Bigg Boss Malayalam: ബിഗ് ബോസ് മലയാളം സീസൺ രണ്ട് മൂന്നാഴ്ചയിലേക്ക് അടുക്കുകയാണ്. വീടിന് അകത്ത് മത്സരാർത്ഥികൾക്കിടയിൽ മത്സരബുദ്ധിയും വാശിയും വഴക്കുമൊക്കെ കനക്കുമ്പോൾ പുറത്ത് പ്രേക്ഷകർക്കിടയിലും ഇഷ്ട മത്സരാർത്ഥികൾക്കു വേണ്ടിയുള്ള വോട്ടിംഗ് ക്യാംപെയ്നുകൾ നടക്കുകയാണ്. ആരാണ് ബിഗ് ബോസ് സീസൺ 2 വിൽ നിലവിലുള്ളതിൽ വെച്ച് മികച്ച മത്സരാർത്ഥി എന്ന ചോദ്യത്തിന് പലർക്കും പല ഉത്തരങ്ങളാവും ഉണ്ടാവുക.
Read Here: Bigg Boss Malayalam 2 Recap: ‘ബിഗ് ബോസ് 2‘‘ മുപ്പതു ദിനം കടക്കുമ്പോള്‍
പ്രേക്ഷകർക്കു മാത്രമല്ല, ബിഗ് ബോസ് ഹൗസിനകത്തെ മത്സരാർത്ഥികൾക്ക് ഇടയിലും ഇക്കാര്യത്തെ കുറിച്ച് ചില കണക്കുകൂട്ടലുകളും അഭിപ്രായങ്ങളുമുണ്ട്. ആദ്യ എലിമിനേഷനിൽ പുറത്തുപോയ രാജിനി ചാണ്ടിയാണ് ഇക്കാര്യം ഏറ്റവും ഓപ്പണായി പറഞ്ഞ വ്യക്തികളിൽ ഒരാൾ. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിൽ ആര്യയും ഫുക്രുവും ആണ് നിലവിൽ അവിടെയുള്ളതിൽ ഏറ്റവും മികച്ച മത്സരാർത്ഥികൾ എന്ന് രാജിനി ചാണ്ടി അഭിപ്രായപ്പെട്ടിരുന്നു. “നല്ല മത്സരാർത്ഥികൾ ഫുക്രുവും ആര്യയുമാണ്. വരാൽ തെന്നുന്ന പോലെ വഴുതി മാറാൻ അവർക്കറിയാം.” എന്നായിരുന്നു രാജിനി ചാണ്ടി പറഞ്ഞത്.
കഴിഞ്ഞ ദിവസം, ബിഗ് ബോസ് ഹൗസിലെ ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചയ്ക്കിടെ ആർ ജെ രഘു എടുത്തു പറഞ്ഞൊരു പേരും ആര്യയുടേതാണ്. മഞ്ജു പത്രോസ്, രേഷ്മ എന്നിവരോട് സംസാരിക്കുന്നതിനിടയിലായിരുന്നു രഘു ആര്യയുടെ പേരു പറഞ്ഞത്. നിലവിൽ ഇവിടെ സ്ട്രോങ്ങായ മത്സരാർത്ഥി ആര്യയാണെന്നായിരുന്നു രഘുവിന്റെ കമന്റ്. മുൻ എപ്പിസോഡുകളിൽ ഒന്ന് രജിത് കുമാറും ആര്യയുടെ പേര് എടുത്തു പറഞ്ഞിരുന്നു. സ്ട്രോങ്ങായ മത്സരാർത്ഥിയെ പുറത്താക്കാനുള്ള ശ്രമം എന്ന രീതിയിലാവാം കഴിഞ്ഞ എലിമിനേഷനിൽ രജിത് കുമാർ നിർദ്ദേശിച്ച ആളുകളിൽ ഒന്നും ആര്യ തന്നെ. തെസ്നി ഖാൻ, മഞ്ജു, വീണ തുടങ്ങിയ മത്സരാർത്ഥികളും ആര്യയെ സ്ട്രോങ്ങായൊരു മത്സരാർത്ഥിയായി തന്നെയാണ് വിലയിരുത്തുന്നത്. സഹ മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കുമുള്ള ഈ അഭിപ്രായം കാത്തുകൊണ്ട് മുന്നോട്ട് പോവാൻ ആവുമോ ആര്യയ്ക്ക് എന്ന് വരും ദിവസങ്ങളിൽ കാണാം.
ഏറ്റവും മികച്ച മത്സരാർത്ഥി ആരെന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരം നൽകാൻ ആവില്ലെങ്കിലും നിലവിൽ ബിഗ് ബോസ് ഹൗസിൽ അനക്കം ഉണ്ടാക്കുകയും ആക്റ്റിവായി നിൽക്കുകയും തന്റേതായൊരു സ്പേസ് ഉണ്ടാക്കിയെടുക്കുകയും ചെയ്ത അഞ്ചു മത്സരാർത്ഥികളെ തെരെഞ്ഞെടുത്താൽ അതിൽ ആര്യ, രജിത് കുമാർ, ഫുക്രു, രഘു, വീണ എന്നിവർക്കു തന്നെയാവും പ്രാധാന്യം.
Read more: Bigg Boss Malayalam: പ്രായമല്ല പക്വതയുടെ അളവുകോൽ; ഉദാഹരണം ഫുക്രു