ബിഗ് ബോസ് മലയാളികൾ നാലാം സീസൺ അവസാനിച്ചതോടെ മത്സരാർത്ഥികളെല്ലാം മുംബൈയിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഓരോരുത്തർക്കും സുഹൃത്തുക്കളും ആരാധകരുമൊക്കെ ചേർന്ന് എയർപോർട്ടിൽ വലിയ സ്വീകരണമാണ് ഒരുക്കിയത്. ഇന്ന് രാവിലെയാണ് ബ്ലെസ്ലിയും ലക്ഷ്മിപ്രിയയും കേരളത്തിലെത്തിയത്.
എയർപോർട്ടിലെത്തിയ ബ്ലെസ്ലി മാധ്യമങ്ങളോട് പ്രതികരിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
“എന്താ പറയേണ്ടത് എന്നറിയില്ല. എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി,” എന്നായിരുന്നു ബ്ലെസ്ലീയുടെ ആദ്യപ്രതികരണം. ദിൽഷ വിജയിയായതിൽ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയാതെ ബ്ലെസ്ലീ ഒഴിഞ്ഞുമാറി.
ബിഗ് ബോസ് ഹൗസിൽ വച്ച് ദിൽഷയോട് തനിക്ക് തോന്നിയ പ്രണയം ബ്ലെസ്ലി തുറന്നു പറഞ്ഞിരുന്നു. പ്രായത്തിൽ തന്നേക്കാൾ ചെറുപ്പമായ ബ്ലെസ്ലിയോട് ഒരു അനിയനോടുള്ള സ്നേഹം മാത്രമേയുള്ളൂവെന്ന് ദിൽഷയും വ്യക്തമാക്കിയിരുന്നു. എന്നാൽ ദിൽഷ നോ പറഞ്ഞിട്ടും പ്രണയം പറഞ്ഞ് പിന്നാലെ നടന്ന ബ്ലെസ്ലിയുടെ പെരുമാറ്റങ്ങൾ വലിയ രീതിയിൽ പ്രേക്ഷകർക്കിടയിൽ വിമർശിക്കപ്പെട്ടിരുന്നു.
ഫിനാലെയ്ക്ക് രണ്ടു ദിവസം മുൻപായി ഈ സീസണിലെ മത്സരാർത്ഥികൾ എല്ലാവരും ബിഗ് ബോസ് വീട്ടിലേക്ക് റീഎൻട്രി നടത്തിയിരുന്നു. വീട്ടിലെത്തിയ അപർണ്ണയും ജാസ്മിനും ബ്ലെസ്ലിക്ക് കൺസെന്റിനെ കുറിച്ചും ഗുഡ് ടച്ച് ബാഡ് ടച്ചിനെ കുറിച്ചും പറഞ്ഞുകൊടുത്തിരുന്നു. ഇതിനു പിന്നാലെ തനിക്ക് തെറ്റ് സംഭവിച്ചു എന്ന് മനസിലാക്കിയ ബ്ലെസ്ലി ദിൽഷയോട് പോയി ക്ഷമ ചോദിക്കുകയും തനിക്ക് തോന്നിയ പ്രണയം അവസാനിപ്പിക്കുകയാണെന്ന് പറയുകയും ചെയ്തിരുന്നു.
അതിനിടയിൽ, ബ്ലെസ്ലിയെ സൂക്ഷിക്കണമെന്നും ഒറ്റയ്ക്ക് ബാത്റൂം ഏരിയയിലേക്ക് പോകരുതെന്നുമെല്ലാം ദിൽഷയെ ഉപദേശിക്കുന്ന റോബിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. റോബിൻ ആരാധകരിൽ ചിലർ വീഡിയോയെ അനുകൂലിച്ചും ബ്ലെസ്ലി ആരാധകർ റോബിനെതിരെ രൂക്ഷവിമർശനങ്ങളുമായും രംഗത്തെത്തി. ബ്ലെസ്ലിയെ മോശക്കാരനായി ചിത്രീകരിക്കാനുള്ള റോബിന്റെ ശ്രമമാണത് എന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ ബ്ലെസിലിയെയും ആരാധകരെയും വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും മറ്റൊരു വീഡിയോയുമായി റോബിനും രംഗത്തെത്തി.
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ബ്ലെസി തന്റെ സഹോദരൻ ആയിരുന്നു എന്നും എന്നാൽ ദിൽഷയോട് അപമര്യാദയായി പെരുമാറിയതിനാലാണ് അവന് എതിരെ പറയുന്നത് എന്നുമാണ് റോബിൻ വീഡിയോയിൽ പറഞ്ഞത്. ദിൽഷയ്ക്കൊപ്പമുള്ള ബ്ലെസ്ലിയുടെ ചില ദൃശ്യങ്ങൾ ചേർത്ത് തയ്യാറാക്കിയിരിക്കുന്ന വീഡിയോയിൽ ബ്ലെസ്ലിയുടെ പെരുമാറ്റത്തിൽ ദിൽഷ കംഫർട്ടബിൾ ആയിരിന്നില്ലെന്നും പുറത്തായിരുന്നെങ്കിൽ ‘അടിച്ച് മൂക്കാമണ്ഡ കലക്കിയേനെ’ എന്നും റോബിന്റെ ഭീഷണി മുഴക്കിയിരുന്നു. ഈ സംഭവവികാസങ്ങൾ ബ്ലെസ്ലിയെ മൊത്തത്തിൽ ഒന്നു ഡൗൺ ആക്കുകയും ചെയ്തിരുന്നു.