Bigg Boss Malayalam: ബിഗ് ബോസ് മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ രണ്ടു മത്സരാർത്ഥികൾ കൂടി എത്തിയിരിക്കുകയാണ്. ആലപ്പുഴ സ്വദേശിയും മോഡലുമായ ഏഞ്ചലും ‘ചങ്ക്സ്’ സിനിമയിലൂടെ ശ്രദ്ധ നേടിയ രമ്യ പണിക്കരുമാണ് പുതിയ മത്സരാർത്ഥികൾ. ഇരുവരും മറ്റ് മത്സരാർത്ഥികളുമായി പരിചയം സ്ഥാപിച്ചു വരികയാണ്. അതിനിടയിൽ ഏഞ്ചൽ പങ്കുവച്ച തന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
Read more: Bigg Boss Malayalam 3: ബിഗ് ബോസ് ഹൗസിൽ നിന്നും ലക്ഷ്മി പുറത്തേക്ക്
ഒരു സുഹൃത്ത് വഴി ഷൂട്ടിങ്ങിനാണെന്ന് പറഞ്ഞ് തന്നെ പാലക്കാട്ടെ ഒരു ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയെന്നും അവിടെ എത്തിയപ്പോഴാണ് അത് സ്വർണക്കടത്ത് സംഘമാണെന്ന് താൻ മനസ്സിലാക്കിയതെന്നുമാണ് ബിഗ് ബോസ് മത്സരാർത്ഥികളോട് സംസാരിക്കവെ ഏഞ്ചൽ പറഞ്ഞത്. സ്വർണം കടത്താനാവില്ലെന്ന് പറഞ്ഞപ്പോൾ എട്ടു ദിവസത്തോളം തന്നെയും ഏതാനും പെൺകുട്ടികളെയും ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിൽ പൂട്ടിയിടുകയും ഇക്കാര്യങ്ങൾ പുറത്തു പറഞ്ഞാൽ വീട്ടുകാരെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഏഞ്ചൽ പറഞ്ഞു. ഒടുവിൽ ഹോട്ടലിലെ ഒരു ജോലിക്കാരന്റെ സഹായത്തോടെ അവിടെ നിന്നും രക്ഷപ്പെട്ട് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പക്ഷേ പൊലീസ് അതത്ര കാര്യമായി എടുത്തില്ലെന്നും ഏഞ്ചൽ ബിഗ് ബോസ് മത്സരാർത്ഥികളോടായി പറഞ്ഞു.
ഏഞ്ചൽ പറഞ്ഞ ഈ കഥയുടെ വാസ്തവം എന്താണെന്ന് അന്വേഷിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ ഇപ്പോൾ. ഏഞ്ചൽ പറഞ്ഞ കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതാണ് അക്കാലത്തെ ന്യൂസ് റിപ്പോർട്ടുകൾ.
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട പ്രതികൾക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ഏഞ്ചൽ മുൻപും വെളിപ്പെടുത്തിയിരുന്നു.
Read more: ഷംന കാസിമിനെ ബ്ലാക്ക്മെയില് ചെയ്ത കേസ്: പരാതിയുമായി കൂടുതൽ പേർ