scorecardresearch

Bigg Boss: ഒരേ അച്ചിൽ വാർത്ത രണ്ടു പിആർ വിജയങ്ങൾ

ഏഴാം സീസൺ യഥാർത്ഥത്തിൽ ബിഗ് ബോസ് ആറാം സീസണിന്റെ ഒരു 'മോശം ആവർത്തനം' മാത്രമായിരുന്നു. തുടർച്ചയായി രണ്ട് സീസണുകളിൽ പ്രേക്ഷകരെ കബളിപ്പിക്കാൻ പി ആർ ടീം ഉപയോഗിച്ച, വിമർശനവിധേയമായ തന്ത്രങ്ങൾ ഒന്നു പരിശോധിക്കാം

ഏഴാം സീസൺ യഥാർത്ഥത്തിൽ ബിഗ് ബോസ് ആറാം സീസണിന്റെ ഒരു 'മോശം ആവർത്തനം' മാത്രമായിരുന്നു. തുടർച്ചയായി രണ്ട് സീസണുകളിൽ പ്രേക്ഷകരെ കബളിപ്പിക്കാൻ പി ആർ ടീം ഉപയോഗിച്ച, വിമർശനവിധേയമായ തന്ത്രങ്ങൾ ഒന്നു പരിശോധിക്കാം

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam 7 Grand Finale Anumol Winner

ബിഗ് ബോസ് മലയാളം സീസൺ ഏഴിന് തിരശ്ശീല വീണപ്പോൾ, മിനിസ്‌ക്രീൻ താരമായ അനുമോൾ ആണ് വിജയകിരീടം ചൂടിയത്. എന്നാൽ, ഈ വിജയം മത്സരമികവിന്റെ അടിസ്ഥാനത്തിലാണോ, അതോ പണം വാരിയെറിഞ്ഞ് പരീക്ഷിച്ച പിആർ തന്ത്രങ്ങളുടെ ആവർത്തന വിജയമാണോ എന്ന ചോദ്യമാണ് വലിയൊരു വിഭാഗം പ്രേക്ഷകർ ഉയർത്തുന്നത്. ഈ സീസണിൽ പിആർ  ഗെയിം പ്ലാനുകൾ പരസ്യമാവുകയും അവയുടെ വൃത്തികെട്ട മുഖം പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാട്ടപ്പെടുകയും ചെയ്തിരുന്നു.

Advertisment

Also Read: ബിഗ് ബോസ് ചരിത്രം തിരുത്തിയെഴുതി അനീഷ്: കോമണറായി എത്തി ഫസ്റ്റ് റണ്ണറപ്പായി മടക്കം

വിമർശകർ ചൂണ്ടിക്കാണിക്കുന്നത്, ഏഴാം സീസൺ യഥാർത്ഥത്തിൽ ബിഗ് ബോസ് ആറാം സീസണിന്റെ ഒരു 'മോശം ആവർത്തനം' മാത്രമായിരുന്നു എന്നാണ്. കാരണം, അനുമോളിനും കഴിഞ്ഞ സീസണിലെ വിജയിയായ ജിന്റോയ്ക്കും വേണ്ടി പിആർ തന്ത്രങ്ങൾ മെനഞ്ഞത് ഒരാൾ  തന്നെയായിരുന്നു, രണ്ടു സ്ട്രാറ്റജികളും അത്ഭുതകരമാംവിധം സമാനമായിരുന്നു.

ഒരേ പി ആർ, ഒരേ തന്ത്രങ്ങൾ: വിജയത്തിന് പിന്നിലെ 'ബ്ലൂപ്രിന്റ്'

തുടർച്ചയായി രണ്ട് സീസണുകളിൽ പ്രേക്ഷകരെ കബളിപ്പിക്കാൻ പി ആർ ടീം ഉപയോഗിച്ച, വിമർശനവിധേയമായ തന്ത്രങ്ങൾ ഇവയാണ്:

Advertisment

കരച്ചിൽ കാർഡ് (Emotional Manipulation)

