കൊറോണ ബാധയെ പ്രശംസനീയമാംവണ്ണം പ്രതിരോധിച്ചു ലോകത്തിനു തന്നെ മാതൃകയാവുന്ന നേരത്താണ് കേരളത്തിന് തല താഴ്ത്തി നില്‍ക്കേണ്ടി വന്നത്. അതും, തീര്‍ത്തും ലജ്ജാകരമായ ഒരു പ്രവര്‍ത്തിയുടെ പേരില്‍.
ഞായറാഴ്ച രാത്രിയാണ് കേരളം ആ സംഭവത്തിന് സാക്ഷ്യം വഹിച്ചത്. ‘ബ്രേക്ക് ദ ചെയിന്‍,’ ‘സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്’ എന്നിങ്ങനെയുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്കിടയില്‍ അതാ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഒരാള്‍ക്കൂട്ടം. ‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തു മടങ്ങിയ, ഡോ. രജിത് കുമാര്‍ എന്ന മത്സരാര്‍ഥിയെ ‘വരവേല്‍ക്കാനാണ്’ വിലക്കുകള്‍ എല്ലാം ലംഘിച്ച്, കൊറോണ ജാഗ്രതയെ കാറ്റില്‍ പറത്തി, ആ കൂട്ടം എത്തിയത്. ‘നല്ല മനസ്സുള്ളവര്‍ക്ക് കൊറോണ വരില്ല’ എന്ന രജിത്തിന്റെ വാക്കുകള്‍ പാടേ വിശ്വസിച്ചു വന്നവരാണ് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
ആ പറഞ്ഞ വിവരക്കേടിനും, സന്ദര്‍ശകവിലക്കുള്ള എയര്‍പോര്‍ട്ട് പരിസരത്ത് തടിച്ചു കൂടിയതിനും എല്ലാം കടുത്ത നടപടികള്‍ എടുക്കുകയാണ് സര്‍ക്കാര്‍. സംഭവത്തില്‍ പതിമൂന്നു പേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തു. ഡോ. രജിത് കുമാറിനെ കസ്റ്റഡിയിൽ എടുത്തു.
ഇതെന്താണ് സംഭവം? ആരാണ് രജിത് കുമാര്‍? വെറും ഒരു റിയാലിറ്റി ഷോ മത്സരാര്‍ഥിയ്ക്ക് ഇത്രയും വലിയ ഒരു ആള്‍ക്കൂട്ടത്തെ സ്വാധീനിക്കാന്‍ കഴിയുന്നതെങ്ങനെ? അത് മനസ്സിലാവണമെങ്കില്‍ ഏഴു വര്‍ഷം പിന്നിലേക്ക് പോകേണ്ടി വരും.
വളരെ ചെറിയൊരു സമൂഹത്തിന് മാത്രം പരിചിതനായ, കാലടി ശ്രീശങ്കര കോളേജിലെ അധ്യാപകനും പ്രാസംഗികനും എജ്യുക്കേഷണല്‍ കൗണ്‍സിലറും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമൊക്കെയായ ഡോ. രജിത് കുമാര്‍. വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന വിവാദനായകനായി മാറുന്നത് 2013ലാണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധനയാത്രയില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലകനായി ഒരു വനിതാ കോളേജില്‍ എത്തിയ ഡോ. രജിത് കുമാര്‍ കടുത്ത സ്ത്രീവിരുദ്ധപരമാര്‍ശങ്ങള്‍ നടത്തുകയും അതില്‍ പ്രതിഷേധിച്ച് ആര്യ എന്ന ബിരുദ വിദ്യാര്‍ത്ഥിനി നിര്‍ത്താതെ കൂവിയതോടെയും ആയിരുന്നു ലോകമലയാളികള്‍ക്കിടയില്‍ ആ പേര് പരിചിതമായത്.
വെള്ളമുണ്ടുടുത്ത് വെള്ളത്താടി വെച്ച് ഒരു സ്വാത്വികന്റെ രൂപഭാവങ്ങളോടെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട രജിത് കുമാറിന്റെ പ്രസംഗങ്ങള്‍ക്കൊപ്പം തന്നെ വിവാദങ്ങള്‍ തുടര്‍കഥയാവുന്നതാണ് പിന്നീട് മലയാളികള്‍ കണ്ടത്. ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ട്രാന്‍സ്‌ജെന്‍ഡറായ കുട്ടികള്‍ ഉണ്ടാവും, അടക്കവും ഒതുക്കവും ഇല്ലാത്ത സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഓട്ടിസ്റ്റിക്കായ കുട്ടികള്‍ ഉണ്ടാവും- ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്‍റെ കണ്ടെത്തലുകള്‍! സംഭവം വിവാദമാവുകയും കോളിളക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തതോടെ ആരോഗ്യമന്ത്രി കെകെ ശൈലജ, സര്‍ക്കാര്‍ പരിപാടികളില്‍ അദ്ദേഹം സംസാരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് പത്രക്കുറിപ്പിറക്കി.
