Bigg Boss Malayalam 4: സഹമത്സരാർത്ഥിയെ ശാരീരികമായി ആക്രമിക്കുകയും ബിഗ് ബോസ് നിയമം തെറ്റിക്കുകയും ചെയ്തതിനെ തുടർന്ന് കസ്റ്റഡി റൂമിലേക്ക് മാറ്റിയ ഡോക്ടർ റോബിൻ രാധാകൃഷ്ണനെ ഇന്നലെ വീക്കിലി എപ്പിസോഡിൽ പുറത്താക്കിയിരുന്നു. വീക്ക്ലി ടാസ്കിനിടെ ഉണ്ടായ വഴക്കിനിടയിലാണ് റോബിൻ സഹമത്സരാർഥിയായ റിയാസിനെ ആക്രമിച്ചത്. ഇതിനെ തുടർന്ന് റോബിനെ കസ്റ്റഡി റൂമിലേക്ക് മാറ്റുകയും സഹമത്സരാർത്ഥികളോടും റോബിനോടും സംഭവത്തെ കുറിച്ച് വിശദമായി ചോദിച്ചു മനസിലാക്കുകയും ചെയ്ത ശേഷമാണു റോബിനെ പുറത്താക്കിയത്. ചെയ്ത കുറ്റം റോബിൻ സമ്മതിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, വീട്ടിൽ നിന്ന് പുറത്തെത്തിയ റോബിന്റെ ആദ്യ പ്രതികരണമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയിലാണ് റോബിന്റെ പ്രതികരണം.
“എല്ലാവർക്കും നമസ്കാരം, എന്താണീ കാണുന്നത്. എന്റെ ദൈവമേ, ഒരുപാട് സന്തോഷം, എന്റെ അമ്മോ… ഒരുപാട് ഒരുപാട് ഒരുപാട്..എനിക്ക് വാക്കുകൾ കിട്ടാത്ത രീതിയിലുള്ള സ്നേഹവും സന്തോഷവും. ഒരുപാട് പേര് എന്നെ സ്നേഹിക്കുന്നു എന്ന് ഞാൻ അറിയുന്നു. അറിഞ്ഞു കൊണ്ടേയിരിക്കുന്നു. എനിക്ക് എന്റെ ഫോൺ എടുക്കാൻ പറ്റുന്നില്ല. വാട്സാപ്പിലൊക്കെ ഒരുപാട് പേർ മെസേജ് അയക്കുന്നുണ്ട്. വിളിക്കുന്നുണ്ട്. എന്നെ കൊണ്ട് വിളിക്കാൻ പറ്റാത്ത കൊണ്ടാണ്. പക്ഷേ എല്ലാവർക്കും ഞാൻ റിപ്ലൈ ചെയ്യും. നിങ്ങൾ തന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി. വീണ്ടും കാണുന്നതുവരെ ഗുഡ് നൈറ്റ്” ഇന്നലെ രാത്രി പങ്കുവച്ച വീഡിയോയിൽ റോബിൻ പറഞ്ഞു.
തെറ്റുപറ്റിയെന്നും ഒരു അവസരം കൂടി തരണമെന്നും കഴിഞ്ഞ ദിവസം റോബിൻ ബിഗ് ബോസിനോട് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ, റോബിന് ബിഗ് ബോസ് സെക്കന്റ് ചാൻസ് നൽകുമെന്നും റോബിൻ ഈ ആഴ്ച വീടിനകത്തേക്ക് തിരികെയെത്തുമെന്നുള്ള പ്രതീക്ഷയിലായിരുന്നു റോബിൻ ഫാൻസ്. എന്നാൽ, റോബിൻ ആരാധകരെ നിരാശരാക്കി കൊണ്ടാണ് റോബിൻ രാധാകൃഷ്ണൻ എന്ന മത്സരാർഥിയുടെ പടിയിറക്കം.
സഹമത്സരാർത്ഥിയെ ആക്രമിച്ചതിന്റെ പേരിൽ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്താകുന്ന രണ്ടാമത്തെ മത്സരാർഥിയാണ് റോബിൻ. ബിഗ് ബോസിന്റെ രണ്ടാം സീസണിൽ രജിത് കുമാർ എന്ന മത്സരാർത്ഥിയും ഇതുപോലെ പുറത്തായിരുന്നു.
Also Read: നിന്നെയും കൊണ്ടേ ഞാൻ പോവൂ, ജാസ്മിന്റെ വാക്കുകൾ സത്യമായി; റോബിനും ബിഗ് ബോസിൽ നിന്നും പുറത്തേക്ക്