ഷോയിൽ കരച്ചിൽ കാർഡ് എടുത്ത് പ്രേക്ഷകരുടെ സഹാനുഭൂതി നേടുക എന്നതായിരുന്നു പ്രധാന തന്ത്രങ്ങളിലൊന്ന്. ജിന്റോ, അനുമോൾ എന്നിവർ ഷോയുടെ വിവിധ ഘട്ടങ്ങളിൽ വൈകാരികമായി തകരുന്നതായി ചിത്രീകരിക്കുകയും വ്യക്തിപരമായ ദുരിതങ്ങൾ അവതരിപ്പിക്കുകയും ചെയ്തത് വോട്ട് നേടാനുള്ള കൃത്യമായ പദ്ധതിയുടെ ഭാഗമായിരുന്നു എന്ന് വിമർശകർ പറയുന്നു.

Also Read: Bigg Boss: ഒരു ദിവസം എന്റെ വീട്ടിലേക്ക് വരൂ; ഫിനാലെ വേദിയിൽ വച്ച് ക്ഷണം ആവർത്തിച്ച് മോഹൻലാൽ

ന്യൂനപക്ഷ പിന്തുണ: പിആറിനായുള്ള സൗഹൃദം

സാമൂഹികമായി പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നത് വഴി, അവരുടെ പിന്തുണയും വോട്ടുകളും എളുപ്പത്തിൽ നേടാനുള്ള തന്ത്രമാണ് പിആർ ടീം ഉപയോഗിച്ചത്.

ജിന്റോ, എൽജിബിടിക്യൂ പ്രതിനിധിയായ ജാൻമണിയുമായി ഫേക്ക് ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കിയെടുത്തപ്പോൾ, അനുമോൾ ലെസ്ബിയൻ കപ്പിളായ നൂറ-ആദിലമാരുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഈ സൗഹൃദങ്ങൾ പിആറിനു വേണ്ടി ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ട കണ്ടന്റുകൾ മാത്രമായിരുന്നു എന്ന ആരോപണം ശക്തമാണ്.

അമ്മ പാസം

ജിന്റോയും അനുമോളും തങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത് അങ്ങേയറ്റം കുടുംബസ്നേഹമുള്ള വ്യക്തികളായിട്ടാണ്. പ്രത്യേകിച്ചും, അമ്മയോടുള്ള അതിരുകടന്ന സ്നേഹം (അമ്മ പാസം) ഇരുവരും ഷോയിലുടനീളം പ്രകടമാക്കി. വ്യക്തിഗതമായി ഇതൊരു ഉത്തമമായ സ്വഭാവഗുണം തന്നെയാണ്, പക്ഷേ മത്സരത്തിന്റെ പശ്ചാത്തലത്തിൽ ഇതിനെ പലപ്പോഴും ഒരു ഗെയിം ടൂളായിട്ടാണ് ഇരുവരും നോക്കി കണ്ടത്. 

ജിന്റോയും അനുമോളും തങ്ങളുടെ വൈകാരിക ബന്ധങ്ങൾ അവതരിപ്പിച്ച രീതി കൂടി പരിശോധിക്കാം. ജിന്റോ സംസാരങ്ങളിലും ടാസ്‌ക്കുകൾക്കിടയിലുമൊക്കെ പലപ്പോഴും അമ്മയെക്കുറിച്ചും അമ്മയോടുള്ള കടപ്പാടിനെക്കുറിച്ചും വാചാലനായി. ഇത് കുടുംബ പ്രേക്ഷകരുമായി എളുപ്പത്തിൽ ഒരു വൈകാരിക ബന്ധം സ്ഥാപിക്കാൻ ജിന്റോയെ സഹായിച്ചു. ബിഗ് ബോസ് വീട്ടിലെ പ്രശ്‌നങ്ങളിൽ മാനസികമായി തളരുമ്പോഴും അമ്മയെ ഓർക്കുന്ന രംഗങ്ങൾ ജിന്റോയ്ക്ക് സഹാനുഭൂതി നേടിക്കൊടുത്തു 

