കോവിഡ്- 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബിഗ് ബോസ് റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു എന്ന വാർത്തകളാണ് രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ബിഗ് ബോസ് താരങ്ങളുടെ എയർപോർട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഷോ അവസാനിച്ചതിനു പിന്നാലെ താരങ്ങൾ വീട്ടിലേക്ക് മടങ്ങി എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ചാനൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിതീകരണം നൽകിയിട്ടില്ല.

ആര്യ, ഫുക്രു, എലീന എന്നിവരുടെ എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഇക്കാര്യത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അന്തിമ തീരുമാനത്തിൽ എത്തി രണ്ട് ദിവസത്തിനകം ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നും ബിഗ് ബോസ് അണിയറപ്രവർത്തകർ ഇന്നലെ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു. “ബിഗ് ബോസ് സീസൺ 2 അവസാനിപ്പിക്കുന്നു എന്ന തരത്തിലുള്ള വാർത്ത ഏറെക്കുറെ ശരിയാണ്. അതേക്കുറിച്ച് ആലോചനകൾ നടക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം അന്തിമ തീരുമാനമെടുക്കും. കോവിഡ്-19 ന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ആലോചന നടക്കുന്നത്. ഷോയുടെ ഭാഗമായി ചെന്നെെയിലെ സെറ്റിൽ മൂന്നൂറോളം പേർ ജോലി ചെയ്യുന്നുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഇത്രയേറെ പേർ ഒന്നിച്ചു ജോലി ചെയ്യുന്നതിനു നിയന്ത്രണമുണ്ട്.”

നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെക്കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. എന്തായാലും ഇന്നത്തെ എപ്പിസോഡ് കൊണ്ടു ഇക്കാര്യത്തിൽ ഒരു സ്ഥിതീകരണം ഉണ്ടാവുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook