ടെലിവിഷൻ ഷോകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം സീസൺ 2. നൂറ് ദിവസങ്ങളിലായി സംപ്രേഷണം ചെയ്യപ്പെടുന്ന ഷോ ഇപ്പോൾ 73 എപ്പിസോഡുകൾ പൂർത്തിയാക്കിയിരിക്കുകയാണ്. എന്നാൽ, ആരാധകർക്ക് ഏറെ നിരാശ നൽകുന്ന വാർത്തയാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ 2 അവസാനിപ്പിക്കുമെന്നാണ് വാർത്ത.
കോവിഡ്-19 വെെറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ബിഗ് ബോസ് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനകൾ നടക്കുന്നത്. ഇക്കാര്യത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അന്തിമ തീരുമാനത്തിൽ എത്തി രണ്ട് ദിവസത്തിനകം ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നും ബിഗ് ബോസ് അണിയറപ്രവർത്തകർ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Read Also: ഏറ്റവും മോശം സമയം, കയ്പേറിയ അനുഭവം; തന്നെ വേദനിപ്പിച്ച സംഭവത്തെ കുറിച്ച് പോണ്ടിങ്
“ബിഗ് ബോസ് സീസൺ 2 അവസാനിപ്പിക്കുന്നു എന്ന തരത്തിലുള്ള വാർത്ത ഏറെക്കുറെ ശരിയാണ്. അതേക്കുറിച്ച് ആലോചനകൾ നടക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം അന്തിമ തീരുമാനമെടുക്കും. കോവിഡ്-19 ന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ആലോചന നടക്കുന്നത്. ഷോയുടെ ഭാഗമായി ചെന്നെെയിലെ സെറ്റിൽ മൂന്നൂറോളം പേർ ജോലി ചെയ്യുന്നുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഇത്രയേറെ പേർ ഒന്നിച്ചു ജോലി ചെയ്യുന്നതിനു നിയന്ത്രണമുണ്ട്,” ബിഗ് ബോസ് അണിയറ പ്രവർത്തകർ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
” തമിഴ്നാട്ടിൽ കോവിഡ്-19 നിയന്ത്രണവിധേയമാണ്. എങ്കിലും സാമൂഹ്യപ്രതിബദ്ധത കൂടി കണക്കിലെടുത്ത് സർക്കാർ പുറപ്പെടുവിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ ബിഗ് ബോസ് ബാധ്യസ്ഥരാണ്,” അണിയറ പ്രവർത്തകർ പറയുന്നു.
Read Also: പോകുന്നതിനു മുൻപ് എന്റെ കയ്യിൽ നിന്നു വാങ്ങിക്കും ഇവൻ; സുജോയെ ഉന്നംവച്ച് ആര്യ
നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെക്കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.
കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തങ്ങളുടെ എല്ലാ അഡ്മിനിസ്ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റുകളും താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്നാണ് എൻഡമോൾ ഷെെൻ നേരത്തെ അറിയിച്ചത്. അതിനു പിന്നാലെയാണ് ഷോ നിർത്തിവയ്ക്കാൻ ആലോചനകൾ നടക്കുന്നതായി ബിഗ് ബോസ് അണിയറപ്രവർത്തകരും പറയുന്നത്.