ഡോ. രജിത് കുമാറിന്‍റെ ഈ സ്ത്രീവിരുദ്ധ നിലപാടുകളും ശാസ്ത്രത്തിനു നിരക്കാത്ത പരാമര്‍ശങ്ങളുമെല്ലാം കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. അപ്പോഴും സ്ത്രീവിരുദ്ധതയെ ആഘോഷമാക്കുന്ന, സ്യൂഡോ സയന്‍സിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗം പേര്‍ ആ വാക്കുകള്‍ക്കായി കാതോര്‍ത്തിരുന്നു.
നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോച്ചിംഗ് ക്ലാസുകളും കൗണ്‍സിലിംഗും നല്‍കുന്ന, സ്വന്തം ശബളത്തില്‍ നിന്ന് അവര്‍ക്ക് ആവശ്യമായ യൂണിഫോമും പുസ്തകങ്ങളും മരുന്നും ഭക്ഷണവും വാങ്ങി നല്‍കി സഹായിക്കുന്ന ഒരു രജിത് കുമാറും അയാള്‍ക്കുള്ളില്‍ ഉണ്ട്. പരോപകാരിയും വിദ്യാര്‍ത്ഥികളുടെ ഇഷ്ടം കവരുകയും ചെയ്യുന്ന അയാളിലെ അധ്യാപകനെ അഭിനന്ദിക്കുമ്പോഴും പറയാതെ വയ്യ, ഒരു കൈ കൊണ്ട് ചെയ്യുന്ന സേവനങ്ങളേക്കാള്‍ ആയിരമിരട്ടി സ്ത്രീവിരുദ്ധതയും പിന്തിരപ്പന്‍ നിലപ്പാടുകളും അശാസ്ത്രീയതയും അയാള്‍ സമൂഹത്തിലേക്ക് ഒളിച്ചു കടത്തുന്നുണ്ട്.
രജിത് കുമാര്‍ എന്ന വ്യക്തിയേക്കാളും ഭയക്കേണ്ടതും ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതും അയാളുടെ നിലപാടുകളെയാണ്. എന്തെന്നാൽ, സമൂഹത്തിനു മുകളിലേക്ക് വീഴാറായി നില്‍ക്കുന്ന എല്ലാ സാമൂഹിക വിപത്തുകളും ഇത്തരം ജാഗ്രതക്കുറവിന്റെ സൃഷ്ടികളാണ്.
കുടത്തില്‍ അടച്ച ഭൂതത്തെ തുറന്നു വിട്ട ‘ബിഗ് ബോസ്’
ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അന്ന് കുടത്തില്‍ അടച്ച ഭൂതത്തെ തുറന്നു വിടുകയായിരുന്നു ‘ബിഗ് ബോസ്’ റിയാലിറ്റി ഷോ. സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന് വിഘാതം സൃഷ്ടിക്കുന്ന രജിത് കുമാറിന്റെ പിന്തിരിപ്പന്‍ ചിന്താഗതികള്‍ക്ക് ലഭിച്ച ‘വലിയ’ വേദിയാണ് ബിഗ് ബോസ്. രജിത് കുമാര്‍ എന്ന സമര്‍ത്ഥനായ വാഗ്മിയോട് മുട്ടി നില്‍ക്കാന്‍ മാത്രം ബുദ്ധികൂർമ്മതയോ സാമര്‍ത്ഥ്യമോ ഉള്ള മത്സരാര്‍ത്ഥികള്‍ അവിടെ വേറെ ഇല്ലെന്നിരിക്കെ ആ പ്ലാറ്റ്‌ഫോം ഏറ്റവും ‘സമര്‍ത്ഥമായി’ അയാള്‍ ഉപയോഗിക്കുകയും ചെയ്തു.
‘ബിഗ് ബോസ്’ മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികളെ ഗ്രാന്‍ഡ് ഓപ്പണിംഗ് വേദിയില്‍ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയപ്പോള്‍, പ്രേക്ഷകരെ ഏറെ ഞെട്ടിച്ച എന്‍ട്രി ആയിരുന്നു ഡോ. രജിത് കുമാറിന്റേത്. കടന്നു വരവില്‍ മാത്രമല്ല, രൂപഭാവത്തിലും അയാളൊരു പുതിയ മനുഷ്യനായിരുന്നു. തൂവെള്ള വസ്ത്രങ്ങളും വെള്ളത്താടിയുമായി മലയാളി കണ്ടു ശീലിച്ച രജിത് മുടിയൊക്കെ ഡൈ ചെയ്ത് നിറപ്പകിട്ടുള്ള വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയപ്പോള്‍ പ്രേക്ഷകര്‍ അതിശയിച്ചു..
