Bigg Boss Malayalam 2: ബിഗ് ബോസ് ഷോയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥിയാണ് രജിത്ത് കുമാർ. അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് പലപ്പോഴും ബിഗ് ബോസിൽ ചർച്ചയായിട്ടുണ്ട്. വിവാഹ മോചിതനാണ് രജിത്ത് കുമാർ. ഭാര്യയുമായുള്ള ബന്ധത്തെ കുറിച്ച് പലതവണ രജിത്ത് കുമാർ പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ രജിത്ത് കുമാറിനെ വീണ്ടും ഒരു വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് ദയ അച്ചു അടക്കമുള്ള ബിഗ് ബോസ് മത്സരാർഥികൾ. ഇന്നലെ രസകരമായ സംഭവങ്ങളാണ് ബിഗ് ബോസ് വീട്ടിൽ ഇതുമായി ബന്ധപ്പെട്ട് അരങ്ങേറിയത്.
രജിത്തും ദയയും തമ്മിലുള്ള സംഭാഷണം ഏറെ രസകരമായിരുന്നു. തന്നെ വിവാഹം കഴിപ്പിക്കാണ്ട് ദയയ്‌ക്ക് എന്താണ് ഇത്ര തിരക്കെന്ന് രജിത്ത് ചോദിച്ചു. തന്നെ കല്യാണം കഴിപ്പിച്ചിട്ട് ദയയ്‌ക്ക് എന്തു കുന്തം കിട്ടാനാണെന്ന് രജിത്ത് ചോദിച്ചു. നീയല്ല, ഉർവശി, മേനക, രംഭ എന്നിവർ മുന്നിൽവന്നു തുള്ളിച്ചാടിയാലും തന്റെ രോമത്തിൽ തൊടാൻ സാധിക്കില്ലെന്ന് രജിത്ത് പറഞ്ഞു.
‘വേണുവേട്ടാ…’എന്നു വിളിച്ചുകൊണ്ട് രജിത്തിനു മുന്നിലേക്ക് ഒരു കത്ത് ദയ നീട്ടി. ‘എന്നേക്കാൾ 16 വയസ്സിനു ഇളയതാണ്, മാമാ..മാമാ..എന്നു വിളിക്കാൻ ഞാൻ പലവട്ടമായി പറയുന്നു’ എന്നായി രജിത്ത് കുമാർ. ദയയുടെ പ്രണയാഭ്യർഥനയാേടു മുഖംതിരിക്കുന്ന രജിത്തിനെയാണ് ഇന്ന് കണ്ടത്. “മോഹങ്ങൾ മുരടിച്ചു, മോതിരക്കെെ മരവിച്ചു” എന്ന പാട്ടായിരുന്നു ദയ പിന്നീട് രജിത്തിനു വേണ്ടി പാടിയത്. ഇതു കേട്ടതും ദയയെ രജിത്ത് ട്രോളി. ‘കൊച്ചേ, നേരത്തെ ചോറു തന്നെയല്ലേ കഴിച്ചത്’ എന്നായി രജിത്ത് കുമാർ. പ്രണയത്തിനു കണ്ണില്ല, മൂക്കില്ല, വയസ്സില്ല എന്നു ദയ തിരിച്ചു പറഞ്ഞു. അപ്പോൾ തന്നെ വീണയുടെ ചോദ്യമെത്തി ‘ അപ്പോ, ജ്യേഷ്‌ഠനെ കയറി പ്രണയിക്കാമെന്നാണോ? ‘
ബിഗ് ബോസിൽ ദയ എത്തിയ ദിവസം മുതൽ രജിത്തുമായി നല്ല കമ്പനിയാണ്. ഇടയ്‌ക്കിടെ പരസ്‌പരം ഏറ്റുമുട്ടുമ്പോഴും രജിത്തിനെ പിന്തുണയ്‌ക്കുന്ന സമീപനമാണ് ദയയ്‌ക്ക്. കഴിഞ്ഞ ദിവസം ബിഗ് ബോസി വീട്ടിലേക്ക് മോഹൻലാൽ എത്തിയിരുന്നു. രജിത്ത് കുമാറിന്റെ ക്യാപ്‌റ്റൻസിയിൽ ആരൊക്കെ തൃപ്‌തരാണെന്ന് മോഹൻലാൽ എല്ലാവരോടുമായി ചോദിച്ചിരുന്നു. രജിത്ത് കുമാറിന്റെ ക്യാപ്‌റ്റൻസിയിൽ എല്ലാവരും കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയപ്പോൾ ദയ മാത്രമാണ് പിന്തുണച്ച് കെെ ഉയർത്തിയത്. മത്സരാർഥികൾ തമ്മിൽ പ്രശ്‌നമുണ്ടാകുമ്പോൾ എല്ലാം രജിത്തിന്റെ ഭാഗത്താണ് ദയ നിൽക്കുന്നത്.