അനുമോളും അമ്മയെക്കുറിച്ച് സംസാരിക്കുകയും അമ്മ തനിക്കുവേണ്ടി സഹിച്ച ത്യാഗങ്ങളെക്കുറിച്ച് വാചാലയാവുകയും ചെയ്തിരുന്നു. താൻ കഷ്ടപ്പെട്ട് വന്ന വഴികളും അമ്മയുടെ പിന്തുണയുമെല്ലാം പ്രേക്ഷകരോട് തുറന്നു പറഞ്ഞത് അനുമോൾക്ക് സൗമ്യതയുടെയും നിഷ്‌കളങ്കതയുടെയും പ്രതിച്ഛായ നൽകാൻ സഹായിച്ചു.

ബിഗ് ബോസ് പോലുള്ള റിയാലിറ്റി ഷോകളിൽ കുടുംബ പ്രേക്ഷകരുടെ വോട്ടുകൾ നിർണായകമാണ്. ഈ വിഭാഗം പ്രേക്ഷകർക്ക് എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുന്നതും, അവർക്ക് റിലേറ്റ് ചെയ്യാൻ സാധിക്കുന്നതുമായ ഒരു വൈകാരിക ഘടകമാണ് 'അമ്മ സ്നേഹം'. 

ഇരുവരും ഈ വിഷയം വീണ്ടും വീണ്ടും ഊന്നിപ്പറഞ്ഞത്, സഹാനുഭൂതി പിടിച്ചുപറ്റാനുള്ള വ്യക്തമായ ഒരു തന്ത്രമായിരുന്നു എന്നു തന്നെ വിലയിരുത്തണം. തങ്ങളുടെ കടുത്ത സ്വഭാവവിശേഷങ്ങളും നെഗറ്റിവിറ്റി   പുറത്തുവരുമ്പോൾ അതിനെ ബാലൻസ് ചെയ്യാനും, വ്യക്തിപരമായ വിമർശനങ്ങളെ മറികടക്കാനും ഈ വൈകാരിക അവതരണം അവരെ സഹായിച്ചിട്ടുണ്ട്. 

ഇരട്ടത്താപ്പ് തന്ത്രം: 'എനിക്ക് വന്നാൽ ചോര, നിങ്ങൾക്ക് വന്നാൽ തക്കാളി ചട്ണി' 

ജിന്റോയുടെയും അനുമോളുടെയും ഗെയിം തന്ത്രങ്ങളിലെ ഇരട്ടത്താപ്പ് സമീപനമാണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. സ്വന്തം ശരീരത്തെക്കുറിച്ചും നിറത്തെക്കുറിച്ചുമൊക്കെയുള്ള വിമർശനങ്ങളെ വൈകാരികമായി നേരിട്ട് പ്രേക്ഷകരുടെ സഹതാപം നേടിയെടുക്കാൻ ശ്രമിച്ച ഇരുവരും, അതേ നാണയത്തിൽ മറ്റ് മത്സരാർത്ഥികളെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തത്, വടിവേലു പടത്തിലെ ആ കോമഡി ഡയലോഗ് പോലെ: എനിക്ക് വന്നാൽ ചോര, നിങ്ങൾക്ക് വന്നാൽ തക്കാളി ചട്ണി' എന്ന നയത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

ജിന്റോയുടെ യാത്ര പരിശോധിച്ചാൽ, മറ്റുള്ളവരുടെ വിമർശനങ്ങളെ തനിക്ക് അനുകൂലമാക്കി മാറ്റുന്നതും, തിരിച്ച് വിമർശനം ഉന്നയിക്കുന്നതിലെ വൈരുദ്ധ്യവും പ്രകടമായി കാണാമായിരുന്നു.  ജാസ്മിൻ അടക്കമുള്ള മത്സരാർത്ഥികളിൽ നിന്ന് ജിന്റോയ്ക്ക് തന്റെ നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരിൽ അപമാനം നേരിടേണ്ടി വന്നിരുന്നു. നിറത്തെ കളിയാക്കി ഉയർത്തിയ 'കരിഞ്ഞ മത്സ്യ കന്യകൻ' എന്ന പരാമർശം ഇതിൽ പ്രധാനമായിരുന്നു. ജിന്റോ ഈ വിമർശനങ്ങളെ കൃത്യമായി ഉപയോഗിച്ച് വൈകാരികമായി പ്രതികരിക്കുകയും, തന്നെ ആക്രമിക്കുന്നവരുടെ പ്രതിച്ഛായ മോശമാവുന്ന രീതിയിൽ സഹതാപ തരംഗം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതും ജിന്റോയ്ക്ക് പ്രേക്ഷക പിന്തുണ നേടിക്കൊടുക്കുന്നതിൽ നിർണ്ണായകമായി.