രജിത് കുമാറിനെ പോലൊരു മത്സരാര്‍ത്ഥിയെ പരിപാടിയിലേക്ക് ചാനല്‍ ക്ഷണിച്ചത് വെറുതെയല്ലെന്ന് ‘ബിഗ് ബോസ്’ ഹൗസിലെ ആദ്യദിന കാഴ്ചകള്‍ തന്നെ തെളിയിച്ചു. നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും മറ്റുള്ളവരുടെ കംഫര്‍ട്ട് സോണുകളെ ഭേദിക്കുകയും ചെയ്യുന്ന ഒരു മത്സരാര്‍ത്ഥി ഉണ്ടെങ്കില്‍ മാത്രമേ വരും നാളുകളില്‍ ‘ബിഗ് ബോസ്’ ഹൗസിലെ കാഴ്ചകള്‍ ഉദ്വോഗജനകമാവൂ എന്ന തിരിച്ചറിവാകാം ഈ റിയാലിറ്റി ഷോയിലേക്ക് രജിത് കുമാറിനെ തിരഞ്ഞെടുക്കാന്‍ അണിയറപ്രവര്‍ത്തകരെയും പ്രേരിപ്പിച്ചത്. ആ കണക്കുക്കൂട്ടലുകളൊന്നും തെറ്റിയില്ലെന്ന് മാത്രമല്ല, പല എപ്പിസോഡുകളിലും ഏറ്റവും കൂടുതല്‍ റേറ്റിംഗ് നേടികൊടുത്ത ‘കണ്ടന്റാ’യി രജിത് കുമാര്‍ മാറുകയും ചെയ്തു.
‘ബിഗ് ബോസ്’ ഹൗസിലെ ആദ്യദിന ആഴ്ചകളില്‍ മലയാളികള്‍ കണ്ടത് മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് കടന്നു കയറുകയും തന്റെ കാഴ്ചപ്പാടുകള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു രജിത് കുമാറിനെയാണ്. ‘ബിഗ് ബോസ്’ ഹൗസിലെത്തിയ ആദ്യത്തെ രാത്രി തന്നെ മാലിന്യസംസ്‌കരണത്തിനും പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുമുള്ള പ്ലാനുകള്‍ ‘ബിഗ് ബോസ്’ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച്ച്ച സഹമത്സരാര്‍ത്ഥികളുടെയും പ്രേക്ഷകരുടെയും കയ്യടി രജിത് നേടി. രജിത് മുന്നോട്ട് വച്ച ആ പ്ലാനുകള്‍ ഇരുകയ്യും നീട്ടി തന്നെ മറ്റ് മത്സരാര്‍ത്ഥികള്‍ സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാല്‍ തുടരെത്തുടരെയുള്ള ഉപദേശങ്ങളും അവബോധപ്രസംഗവും ആയതോടെ മറ്റു മത്സരാര്‍ത്ഥികള്‍ക്ക് രജിത്തിന്റെ പെരുമാറ്റത്തില്‍ മുഷിപ്പ് അനുഭവപ്പെട്ടു തുടങ്ങി. ആര്‍ ജെ രഘുവിന്റെ വൈവാഹിക- സ്വകാര്യജീവിതത്തിലും വ്യക്തിപരമായ കാര്യങ്ങളിലും കൈക്കടത്തുന്ന രീതിയിലുള്ള രജിത്തിന്റെ ആദ്യദിവസത്തെ സംസാരവും മത്സരാര്‍ഥികള്‍ക്കിടയില്‍ അസ്വസ്ഥകള്‍ ഉണ്ടാക്കി. മറ്റുള്ളവരെ നിരന്തരം ഉപദേശിക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന രജിത്തെന്ന അധ്യാപകന്‍ പലപ്പോഴും നല്ലൊരു കേള്‍വിക്കാരനാവാതെ പോയി.
തന്റെ നിലപാടുകളും സ്ത്രീവിരുദ്ധ ചിന്തകളും കിട്ടുന്ന അവസരങ്ങളിലെല്ലാം അയാള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കിയതോടെ, രജിത്തില്‍ നിന്നും സഹമത്സരാര്‍ത്ഥികള്‍ അകലം പാലിച്ചു തുടങ്ങി. സ്വന്തം ജീവിതകഥ പറയുന്നതിനിടെ, ഭാര്യയ്ക്ക് അബോര്‍ഷനായത് ഗൗനിക്കാതെ ഏറ്റെടുത്ത കല്യാണം നടത്താന്‍ പോയ രജിത്തിന്റെ ‘വീരസാഹസിക കഥ’യാണ് ‘ബിഗ് ബോസ്’ ഹൗസിനകത്തെ ആദ്യ വിവാദത്തിന് തിരി കൊളുത്തിയത്. രജിത്തിനകത്തെ ‘മിസോജനിസ്റ്റും’ ‘മെയില്‍ ഷോവനിസ്റ്റും’ പുറത്തു ചാടിയ സന്ദര്‍ഭങ്ങളില്‍ ഒന്നു കൂടിയായിരുന്നു അത്. ഒരു സ്ത്രീയെന്ന രീതിയില്‍ രജിത് കുമാറിന്റെ ചെയ്തികളെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന നിലപാടാണ് ഈ വിഷയത്തില്‍ ‘ബിഗ് ബോസി’ലെ സ്ത്രീ മത്സരാര്‍ത്ഥികള്‍ എടുത്തത്. രജിത്തിന്റേത് കെട്ടുകഥ ആണെന്നായിരുന്നു സുരേഷ് കൃഷ്ണന്‍ അടക്കമുള്ള പുരുഷ മത്സരാര്‍ത്ഥികളില്‍ ചിലരുടെ രൂക്ഷ വിമര്‍ശനം. മഞ്ജുവും സുരേഷും അടക്കമുള്ള മത്സരാര്‍ത്ഥികള്‍ കടുത്ത ഭാഷയില്‍ തന്നെ രജിത്തിനെ വിമര്‍ശിക്കുകയും ചെയ്തു.
