ബിഗ് ബോസിൽ നിന്ന് പുറത്തായിട്ടും രജിത് കുമാറിനെതിരായ നിലപാടിൽ ഉറച്ചുനിന്ന് രേഷ്‌മ. കണ്ണിൽ മുളക് തേച്ചതിനെ രജിത് കുമാർ ന്യായീകരിച്ച രീതി തൃപ്‌തികരമല്ലെന്ന് രേഷ്‌മ പറഞ്ഞു. ബിഗ് ബോസിൽ നിന്നു പുറത്തായ ശേഷം ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനോട് പ്രതികരിക്കുകയായിരുന്നു രേഷ്‌മ.

“രജിത് കുമാർ നൽകിയത് ബാലിശമായ വിശദീകരണമാണ്. ക്ഷമ പറച്ചിൽ ആത്മാർത്ഥതയില്ലാത്തതാണ്. മുളക് തേച്ചത് കൊച്ചു കുട്ടിയാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്തുകൊണ്ട് ഇങ്ങനെ ചെയ്‌തു എന്ന് കൃത്യമായി അദ്ദേഹം മറുപടി നൽകുന്നില്ല. കൃത്യമായി മറുപടി നൽകാത്ത ആൾക്ക് ഇനിയുമൊരു അവസരം നൽകണോ? എന്റെ കണ്ണിൽ മുളക് തേച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ സ്വന്തം കണ്ണിൽ മുളക് തേച്ച് കോപ്രായമാണ് അദ്ദേഹം കാണിച്ചത്.” രേഷ്‌മ പറഞ്ഞു.

Read Also: കൊറോണ ബോധവത്‌കരണ വീഡിയോയിൽ രജിത് ഫാൻസിന്റെ അസഭ്യവർഷം; മോഹൻലാലിനെതിരെ സെെബർ ആക്രമണം

ക്ലാസ് റൂം ടാസ്‌കിനിടെ രജിത് കുമാർ രേഷ്‌മയുടെ കണ്ണിൽ മുളക് തേച്ചിരുന്നു. വീക്കിലി ടാസ്ക്കിനിടയിലായിരുന്നു രജിത് രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത്. സംഭവത്തെ തുടർന്ന് രജിത്തിനെ താൽക്കാലികമായി ഷോയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെ ഇന്നലെ നടന്ന എപ്പിസോഡിലാണ് അവതാരകനായ മോഹൻലാൽ ഇതേ കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞതും നിലപാട് വ്യക്‌തമാക്കിയതും. ഒട്ടും പ്രതീക്ഷിക്കാതെയാണ് സംഭവമുണ്ടായതെന്നും എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയണമെന്നും രേഷ്‌മ ആവശ്യപ്പെട്ടു. എന്നാൽ ഒട്ടും ന്യായികരിക്കാനാവുന്ന തെറ്റല്ല ഇതെന്ന് ആവർത്തിച്ച മോഹൻലാലും രജിത്തിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കാമെന്ന നിലപാടാണ് സ്വികരിച്ചത്. പിന്നീട് മറ്റ് മത്സരാർഥികളോടും മോഹൻലാൽ സംഭവത്തെക്കുറിച്ച് ചോദിച്ചു. രജിത്തിന് അബദ്ധം പറ്റിയതാണ് എന്ന നിലപാടാണ് മിക്ക മത്സരാർഥികളും സ്വീകരിച്ചത്. എന്നാൽ ഫുക്രു മാത്രം ചെയ്തത് തെറ്റാണെന്നും എന്തിനാണ് ഇത്തരം ഒരു ടാസ്ക്കിൽ മുളക് ഉപയോഗിക്കേണ്ടതെന്നും ചോദിച്ചു.

ശേഷം രജിത്തിനെ വിളിച്ചു വരുത്തിയ മോഹൻലാൽ സംഭവത്തെ കുറിച്ച് ചോദിക്കുകയാണ്. താൻ ചോദിക്കുന്ന കാര്യങ്ങൾക്ക് മാത്രം ഉത്തരം പറഞ്ഞാൽ മതിയെന്ന മുന്നറിയിപ്പ് നൽകിയിട്ടാണ് മോഹൻലാൽ സംസാരിച്ച് തുടങ്ങുന്നത്. ടാസ്ക്കിലെ ‘വികൃതികുട്ടി’യാകാനാണ് താൻ ശ്രമിച്ചതെന്ന വാദമാണ് രജിത് ഉന്നയിക്കുന്നത്. എന്നാൽ ചെയ്തത് തെറ്റാണെന്നും രജിത് സമ്മതിക്കുന്നു.