ശരീരത്തെക്കുറിച്ചുള്ള കളിയാക്കലുകളെ ശക്തമായി എതിർത്ത അതേ ജിന്റോ തന്നെയാണ്, മറ്റൊരു മത്സരാർത്ഥിയായിരുന്ന ഗബ്രിയുടെ ശരീരത്തെ പരിഹസിച്ചുകൊണ്ട്, 'ഇത് പെണ്ണുങ്ങളുടെ ശരീരം പോലെയാണ്' എന്ന തരത്തിൽ പരാമർശം നടത്തിയത്. സ്വയം അപമാനം ഏറ്റുവാങ്ങിയപ്പോൾ അതിനെ വൈകാരികമായി നേരിടുകയും, എന്നാൽ മറ്റൊരാളെ പരിഹസിക്കുമ്പോൾ അതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്തത്, ജിന്റോയുടെ നിലപാടുകളിലെ ഇരട്ടത്താപ്പ് തുറന്നുകാട്ടി.

ജിന്റോ പ്രയോഗിച്ചതിനു സമാനമായ രീതിയിലുള്ള തന്ത്രമാണ് അനുമോളും തന്റെ ഗെയിമിൽ പുറത്തെടുത്തത്. വീട്ടിലെ വഴക്കിനിടെ ജിസേൽ അനുമോളുടെ പൊക്കത്തെക്കുറിച്ച് ഒരു പരാമർശം നടത്തി. പൊക്കമില്ലായ്മയെ പരിഹസിച്ചു എന്ന രീതിയിൽ അനുമോൾ  അത് വലിയ പ്രശ്നമാക്കുകയും, 'പൊക്കമില്ലാത്തത് എന്റെ കുറ്റമാണോ' എന്ന് കരഞ്ഞുകൊണ്ട്  പ്രേക്ഷകരുടെ  സഹാനുഭൂതി നേടുകയും ചെയ്തു. 

എന്നാൽ, ശാരീരികപരമായ വിമർശനങ്ങളെ ശക്തമായി എതിർത്ത അതേ അനുമോൾ തന്നെയാണ്, മറ്റൊരു മത്സരാർത്ഥിയായിരുന്ന നെവിനോട് 'ആണായി നടക്കാൻ' പറഞ്ഞ് പരിഹസിച്ചത്. ലിംഗപരമായ നിർവചനങ്ങളെയും പെരുമാറ്റരീതികളെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഈ പരാമർശം, അനുമോളുടെ നിലപാടുകളിലെ വൈരുദ്ധ്യം വ്യക്തമാക്കുന്നതായിരുന്നു.

Also Read: ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ; Bigg Bossmalayalam Season 7 Grand Finale Winner