ഇതെല്ലാം തനിക്കെതിരായ ആസൂത്രിത ആക്രമണമാണെന്ന നിലപാടോടെ മറ്റൊരു സ്ട്രാറ്റജിയിലേക്ക് മാറുന്ന രജിത്തിനെയാണ് പിന്നെ കണ്ടത്. സമൂഹത്തിന്റെ പിന്തുണ ഏറ്റവും എളുപ്പത്തില്‍ കിട്ടുന്ന ‘ഇരവാദം’ ആയിരുന്നു രജിത്തിന്റെ അടുത്ത തുറുപ്പ് ചീട്ട്. തന്നെ സ്വയമൊരു ‘ഇര’യാക്കി മാറ്റുകയായിരുന്നു, മനശാസ്ത്രത്തിലും ഗ്രാഹ്യമുള്ള ഡോ. രജിത് കുമാര്‍. മറ്റ് മത്സരാര്‍ത്ഥികള്‍ ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോഴും പാട്ടു പാടുമ്പോഴുമെല്ലാം ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി നിന്ന് താന്‍ കോര്‍ണര്‍ ചെയ്യപ്പെടുന്നു എന്ന തോന്നല്‍ പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ രജിത്തിനായി. മാറിയിരുന്ന് സ്വയം സംസാരിച്ചും വീടിനകത്തെ സംഭവവികാസങ്ങളെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് സ്വയം വിശകലനം ചെയ്ത് അവതരിപ്പിച്ചും സാധാരണക്കാരായ പ്രേക്ഷകരുടെ അലിവ് രജിത് നേടിയെടുത്തു.
കണ്ണീര്‍ സീരിയലുകള്‍ കണ്ട് കരയുകയും ദുരന്തനായികമാരെ ഓര്‍ത്ത് സങ്കടപ്പെടുകയും ചെയ്യുന്ന നല്ലൊരു വിഭാഗം വീട്ടമ്മമാരും രജിത്തിനെ സപ്പോര്‍ട്ട് ചെയ്തു തുടങ്ങുന്നത് അവിടം മുതലാവാം. പഠിപ്പും വിവരവും ഉയര്‍ന്ന ഡിഗ്രികളുമുള്ള ഒരു മനുഷ്യന്‍, ഒരു പുരുഷന്‍ അയാള്‍ നേരിടുന്ന അനീതികളെ കുറിച്ച് സങ്കടത്തോടെ തനിച്ചിരുന്ന് പിറുപിറുക്കുന്നു, ‘ഇന്‍ജെസ്റ്റിസ്, ഇന്‍ജെസ്റ്റിസ്’ എന്ന് ഇടയ്ക്കിടെ പറയുന്നു- കണ്ണീര്‍സീരിയലുകളുടെ ഭാവുകത്വത്തില്‍ വര്‍ഷങ്ങളായി വീണു പോയ വലിയൊരു സമൂഹത്തിന് ആ സങ്കടം കാണാതിരിക്കാന്‍ കഴിയുന്നതെങ്ങനെ! വീട്ടമ്മമാരും ചെറുപ്പക്കാരും കുട്ടികളുമടക്കം നല്ലൊരു ശതമാനം പ്രേക്ഷകര്‍ അതോടെ അവര്‍ പോലും അറിയാതെ രജിത്തിന് പിന്നില്‍ അണിനിരന്നു തുടങ്ങുകയായിരുന്നു. ഏറ്റവും വിനാശകരമായ യുദ്ധങ്ങള്‍ ആയുധം കൊണ്ടുള്ളതല്ല, മനുഷ്യന്റെ മനശാസ്ത്രം വെച്ച് കളിക്കുന്ന കളികള്‍ ആണെന്നതിന് ദൃഷ്ടാന്തമാവുകയായിരുന്നു രജിത്
‘ബിഗ് ബോസ്’ ഹൗസിലേക്ക് പുതുതായി വരുന്നവരെയെല്ലാം തന്റെ പക്ഷത്ത് നിര്‍ത്താനുള്ള ശ്രമങ്ങള്‍ രജിത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരുന്നു. പവന്‍, സൂരജ്, ദയ, ജെസ്‌ല, അഭിരാമി, അമൃത എന്നിങ്ങനെ ‘വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയി’ലൂടെ അകത്തെത്തിയ ഓരോരുത്തരുടെ അടുത്തും ഇതേ സമീപനമാണ് രജിത് കാഴ്ചവച്ചത്. എന്നാല്‍ സൂരജും ജെസ്‌ലയും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കി, രജിത്ത് കുമാറിനോടുള്ള പ്രതിഷേധം ഉറച്ചസ്വരത്തില്‍ രേഖപ്പെടുത്തിയപ്പോള്‍ പവന്‍, അഭിരാമി, അമൃത എന്നിവരെ പൂര്‍ണമായും തനിക്കൊപ്പം നിര്‍ത്താന്‍ രജിത്തിനായി. ഇടയ്ക്ക് കണ്ണിന് അസുഖം വന്ന് പുറത്തുപോവുകയും പിന്നീട് ഹൗസിലേക്ക് തിരിച്ചെത്തുകയും ചെയ്ത സുജോ, രഘു, സാന്‍ട്ര എന്നീ മത്സരാര്‍ത്ഥികള്‍ ആര്‍ക്കാണ് പുറത്ത് പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ജനസമ്മിതി എന്ന് മനസ്സിലാക്കുകയും നിലനില്‍പ്പിന്റെ ഭാഗമായി രജിത്തിനൊപ്പം ചേരുകയും ചെയ്തതോടെ ‘ബിഗ് ബോസ്’ ഹൗസിനകത്ത് തന്റേതായൊരു ഗ്രൂപ്പ് ഉണ്ടാക്കി രജിത് തന്റെ വേരുകള്‍ ഉറപ്പിച്ചു. തന്നെ പിന്തുണയ്ക്കാന്‍ കൃത്യമായൊരു ഗ്രൂപ്പിനെ കിട്ടിയതോടെ സ്വിച്ചിട്ട പോലെ രജിത്തിന്റെ ‘ആത്മഭാഷണ’ പരമ്പര നിന്നു എന്നതാണ് മറ്റൊരു രസകരമായ കാര്യം.
സ്വന്തം സ്ട്രാറ്റജികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവരാന്‍ ശ്രമിക്കുക മാത്രമല്ല രജിത് എന്ന മത്സരാര്‍ത്ഥി ചെയ്തത്. ഒപ്പം തന്നെ ‘ബിഗ് ബോസ്’ ഹൗസിലെ ശക്തരായ, തനിക്ക് വെല്ലുവിളിയാകുമെന്ന് ഉറപ്പുള്ള മത്സരാര്‍ത്ഥികളെ മോശമായി ചിത്രീകരിക്കാനും രജിത് തന്റെ ‘സ്ട്രാറ്റജി’ ഉപയോഗിച്ചു. ആര്യയും മഞ്ജുവും അടക്കം നിലപാടുകള്‍ തുറന്നു പറയുന്ന, രജിത്തിനോട് നേര്‍ക്ക് നേര്‍ നിന്ന് മുട്ടിയിട്ടുള്ള മത്സരാര്‍ത്ഥികള്‍ക്കെല്ലാം തന്നെ സൈബറിടങ്ങളില്‍ ഏറ്റുവാങ്ങേണ്ടി വന്ന ആക്രമണവും തെറി അഭിഷേകവും ആ സ്ട്രാറ്റജിയുടെ അനന്തരഫലമായിരുന്നു. തീര്‍ത്തും നിഷ്‌കളങ്കമെന്ന് തോന്നിക്കുന്ന രീതിയില്‍ ക്യാമറയ്ക്ക് മുന്നില്‍ വന്ന് നിന്ന് രജിത് നടത്തിയ ഏകാന്തസംഭാഷണങ്ങളിലൂടെ അയാള്‍ തന്റെ ഫോളേവേഴ്‌സിന്റെ ഉള്ളിലേക്ക് വിദ്വേഷം കുത്തിവെച്ചു തുടങ്ങുകയായിരുന്നു. ഫലമോ, അതിക്രൂരമായ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് പല മത്സരാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏറ്റുവാങ്ങേണ്ടി വന്നത്.
‘ബിഗ് ബോസ്’ ജേതാവ് രജിത് തന്നെ എന്ന് ഉറപ്പിച്ച്, ബിഗ് ബോസ് ഹൗസിലെ ഏകരാജാവ് എന്നൊക്കെയുള്ള സ്തുതിപാടലുകളുമായി രജിത് ആര്‍മി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോവുന്നതിനിടയിലാണ് അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്. അമിതമായ ആത്മവിശ്വാസം ചിലപ്പോഴൊക്കെ അതു വരെയുണ്ടായിരുന്ന പടുത്തുയര്‍ത്തലിനെ അപ്പാടെ തകര്‍ത്തു കളയാറുണ്ട്, അതു പോലൊരു തകര്‍ന്നടിയല്‍ ആയിരുന്നു ടാസ്‌കിനിടെ നടന്ന ആ മുളകുതേയ്ക്കല്‍ സംഭവം.
സ്‌കൂള്‍ ടാസ്‌കില്‍ ഏറ്റവും വികൃതിയായ വിദ്യാര്‍ത്ഥിയായി അഭിനയിക്കുന്നതിനിടയില്‍, രേഷ്മയുടെ കണ്ണില്‍ മുളകു തേച്ച രജിത് കുമാറിന്റെ പ്രവര്‍ത്തി രജിത് ആരാധകരെ പോലും ഒരു നിമിഷം സ്തംബ്ധരാക്കിയെന്ന് പറയാതെ വയ്യ. ഗെയിമിന്റെ നിയമാവലി തെറ്റിച്ച കാരണത്താല്‍ അതോടെ രജിത് ‘ബിഗ് ബോസ്’ ഹൗസില്‍ നിന്നും പുറത്താവുകയും ചെയ്തു. ആരാധനയാല്‍ അന്ധത ബാധിച്ച രജിത് ഫാന്‍സിനു ഓര്‍ക്കാപ്പുറത്ത് കിട്ടിയ ഒരു അടിയായിരുന്നു ആ പുറത്താകല്‍. നടന്ന സംഭവങ്ങള്‍ വിശ്വസിക്കാനാവാതെ, അതൊരു സീക്രട്ട് ടാസ്‌കാവാനുള്ള സാധ്യതയും, കൂടുതല്‍ ശക്തനായി രജിത് തിരിച്ചുവരുമെന്ന പ്രത്യാശയും അവര്‍ പങ്കുവെച്ചു കൊണ്ടിരുന്നു.
