Bigg Boss Malayalam 2 Episode 4 Highlights: രണ്ടാം ദിനം രാത്രിയോടെയാണ് നാലം എപ്പിസോഡ് ആരംഭിച്ചത്. ആര്യയുടെയും വീണയുടെയും കുശലം പറച്ചിലിലൂടെയാണ് എപ്പിസോഡ് തുടങ്ങുന്നത്. എലിമിനേഷനിൽ ആരെ ഒഴിവാക്കുമെന്നതാണ് ഇരുവരുടെയും സംശയം. എല്ലാരും നല്ലവരായതിനാൽ തന്നെ ആരെ നോമിനേറ്റ് ചെയ്യുമെന്നതാണ് ചോദ്യം.

മൂന്നാം ദിനം രാവിലെ തന്നെ ഫുക്രുവിന്റെ അഭ്യാസപ്രകടനമാണ് പ്രധാന കാഴ്ച. രജിത് കുമാറിനെ നിലത്ത് കിടത്തി ഞൊട്ട വിട്ടതാണ്. എങ്കിൽ പിന്നെ ഫുക്രുവിനെ ഒന്ന് പറ്റിച്ചേക്കാമെന്ന് രജിത് കുമാറും. നിശ്ചലനാക്കി ഫുക്രുവിനെ പറ്റിക്കാനുള്ള രജിത് കുമാറിന്റെ ശ്രമം എന്നാൽ ഫുക്രു തന്നെ പൊളിച്ചു. പിന്നീട് കുടുംബാംഗങ്ങളെല്ലാം ചേർന്ന് സോമദാസിന്റെ പാട്ട് ആസ്വാദിക്കുകയാണ്. പ്രണയിക്കുന്നവർക്ക് വേണ്ടിയായിരുന്നു ആദ്യ പാട്ടെങ്കിൽ രണ്ടാം പാട്ട് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത്.

സോമദാസ് പാട്ടിൽ മാത്രമല്ല പ്രൊഡക്ഷനിലും മിടുക്കനാണെന്ന് രജനി ചാണ്ടി. ചുരുങ്ങിയ സമയംകൊണ്ട് തന്നെ നാല് കുട്ടികളുണ്ടായതിനെയാണ് രജനി ചാണ്ടി പ്രശംസിക്കുന്നത്. പിന്നീട് തങ്ങൾ അനുഭവിച്ച പട്ടിണിയുടെയും തങ്ങളുടെ മേഖലകളിൽ ലഭിക്കാതെ പോയ പ്രോത്സാഹനങ്ങളുടെയും അവസരങ്ങളെയുകുറിച്ച് സംസാരിക്കുകയാണ് സോമദാസും സാജു നവോദയായും.

ആദ്യ ദിവസങ്ങളായതിനാൽ തന്നെ തങ്ങളുടെ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മത്സരാർഥികൾ. പഠനകാലം മുതൽ വിവാഹ മോചനം വരെയുള്ള കാര്യങ്ങൾ ആര്യ പറഞ്ഞപ്പോൾ തന്റെ ആദ്യ കുഞ്ഞിനെ നഷ്ടമായ കഥയാണ് രജിത് കുമാർ പറഞ്ഞത്. ഏറ്റെടുത്ത ഉത്തരവാദിത്വത്തിന്റെ പേരിൽ അബോർഷനായി പോയ കുഞ്ഞിനെയും ഭാര്യയെയും ഉപേക്ഷിച്ച് പോയ രജിത് കുമാറിന്റെ കഥ കേട്ടതും മറ്റ് മത്സരാർഥികൾ രജിത്തിനെതിരെ തിരിഞ്ഞു. എന്നാൽ അത് തനിക്കെതിരായ ആസൂത്രിത ആക്രമണമാണെന്ന് രജിത് ആരോപിച്ചു.

ഇത് വലിയ ചർച്ചക്കാണ് ഹൗസിൽ തുടക്കമിട്ടിരിക്കുന്നത്. സുരേഷ് കുമാറും മഞ്ജുവും ഉൾപ്പടെയുള്ളവർ രജിത് കുമാറിനെതിരെ ആഞ്ഞടിച്ചു. എന്നാൽ താൻ വാക്കു പാലിക്കാത്തവനാണെന്ന് വരുത്തി തീർക്കാനുള്ള ഭാര്യയുടെ ഈഗോയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് രജിത് പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook