Bigg Boss Malayalam 3: മലയാളത്തിലെ ഏറ്റവും വലിയ റിയിലിറ്റി ഷോയായ ബിഗ് ബോസിന്റെ ഗ്രാൻഡ് ഓപ്പണിംഗിന് ഇനി മൂന്നു നാൾ കൂടി ബാക്കി. കെട്ടിലും മട്ടിലും മാറ്റങ്ങളോടെ കൂടുതൽ മത്സരാർത്ഥികളുമായാണ് ഇത്തവണ ബിഗ് ബോസ് എത്തുന്നത്. ഫെബ്രുവരി 14നാണ് ബിഗ് ബോസിന്റെ ഗ്രാൻഡ് ഓപ്പണിംഗ് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുക. 18 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസിന്റെ ഭാഗമാവുക.
Read more: Bigg Boss Malayalam Season 3: ബിഗ് ബോസിനായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം
ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, നടൻ നോബി മാർക്കോസ്, ഡി ഫോർ ഡാൻസിന്റെ ടൈറ്റിൽ വിന്നറായ റംസാൻ മുഹമ്മദ് എന്നിവർ ഇത്തവണ ബിഗ് ബോസിലുണ്ട്. ഒപ്പം വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരും വാർത്തകളിൽ ഇടം നേടിയ, മലയാളികൾക്ക് സുപരിചിതരായ മുഖങ്ങളും ഇത്തവണ ഷോയുടെ ഭാഗമായി എത്തും. ഗായത്രി അരുണ്‍, രഹ്ന ഫാത്തിമ, ആര്‍ജെ കിടിലം ഫിറോസ്, ആര്യ ദയാൽ, സാജന്‍ സൂര്യ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.
ഫെബ്രുവരി 14ന് 7 മണിയ്ക്കാണ് ബിഗ് ബോസ് ഗ്രാൻഡ് ഓപ്പണിംഗ് സംപ്രേക്ഷണം. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാവും ഷോ സംപ്രേഷണം ചെയ്യുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും പ്രേക്ഷകർക്ക് ബിഗ് ബോസ് കാണാം.
കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കൃത്യമായ ക്വാറന്റൈൻ പൂർത്തിയാക്കിയാണ് മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ പ്രവേശിപ്പിക്കുക. ചെന്നൈയിൽ തന്നെയാണ് ഇത്തവണയും ബിഗ് ബോസിന്റെ സെറ്റ്.
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസൺ കോവിഡിന്റെ പശ്ചാത്തലത്തിൽ ഫിനാലെ നടത്താതെ അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഡോ. രജത് കുമാർ എന്ന മത്സരാർത്ഥിയായിരുന്നു സമൂഹമാധ്യമങ്ങളിൽ ഏറെ ഓളം സൃഷ്ടിച്ച ഒരാൾ. എന്നാൽ മറ്റൊരു മത്സരാർത്ഥിയുടെ കണ്ണിൽ മുളകു തേച്ച വിവാദവുമായി ബന്ധപ്പെട്ട് ഡോ. രജത് കുമാർ ഷോയിൽ നിന്നും പുറത്തുപോവേണ്ടി വരികയും അത് ഏറെ കോലാഹലങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
Read more: കുടത്തിലെ ഭൂതത്തെ തുറന്നു വിട്ട ‘ബിഗ് ബോസ്’
ബിഗ്ഗ് ബോസിന്റെ ആദ്യ സീസണും മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയിരുന്നു. ടിവി അവതാരകനായ സാബുമോൻ ബിഗ്ഗ് ബോസ് ടൈറ്റിൽ നേടിയപ്പോൾ പേളി മാണിയും മോഡലും നടനുമായ ഷിയാസ് കരീമുമാണ് റണ്ണർ അപ്പ് പുരസ്കാരങ്ങൾ നേടിയത്. ബിഗ് ബോസ് ഹൗസിലെ പേളി- ശ്രീനീഷ് അരവിന്ദ് പ്രണയവും തുടർന്നുള്ള ഇരുവരുടെയും വിവാഹവുമെല്ലാം വാർത്താ പ്രാധാന്യം നേടിയിരുന്നു.