അതു വരെ ‘ബിഗ് ബോസ്’ ഗെയിം ഫോളോ ചെയ്യാത്ത കൂട്ടര്‍ വരെ രജിത് കുമാറിന്റെ ചെയ്തികളെ വിമര്‍ശിച്ചു കൊണ്ട് രംഗത്തു വന്നു. ഷോയുടെ നിയമങ്ങള്‍ തെറ്റിയ്ക്കുന്നതിന് അപ്പുറം കണ്ണിന്റെ കോര്‍ണിയയ്ക്ക് അസുഖം വന്ന് ചികിത്സയിലിരിക്കുന്ന ഒരു പെണ്‍കുട്ടിയോട്, പ്രകോപനം ഏതുമില്ലാതെ രജിത് കാണിച്ച അനീതി ഏറെ ഗൗരവത്തോടെയാണ് പൊതുസമൂഹം കണ്ടത്. തമാശയ്ക്കും കളിയ്ക്കും അപ്പുറം ഇന്ത്യന്‍ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കാവുന്ന കുറ്റകൃത്യം കൂടിയായിരുന്നു അത്. രജിത്തിന്റെ പ്രവര്‍ത്തിയ്ക്ക് എതിരെ ജനരോഷം ആളികത്തിയതോടെ ഷോയിലേക്ക് രജിത്ത് മടങ്ങിവരാനുള്ള സാധ്യതയും ഇല്ലാതായി. കഴിഞ്ഞ ആഴ്ചയിലെ ‘എവിക്ഷന്‍ എപ്പിസോഡ്’ ആണ് ആ സാധ്യതയുടെ അവസാനത്തെ വാതിലും കൊട്ടിയടച്ചത്.
വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും കനത്തതോടെ രജിത്തിനെ വേദിയില്‍ കൊണ്ടു വന്ന് മാപ്പ് പറയിപ്പിക്കേണ്ടി വന്നു ചാനലിന്. ‘ബിഗ് ബോസ്’ ഫ്‌ളോറിലെത്തി രേഷ്മയെന്ന മത്സരാര്‍ത്ഥിയോടും രേഷ്മയുടെ മാതാപിതാക്കളോടും രജിത് കുമാര്‍ മാപ്പു പറഞ്ഞു. വെട്ടുകിളിക്കൂട്ടത്തെ ഭയന്നാവാം, ഷോയുടെ നിയമം തെറ്റിക്കുകയും ലോകം മൊത്തം കണ്ടു കൊണ്ടിരിക്കുന്നൊരു റിയാലിറ്റി ഷോയുടെ പ്ലാറ്റ്‌ഫോമില്‍ വെച്ച് അധ്യാപകനായൊരാള്‍ ഒരു സ്ത്രീയോട് കാണിച്ച ക്രൂരതയില്‍ സ്വയമൊരു നിലപാട് എടുക്കേണ്ട ‘ബിഗ് ബോസ്’ പ്രവര്‍ത്തകര്‍, ആ വലിയ ഉത്തരവാദിത്വം രേഷ്മയുടെ തലയില്‍ വെച്ചു കൊടുത്തു. ‘ഡോക്ടര്‍ രജിത് കുമാര്‍ ഷോയില്‍ തുടരണമോ വേണ്ടയോ? രേഷ്മയ്ക്ക് തീരുമാനിക്കാം.’ അവതാരകനായ മോഹന്‍ലാല്‍ തന്നെ പറഞ്ഞതുപോലെ അതൊരു ‘മില്യണ്‍ ഡോളര്‍ ക്വസ്റ്റ്യന്‍’ ആയിരുന്നു.
നിലപാടുകളില്‍ ഉറപ്പുള്ള രേഷ്മയെന്ന മത്സരാര്‍ത്ഥി കാണിച്ച ആര്‍ജ്ജവമാണ് രജിത് കുമാര്‍ എന്ന ഏറ്റവും കരുത്തനായ മത്സരാര്‍ത്ഥിയെ ‘ബിഗ് ബോസി’ല്‍ നിന്നും എന്നേക്കുമായി പടിയിറക്കിയത്. ‘ബിഗ് ബോസ്’ വീടിനകത്തേക്കാള്‍ വലിയ പൊളിറ്റിക്‌സ് പുറത്തുണ്ടെന്ന് അറിഞ്ഞിട്ടും, രജിത് ആര്‍മിയെന്ന സൈബര്‍ വെട്ടുക്കിളിക്കൂട്ടത്തിന്റെ ആള്‍ബലത്തെ കുറിച്ച് ധാരണയുണ്ടായിട്ടും ‘മാപ്പു കൊടുക്കാം, പക്ഷേ ഗെയിമില്‍ രജിത് കുമാര്‍ ഇനി ഉണ്ടാവുന്നതിനോട് യോജിപ്പില്ലെന്ന്’ പറയാന്‍ ധൈര്യം കാണിച്ചു രേഷ്മ എന്ന പെണ്‍കുട്ടി.
