Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടിലെ ടോം ആൻഡ് ജെറി എന്നാണ് പ്രേക്ഷകർക്കിടയിൽ അഖിൽ മാരാരും ശോഭ വിശ്വനാഥും അറിയപ്പെടുന്നത്. വിഷ്ണു, മിഥുൻ, ഷിജു എന്നിവർ അടങ്ങിയ ബോയ്സ് ടീമിനൊപ്പമാണ് അഖിൽ കൂടുതലും സൗഹൃദം പങ്കിടുന്നത്. ശോഭയാവട്ടെ എല്ലാവരോടും ഒരുപോലെ സൗഹൃദം പുലർത്തുന്ന വ്യക്തിയാണ്. ഇതിനിടയിലും അഖിലും ശോഭയും തമ്മിൽ രസകരമായൊരു സൗഹൃദം പങ്കിടുന്നുണ്ട്. എപ്പോഴും ശോഭയെ ഇറിറ്റേറ്റ് ചെയ്യാൻ ശ്രമിക്കുന്ന ഒരാളാണ് അഖിൽ. ഉരുളയ്ക്ക് ഉപ്പേരി മറുപടികളുമായി ശോഭയും വിട്ടുകൊടുക്കാറില്ല. പലപ്പോഴും ഇരുവരും തമ്മിൽ വഴക്കാണെങ്കിലും കൗണ്ടറുകളും തമാശകളുമൊക്കെയായി ഈ കോമ്പോ പലപ്പോഴും സ്ക്രീൻ സ്പേസ് കവരുന്നുണ്ട്, പ്രത്യേകിച്ചും ലൈവിൽ.
ജോലികളൊക്കെ ഒതുക്കി എല്ലാവരും വീടിനകത്ത് വിശ്രമിക്കുന്ന സമയത്ത് മാരാരെ കണ്ണെഴുതി പൊട്ടുതൊട്ട് സാരിയുടുപ്പിച്ച് അഖിലയാക്കി മാറ്റിയിരിക്കുകയാണ് ശോഭ. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. സാരിയിൽ മാരാർ സുന്ദരിയായിരിക്കുന്നു എന്നാണ് മത്സരാർത്ഥികൾ കമന്റ് ചെയ്യുന്നത്.
‘എരിതീയിൽ എണ്ണ ഒഴിക്കുന്ന ശകുനി’ എന്നാണ് മറ്റൊരു അവസരത്തിൽ ശോഭ അഖിലിനെ വിശേഷിപ്പിക്കുന്നത്.
എന്തായാലും രസകരമായ കണ്ടന്റുകൾ നൽകാനും ആൾക്കൂട്ടത്തിൽ ശ്രദ്ധ നേടാനും ശോഭ- അഖിൽ കോമ്പോയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം, ഗെയിമിനിടെ ഈ സൗഹൃദമൊന്നും ഇരുവരും പങ്കുവയ്ക്കാറില്ലെന്നതും ശ്രദ്ധേയമാണ്. പാവക്കൂത്ത് ടാസ്കിൽ ആദ്യറൗണ്ടിൽ തന്നെ മാരാരെ പുറത്താക്കിയത് ശോഭയായിരുന്നു.
റെനീഷ- സെറീന- അഞ്ജൂസ് എന്നിവരൊക്കെ വളരെ ലൗഡായി അവരുടെ സൗഹൃദത്തെകുറിച്ച് സംസാരിക്കുമ്പോഴും ആഘോഷമാക്കുകയും ചെയ്യുമ്പോൾ ഒട്ടും സെലബ്രേറ്റ് ചെയ്യാൻ നിൽക്കാതെ, വളരെ സ്വാഭാവികമായി രസകരമായ സൗഹൃദ നിമിഷങ്ങൾ പങ്കിട്ടു പോവുന്ന ഈ കോമ്പോയ്ക്ക് ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ഇപ്പോൾ ആരാധകർ ഏറെയാണ്.