പല സ്വഭാവത്തിലുള്ള, പല ജീവിതസാഹചര്യങ്ങളിൽ നിന്നും വരുന്ന 17 പേർ, ഒരു വീടിനകത്ത് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയേണ്ടി വരുമ്പോൾ ഉണ്ടാക്കുന്ന രസകരമായ കാഴ്ചകളും ഇടയ്ക്കിടെയുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളും കുഞ്ഞുകുഞ്ഞ് അടിപിടികളുമൊക്കെയായി ബിഗ് ബോസ് മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ്. എല്ലാവരും പരമാവധി സഹകരിച്ചുപോവുന്ന ബിഗ് ബോസ് വീട്ടിൽ അല്ലറ ചില്ലറ ബഹളങ്ങൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും കാരണമാകുന്നത് രജിത് കുമാറാണ്.
കഴിഞ്ഞ എപ്പിസോഡിൽ ഏറെ വാക്കേറ്റങ്ങൾക്കും സംവാദങ്ങൾക്കും കാരണമായത് രജിത് കുമാർ പങ്കുവച്ച ഒരു അനുഭവക്കഥയാണ്. ഭാര്യ അബോർഷനായിരിക്കുമ്പോൾ അതിനു വേണ്ടത് ചെയ്യാൻ നിൽക്കാതെ, ഭാര്യയുടെ കുടുംബത്തിലെ ഒരു കല്യാണം നടത്തികൊടുക്കാനും വാക്കു പാലിക്കാനും പോയ അനുഭവക്കഥ ഹൗസിലെ സഹവാസികളുമായി രജിത് കുമാർ പങ്കുവച്ചതാണ് മത്സരാർത്ഥികൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാക്കിയത്. അതിശയോക്തി കലർത്തിയുള്ള രജിത് കുമാറിന്റെ കഥപറച്ചിൽ രീതിയും, താൻ ചെയ്തതാണ് ശരിയെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയും എതിർപ്പ് രേഖപ്പെടുത്തുന്ന ബിഗ് ബോസ് ഹൗസിലെ സഹമത്സരാർത്ഥികളോട് രജിത് കാണിക്കുന്ന അസഹിഷ്ണുതയുമാണ് വാക്കേറ്റങ്ങളിലേക്ക് നയിച്ചത്.
രജിത് കുമാറിന്റെ കഥയിലെ അതിയശോക്തിയേയും ധാർമികതയേയും ‘ഞാൻ/ എന്റെ വാക്ക്’ എന്നിങ്ങനെ എടുത്തുപറയുന്ന ഈഗോകളെയും പെൺപട ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരം കഥകൾ പറയുമ്പോൾ ഞങ്ങളും അമ്മമാരാണ് എന്ന് ചേട്ടൻ മറക്കരുതെന്നാണ് ആര്യയും വീണയും ഒറ്റസ്വരത്തിൽ പറയുന്നത്.
രജിത് കുമാറിന്റെ കഥ ഫാബ്രിക്കേറ്റഡ് ആണെന്നാണ് സുരേഷ് കൃഷ്ണന്റെ പ്രതികരണം. ഹൗസ് മെമ്പേഴ്സ് അഭിപ്രായവും വിമർശനവും രേഖപ്പെടുത്തിയപ്പോൾ ഇതെല്ലാം നിങ്ങളുടെ സംഘടിത പ്ലാൻ ആണെന്ന് പറഞ്ഞ് മറ്റുള്ളവർ സംസാരിക്കുന്നത് കേൾക്കാൻ കൂട്ടാക്കാതെ രംഗം കാലിയാക്കുന്ന രജിത് കുമാറിനോട് സുരേഷ് കൃഷ്ണൻ തർക്കിക്കുന്നുമുണ്ട്. നിങ്ങൾ പറയുന്നതെല്ലാം ക്ഷമയോടെ ഞങ്ങൾ കേട്ടിരുന്നതിനാൽ ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ നിങ്ങളും ബാധ്യസ്ഥനാണ് എന്നാണ് സുരേഷ് കൃഷ്ണൻ വാദിക്കുന്നത്. അതേ അഭിപ്രായമാണ് അലീനയ്ക്കും ഉള്ളത്.
രജിത് കുമാർ പങ്കുവച്ച അനുഭവക്കഥയിൽ, ആ സാഹചര്യത്തിൽ അയാളുടെ സ്ഥാനത്ത് മറ്റാരായാലും പ്രാധാന്യം നൽകുക ഭാര്യയ്ക്കാവും എന്നാണ് ഭൂരിപക്ഷം ഹൗസ് മെമ്പേഴ്സിന്റെയും അഭിപ്രായം. ഈ വിഷയം ചെറുഗ്രൂപ്പുകളായി തിരിഞ്ഞ് ഹൗസ് മെമ്പേഴ്സ് ചർച്ച ചെയ്യുന്നുമുണ്ട്. കൂട്ടത്തിൽ എടുത്തുചാട്ടക്കാരനായ പരീക്കുട്ടി കുറച്ചുകൂടി രോഷാകുലനാണ്, ‘ഇങ്ങേരെ ഞാനീ ജയിലിൽ പൂട്ടിയിടും, ജയിലിന്റെ താക്കോൽ എനിക്ക് തരണം ബിഗ് ബോസ്,’ എന്നാണ് പരീക്കുട്ടിയുടെ അപേക്ഷ.
അതേസമയം, കുറച്ചുകൂടെ ക്ഷമയോടെ കാര്യങ്ങളെ സമീപിക്കാനാണ് ബിഗ് ബോസ് വീട്ടിലെ ഏറ്റവും ഇളയവനായ ഫുക്രുവിന്റെ ശ്രമം. രജിത് കുമാറിന്റെ കഥയിൽ അവ്യക്തത തോന്നുന്ന കാര്യങ്ങൾ ഫുക്രു നേരിട്ട് ചോദിച്ചു മനസ്സിലാക്കുകയാണ്. നിലവിൽ ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ മത്സരാർത്ഥികൾക്ക് വിയോജിപ്പുള്ള വ്യക്തികളിൽ ഒരാളായി രജിത് കുമാർ മാറുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്.
Read more: Bigg Boss Malayalam 2: ‘ബിഗ് ബോസ്’ ഹൗസിലേക്കുള്ള രജിത് കുമാറിന്റെ എൻട്രിയ്ക്ക് പിറകിൽ