാൽ പ്രോട്ടീൻ പൗഡർ എത്തിയതോടെ കുറച്ചു കൂടി ഉന്മേഷവാനായിട്ടുണ്ട് സിജോ. ഒപ്പം വീക്കിലി ടാസ്കുകളിലും മറ്റും സജീവമായ ഇടപെടലും സിജോയുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നുണ്ട്. ഈ ആഴ്ചയിലെ പെർഫോമൻസ് എലിമിനേഷനിൽ നിന്നും സിജോയെ രക്ഷിക്കാനാണ് സാധ്യത.
അലസാൻട്ര
ആദ്യ ആഴ്ച കാര്യമായി സ്ക്രീൻ പ്രസൻസ് നേടാൻ കഴിഞ്ഞില്ലെങ്കിലും അത്യാവശ്യം നല്ല ഫോമിലാണ് അലസാൻട്രയുടെ ഈ ആഴ്ചയിലെ പെർഫോമൻസ്. ശക്തയായ ഒരു മത്സരാർത്ഥിയായി അലസാൻട്ര മാറുന്നുണ്ട്. അലക്സാൻട്രയ്ക്കും സിജോയ്ക്കും ഇടയിൽ ഒരു പ്രണയം ഉണ്ടാക്കിയെടുക്കാനുള്ള ചില ശ്രമങ്ങൾ സഹമത്സരാർത്ഥികളിൽ നിന്നും ഉണ്ടാവുന്നുണ്ട്. ഒന്നാം സീസണിലെ ‘പേളിഷ്’ സീരീസിന് തുടർച്ചയാവുമോ സിജോ- അലക്സാൻട്ര സൗഹൃദമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ആ സാധ്യത കിടക്കുന്നതിനാൽ തന്നെ എലിമിനേഷനിൽ പെടാതെ അലസാൻട്രയ്ക്ക് ഒപ്പം സിജോയും രക്ഷപ്പെട്ടേക്കാം.
Read more: Bigg Boss Malayalam: പ്രായമല്ല പക്വതയുടെ അളവുകോൽ; ഉദാഹരണം ഫുക്രു