നാണംകെട്ട ഗെയിം പ്ലാനുകൾ 

മത്സരത്തിൻ്റെ ധാർമ്മികത പൂർണ്ണമായും തകർക്കുന്ന, വ്യാജവും വൃത്തികെട്ടതുമായ നിരവധി തന്ത്രങ്ങൾ ഇരുവരും പഴറ്റിയിട്ടുണ്ട്. മറ്റ് മത്സരാർത്ഥികളുടെ ജീവിതത്തെയും ബന്ധങ്ങളെയും തകർക്കുന്ന രീതിയിൽ വ്യാജ ആരോപണങ്ങളും സദാചാര പൊലീസ് ചമയലുമൊക്കെ ഷോയിൽ ഉന്നയിക്കുകയും പുറത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ഗബ്രി- ജാസ്മിൻ റിലേഷൻഷിപ്പിനെ ജിന്റോ മോശമായി ചിത്രീകരിച്ചപ്പോൾ, ജിസേൽ- ആര്യൻ സൗഹൃദത്തെ മോശമാക്കി ചിത്രീകരിക്കുകയായിരുന്നു അനുമോളുടെ ലക്ഷ്യം. അപ്പാനി- ബിൻസി ബന്ധത്തെ പ്രേക്ഷകർക്കു വലിച്ചുകീറാൻ ഇട്ടുകൊടുത്തതിനു പിന്നിലും അനുമോൾക്ക് നല്ല പങ്കുണ്ട്. വീടിനകത്ത് ജിന്റോയും​ അനുമോളും ഇട്ടുകൊടുത്ത തീ, സമൂഹമാധ്യമങ്ങളിൽ ആളികളിത്തുകയായിരുന്നു പിആർ ടീം. 

മറ്റുള്ളവരുടെ ജീവിതം വെച്ച് കളിക്കൽ
ഗെയിമിന് വേണ്ടി മറ്റ് മത്സരാർത്ഥികളുടെ വ്യക്തിജീവിതത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്ന രീതിയിൽ കള്ളം പറയുകയും കഥകൾ മെനയുകയും ചെയ്തു.  ഈ സീസണിൽ, അനുമോൾ അക്ബറിനെതിരെ നടത്തിയ പല പരാമർശങ്ങളും തീർത്തും അടിസ്ഥാനരഹിതവും അപലപനീയവുമായിരുന്നു.  "അക്ബറിൻ്റെ നോട്ടം ശരിയല്ല," "ബസ്സിലെ കിളി പോലെ അക്ബർ പെരുമാറുന്നു" തുടങ്ങിയ പരാമർശങ്ങൾ അക്ബറിനെ മോശമായി ചിത്രീകരിക്കാൻ വേണ്ടി പരീക്ഷിച്ച വൃത്തികെട്ട തന്ത്രമായി വിലയിരുത്തപ്പെടുന്നു. 

ഒറ്റപ്പെട്ടൽ സ്ട്രാറ്റജി
 'എന്നെ എല്ലാവരും ഒറ്റപ്പെടുത്തുന്നു' എന്ന ഇരവാദം (Victim Card) ശക്തമായി അവതരിപ്പിച്ചത് വഴി പ്രേക്ഷകരുടെ സഹതാപം പിടിച്ചുപറ്റാനുള്ള തന്ത്രവും ഇരുവരും പുറത്തെടുത്തു.

കബളിപ്പിക്കപ്പെടുന്ന പ്രേക്ഷകരും നഷ്ടപ്പെടുന്ന വിശ്വാസ്യതയും
തുടർച്ചയായ രണ്ട് സീസണുകളിൽ ഒരേ പിആർ ടീം, ഒരേ തന്ത്രങ്ങൾ ഉപയോഗിച്ച് വിജയികളെ നിർമ്മിക്കുമ്പോൾ, ബിഗ് ബോസ് എന്ന ഷോയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. സ്വന്തം പ്രകടനത്തേക്കാൾ, പിആർ  ടീമിന്റെ പണവും തന്ത്രങ്ങളുമാണ് വിജയത്തെ നിർണ്ണയിക്കുന്നത് എന്ന അവസ്ഥ പ്രേക്ഷകരെ കബളിപ്പിക്കലാണ്. ഈ വൃത്തികെട്ട പിആർ  കളികളിൽ വരും സീസണുകളിലെങ്കിലും ആവർത്തിക്കാതിരിക്കാൻ ബിഗ് ബോസ് അധികൃതരും പ്രേക്ഷകരും ഒരുപോലെ ജാഗരൂകരാവേണ്ടതുണ്ട്. 

Also Read: അനുമോളേ, ആ കപ്പ് വാങ്ങി പിആറിനു കൊടൂക്കൂ; സർകാസം പോസ്റ്റുമായി ദിയ സന; Bigg Boss Malayalam 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: