Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും കരുത്തയായ, ഏറ്റവും കൂടുതൽ കണ്ടന്റ് നൽകുന്ന മത്സരാർത്ഥി ആരെന്ന ചോദ്യത്തിന് നിലവിൽ ജാസ്മിൻ എന്നാണ് ഉത്തരം. തന്റെ അഭിപ്രായങ്ങൾ ഇമേജ് ഭയമില്ലാതെ തുറന്നു പറയുന്ന മത്സരാർത്ഥി കൂടിയാണ് ജാസ്മിൻ.
വീടിനകത്ത് ആധിപത്യം കാണിക്കാൻ ശ്രമിച്ച ലക്ഷ്മി പ്രിയ, റോബിൻ തുടങ്ങിയവരെയെല്ലാം നിഷ്‌പ്രഭമാക്കുന്നതായിരുന്നു ജാസ്മിന്റെ പ്രകടനം. വീടിനകത്ത് ആദ്യആഴ്ചയിൽ ഏറ്റവും കൂടുതൽ വഴക്കുകൾ ഉണ്ടാക്കിയിരിക്കുന്നതും ജാസ്മിൻ തന്നെ. ഡോക്ടർ റോബിന്റെ സ്ട്രാറ്റജികൾ പൊളിച്ചടുക്കുന്നതിനൊപ്പം തന്നെ ലക്ഷ്മി പ്രിയയുടെ കുലസ്ത്രീ കാരണവത്തി സ്വഭാവത്തിനിട്ടും കൊട്ടു കൊടുക്കുന്നുണ്ട് ജാസ്മിൻ.
വീക്ക്‌ലി എപ്പിസോഡിൽ മോഹൻലാൽ എത്തിയപ്പോഴും കൃത്യതയോടെയുള്ള സംസാരം കൊണ്ട് ജാസ്മിനാണ് സ്കോർ ചെയ്തത്. ലക്ഷ്മി പ്രിയയുമായുള്ള വഴക്കിന്റെ കാരണം തിരക്കിയ മോഹൻലാലിനോട്, അവരു പലപ്പോഴും ഒരു അമ്മായിയമ്മ സ്വഭാവം കാണിക്കുന്നു എന്നായിരുന്നു ജാസ്മിന്റെ മറുപടി. ജാസ്മിന്റെ തുറന്ന സംസാരം പലപ്പോഴും മോഹൻലാലിൽ പോലും ചിരിയുണർത്തുന്നതായിരുന്നു.
തഗ്ഗ് ഡയലോഗുകൾ അടിക്കാനും ജാസ്മിൻ മിടുക്കിയാണ്. നിമിഷയുമായി സംസാരിക്കുന്നതിനിടെ ജാസ്മിൻ പറഞ്ഞൊരു ഡയലോഗാണ് ഇപ്പോൾ ബിഗ് ബോസ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. “എന്റെ വീടിന്റെ ചുമരിൽ അധികം ആളുകളുടെ പടമൊന്നുമില്ല. ഒറ്റ ആളുടെ പടമേയുള്ളൂ, മമ്മൂക്കയുടെ. ഡാൻസ് ഞാൻ ചെയ്യില്ല,” എന്നായിരുന്നു ജാസ്മിന്റെ ഡയലോഗ്.