ആരാധനമൂര്‍ത്തിയായ മനുഷ്യന്‍ തലതാഴ്ത്തി വേദിവിട്ടിറങ്ങിയ കാഴ്ച കണ്ട രജിത്ത് ആരാധകരുടെ രോദനങ്ങളും ആക്രോശങ്ങളുമാണ് കഴിഞ്ഞ മൂന്നു ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റിനെയും ‘ബിഗ് ബോസി’നെയും മോഹന്‍ലാലിനെയും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍, ഇനി രജിത് സാറിനെ കാണാന്‍ കഴിയാത്ത ഏഷ്യാനെറ്റ് വേണ്ടെന്ന് പറഞ്ഞു കൊണ്ടുള്ള ടിവി എറിഞ്ഞുപൊട്ടിക്കല്‍ കലാപരിപാടികള്‍, രജിത്തണ്ണനെ വിമര്‍ശിക്കുന്നവര്‍ ഗുണം പിടിക്കില്ലെന്ന പ്രാക്ക്, കണ്ണീരണിഞ്ഞു കൊണ്ടുള്ള പ്രഹസനങ്ങള്‍… കൊറോണയെന്ന മഹാമാരിയ്ക്ക് എതിരെ ലോകമെമ്പാടും ഒറ്റക്കെട്ടായി നിന്നു പോരാടുമ്പോള്‍ ഒരു ഗെയിം ഷോയുടെ പേരില്‍ കേരളത്തില്‍ അരങ്ങേറുന്ന പേക്കൂത്തുകളെല്ലാം ജീര്‍ണ്ണിച്ചൊരു സാമൂഹികാവസ്ഥയിലേക്ക് കൂടിയാണ് വിരല്‍ചൂണ്ടുന്നത്.
രജിത് ആര്‍മി
അകത്ത് എല്ലാ തന്ത്രങ്ങളും മെനഞ്ഞ് രജിത്ത് കളിക്കുമ്പോള്‍ പുറത്ത് ‘ഉയിര്‍’ കൊടുത്തും കാക്കാന്‍ ഒരു ആര്‍മിയും ഉണ്ടായി. ആ സംഘത്തിന്റെ പേര് ഫാന്‍സ് അസോസിയേഷനെന്നോ സപ്പോര്‍ട്ടേഴ്‌സെന്നോ അല്ല എന്നതാണ് ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം. രജിത് കുമാര്‍ ആര്‍മി, ആ പേരില്‍ പോലുമുണ്ട് ആക്രമണോത്സുകമായ ഒരു മനോഭാവം. യുദ്ധഭൂമിയില്‍ നേര്‍ക്കുനേര്‍ നിന്ന് പോരാടുന്നവരാണ് ആര്‍മി, പ്രതിരോധമാണ് അവരുടെ കര്‍ത്തവ്യം, ഉയിര്‍ കൊടുത്തും കാക്കുന്നവര്‍. എന്തിനാണ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ ഒരു ആര്‍മി? (ഈ ആര്‍മി പാരമ്പര്യത്തിന്റെ ഉപജ്ഞാതാക്കള്‍ രജിത്ത് ഫാന്‍സ് അല്ലെന്നു കൂടി പറയേണ്ടതുണ്ട്, കഴിഞ്ഞ സീസണില്‍ ആരോ തുടങ്ങി വെച്ച ഒരു സപ്പോര്‍ട്ടിംഗ് സിസ്റ്റത്തിന്റെ പിന്‍തുടര്‍ച്ചയാവുകയായിരുന്നു രജിത്ത് ആര്‍മിയും. എന്നാല്‍ ഏറ്റവും അക്രമാസക്തമായ ഒരാള്‍ക്കൂട്ടമായി ആ സംഘം മാറുന്നത് ഇതാദ്യമായാണ്.) വെട്ടുകിളി കൂട്ടം എന്ന് പരക്കെ ദുഷ്‌പ്പേര് കേട്ട സിനിമാതാരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളെപ്പോലും ദുര്‍ബലരാക്കി കളഞ്ഞു രജിത് കുമാര്‍ ആര്‍മി എന്നതാണ് സത്യം.
ഇത്രയും അക്രമാസക്തമായി, പ്രതിരോധത്തോടെ ഒരു റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയ്ക്ക് വേണ്ടി ഇങ്ങനെയൊരു ആര്‍മി നിലയുറപ്പിക്കണമെങ്കില്‍ കളിയൂടെ ചൂടിനപ്പുറം മറ്റു ചില മനശാസ്ത്രപരമായ വശങ്ങള്‍ കൂടിയുണ്ട് അതിനു പിറകില്‍ എന്ന് ചിന്തിക്കേണ്ടി വരും. കപടസദാചാരമൂല്യങ്ങള്‍, പിന്തിരപ്പന്‍ ആശയങ്ങള്‍, മിസോജനി, അശാസ്ത്രീയത, ട്രാൻസ് വിരുദ്ധത, പാരമ്പര്യവാദം, അന്ധമായ ഭക്തി തുടങ്ങിയവ സമൂഹത്തിലേക്ക് ഒളിച്ചു കടത്താന്‍ ശ്രമിച്ച് വര്‍ഷങ്ങളായി പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ക്ക്, അവര്‍ക്കു വേണ്ടി സംസാരിക്കുന്ന ഒരാളെ, ഒരു നേതാവിനെ കിട്ടുകയായിരുന്നു രജിത് കുമാറിലൂടെ. രജിത് കുമാറിനു കിട്ടുന്ന പിന്തുണ ഭയപ്പെടുത്തുന്നതും ആ ഒരു പശ്ചാത്തലത്തിലാണ്.
ദിവസങ്ങള്‍ കഴിയും തോറും പുറത്ത് ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ‘രജിത് ആര്‍മി’യാണ് ‘ബിഗ് ബോസ്’ ഗെയിമുകളെയും ഹൗസിലെ സംഭവവികാസങ്ങളെയും മറ്റൊരു തലത്തിലേക്ക് കൊണ്ടു പോയത്. ഗെയിമിന്റെ ഭാഗമായി നടക്കുന്ന കാര്യങ്ങളെ പോലും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും സംഘടിത ആക്രമണങ്ങളിലേക്കും വലിച്ചിഴക്കുകയാണ് ‘രജിത് ആര്‍മി’ ചെയ്തത്. രജിത്തിന് എതിരെ ഉയരുന്ന ഓരോ വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും കൂട്ടം ചേര്‍ന്ന് ആക്രമിച്ച് നിശബ്ദമാക്കാനും വളഞ്ഞിട്ട് ആക്രമിക്കാനും ഈ സൈബര്‍ കൂട്ടം ശ്രമിച്ചു കൊണ്ടിരുന്നു. മോഹന്‍ലാലിന്റെയും ഏഷ്യാനെറ്റിന്റെയും ബിഗ് ബോസിന്റെയും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ വരെ എത്തി ‘രജിത് ആര്‍മി’യുടെ ‘പൊങ്കാല’.
നിയന്ത്രിക്കാന്‍ ആളില്ലെങ്കില്‍ അതീവ അപകടകാരിയാവുന്ന കുടത്തിലെ ഭൂതമാണ് മലയാളി സമൂഹത്തിന് മുന്നില്‍ രജിത് കുമാര്‍. ‘ബിഗ് ബോസ് ഹൗസി’നകത്തേക്ക് വന്നതിലും അപകടകാരിയായൊരു മനുഷ്യനായാണ് രജിത് ഇറങ്ങിപ്പോയിരിക്കുന്നത്. ഇരവാദം ഉയര്‍ത്തി പിടിച്ച് അയാള്‍ കളിച്ച കളികളുടെ അനുരണനങ്ങള്‍ കുറച്ചു കാലം കൂടി സമൂഹമാധ്യമങ്ങളെ അസ്വസ്ഥതകളുടെയും വിദ്വേഷത്തിന്റെയും വേദിയാക്കി നിലനിര്‍ത്തും. ചിലപ്പോള്‍ മറ്റൊരു ‘രജിത് കുമാറി’നെ കണ്ടുകിട്ടും വരെ സോഷ്യല്‍ മീഡിയയുടെ ചാവേറുകളായി രജിത് ആര്‍മി സൈബര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടേയിരിക്കും. മുഖമില്ലാത്ത പ്രൊഫൈലുകള്‍ക്ക് പിന്നിലിരുന്ന് അസഭ്യവര്‍ഷം നടത്തുന്ന ഓരോ ആര്‍മിക്കാരന്റെയും/ഫാന്‍സിന്റെയും പിറകിൽ സമൂഹത്തിനെ പിന്നിലേക്ക് വലിക്കുന്ന രോഗാതുരമായ ഒരു സമൂഹമുണ്ട്.
എല്ലാ വിവാദങ്ങള്‍ക്ക് ഒടുവിലും കൂടുതല്‍ ശക്തനായി തിരിച്ചു വരുന്ന രജിത് കുമാര്‍ ഇത്തവണയും അതു തന്നെ ആവര്‍ത്തിക്കുമോ? ഇനിയാണ് രജിത് കുമാറിനെ കൂടുതല്‍ ഭയപ്പെടേണ്ടത്, താരാരാധനയുടെ ലഹരി നുണഞ്ഞ ഒരു മനുഷ്യനാണ് അയാൾ ഇന്ന്. നെടുമ്പാശ്ശേരിയിലെ സ്വീകരണത്തിന് ശേഷം അയാള്‍ ആരാധകരോട് പറഞ്ഞ വാക്കുകള്‍ തന്നെ അതിനുദാഹരണം. സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലക്കിയിട്ടും തന്നെ കാത്തിരിക്കുന്ന പതിനായിരങ്ങളുടെ ഇടയിലൂടെ തന്നെ തനിക്ക് പുറത്തു പോവണമെന്ന് വാശി പിടിക്കുന്ന രജിത് കുമാറിന്റെ വാക്കുകളില്‍ നിറയുന്നതും ആ ലഹരി തന്നെ.
അറസ്റ്റിന്റെ കൂടെ പശ്ചാത്തലത്തിൽ, തന്റെ ‘ഇരവാദ’ത്തെ രജിത് കുമാർ എങ്ങനെ ഉപയോഗിക്കുമെന്ന് വരുംദിവസങ്ങളിൽ കാത്തിരുന്ന് കാണേണ്ടതാണ്.