ബയോളജി അധ്യാപകനായതുകൊണ്ട് മുളകിന്റെ തീവ്രത എന്താണെന്ന് തനിക്കറിയാമെന്നും എന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ തന്റെ കണ്ണുകൾ തന്നെ ദാനം ചെയ്യാൻ തയ്യാറാണെന്നും രജിത് പറഞ്ഞു. ഇതിന് ശേഷം രേഷ്മയുടെ പിതാവിനോടും സംസാരിച്ച് മാപ്പ് ചോദിക്കുകയാണ് രജിത്. എന്നാൽ നേരത്തെ തന്നെ കരുതികൂട്ടി ഒരു സ്ത്രീയോട് എന്തിന് ഇങ്ങനെ ചെയ്തുവെന്ന ചോദ്യമാണ് രേഷ്മയുടെ അമ്മ ഉന്നയിക്കുന്നത്. രജിത് രേഷ്മയോടും മാപ്പ് ചോദിച്ചതോടെ തീരുമാനം രേഷ്മയ്ക്ക് തന്നെ വിട്ടിരിക്കുകയാണ് മോഹൻലാൽ. ക്ഷമിക്കാൻ തയ്യാറാണെന്നും എന്നാൽ ഇനി വീട്ടിലേക്ക് വരുന്നതിനോട് യോജിപ്പില്ലെന്നും രേഷ്മ വ്യക്തമാക്കിയതോടെ രജിത് ബിഗ് ബോസിൽ നിന്നു പുറത്താകുകയായിരുന്നു.

Read Also: എനിക്കും നിങ്ങളെ പോലെ ഒരു നടനാവണം; ഗിന്നസ് പക്രുവിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞ് ക്വേഡൻ

അതേസമയം, ഇന്നലെ നടന്ന എപ്പിസോഡിൽ രേഷ്‌മ ബിഗ് ബോസിൽ നിന്ന് പുറത്തായി. ഇത്തവണ ഏറ്റവും കുറവ് വോട്ടുകൾ ലഭിച്ചത് രേഷ്‌മയ്‌ക്കാണെന്നും അതുകൊണ്ട് രേഷ്‌മ തന്റെ അടുത്തേക്ക് വരട്ടെ എന്നും ലാലേട്ടൻ പറഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞ് രേഷ്‌മ ബിഗ് ബോസിന്റെ പടിയിറങ്ങി. എങ്ങനെയെങ്കിലും ഇറങ്ങി പോകണമെന്ന് ആഗ്രഹിച്ചു നിൽക്കുകയായിരുന്നു താനെന്ന് പറഞ്ഞാണ് രേഷ്‌മ ബിഗ് ബോസിൽ നിന്നു പോയത്. ഗ്രൂപ്പ് സെൽഫിയെല്ലാം എടുത്ത ശേഷം രേഷ്‌മ വളരെ സന്തോഷത്തോടെയാണ് പുറത്തിറങ്ങിയത്.

പുറത്തായ ശേഷം മോഹൻലാലിന്റെ അടുത്തെത്തിയ രേഷ്‌മ ബിഗ് ബോസിനെതിരെ വെടിപൊട്ടിച്ചു. ബിഗ് ബോസ് വീട്ടിലെ രേഷ്‌മയുടെ രംഗങ്ങൾ മോഹൻലാൽ കണിച്ചുകൊടുത്തു. താൻ വഴക്കുകൂടിയ സീനുകൾ മാത്രമേ ബിഗ് ബോസ് കാണിച്ചിട്ടുള്ളൂ എന്നായി രേഷ്‌മ. ബിഗ് ബോസിനു അകത്തുള്ളതിനേക്കാൾ രാഷ്ട്രീയമാണ് പുറത്തുള്ളതെന്ന് രേഷ്‌മ പറഞ്ഞു. തന്റെ കണ്ണിൽ പച്ചമുളക് തേച്ചു. അതിനു ഇരയായ തന്നെ അതേ ആഴ്‌ച തന്നെ പുറത്താക്കുന്നതു കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നതെന്ന് രേഷ്‌മ മോഹൻലാലിനോട് പറഞ്ഞു.

മോഹൻലാൽ രേഷ്‌മയെ തിരുത്തി. പ്രേക്ഷക വോട്ടുകൾ കൊണ്ടാണ് വിധി നിർണയിക്കുന്നതെന്നും മുളക് തേച്ചാലും ഇല്ലെങ്കിലും ഇത്തവണ രേഷ്‌മ തന്നെ പുറത്തു പോകേണ്ടി വരുമെന്നും മോഹൻലാൽ പറഞ്ഞു. രേഷ്‌മയ്‌ക്ക് അങ്ങനെയൊരു തെറ്റിദ്ധാരണ വേണ്ടെന്നും മോഹൻലാൽ പറഞ്ഞു. എന്തായാലും താൻ പുറത്തിറങ്ങാൻ ആഗ്രഹിച്ചിരുന്നെന്നും വീട്ടിൽ പോയി പല കാര്യങ്ങളും ചെയ്യാനുണ്ടെന്നും ബിഗ് ബോസ് വീട്ടിൽ വളരെ ബുദ്ധിമുട്ടോടെയാണ് നിന്നതെന്നും രേഷ്‌മ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook