ബിഗ് ബോസ് വീട്ടിൽ പരസ്‌പരം അധികം സംസാരിക്കാത്തവരാണ് പ്രദീപും ദയ അശ്വതിയും. എന്നാൽ, തങ്ങൾ തമ്മിൽ നേരത്തെ നല്ല അടുപ്പത്തിലായിരുന്നെന്നും ഇവിടെ എത്തിയപ്പോൾ പ്രദീപേട്ടൻ തന്നോട്ട് അപരിചിതയെ പോലെ പെരുമാറുകയാണെന്നും ദയ അശ്വതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തവണ നോമിനേഷനിൽ ഉള്ളവരാണ് പ്രദീപും ദയയും. എന്നാൽ, ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ ആർക്ക് വിനയാകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

കഴിഞ്ഞ ദിവസം നോമിനേഷനിൽ പ്രദീപിന്റെ പേരാണ് ദയ അശ്വതി പറഞ്ഞത്. അതിനു തക്കതായ കാരണമുണ്ടെന്നും ദയ പറയുന്നു. “ബിഗ് ബോസിലേക്ക് വരുമ്പോൾ തന്നെ പ്രദീപിനെ അറിയാം. 25 വയസ് ഉള്ള സമയം തൊട്ടേ പ്രദീപേട്ടനെ അറിയാം. പക്ഷേ, ബിഗ് ബോസിലേക്ക് വന്ന ശേഷം അറിയാത്ത പോലെയാണ് പെരുമാറിയത്. ഞാൻ കോട്ടയത്ത് കംപ്യൂട്ടർ കോഴ്‌സും പെയിന്റിങ്ങും ചെയ്‌തിരുന്ന സമയമാണ്. ചങ്ങനാശേരിയിൽ ഒരു വീട്ടുജോലിയും ചെയ്‌തിരുന്നു. ആ സമയത്താണ് പ്രദീപേട്ടനെ പരിചയപ്പെടുന്നത്. ഒരു വർഷത്തോളം പ്രദീപേട്ടൻ എന്നെ ഫോൺ വിളിക്കുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. പിന്നീട് എന്നിൽ നിന്ന് അകലുകയായിരുന്നു. ഞാൻ വലിയൊരു നടനാണ് എന്നു പറഞ്ഞാണ് ആ ബന്ധം പ്രദീപേട്ടൻ തള്ളികളഞ്ഞത്” ദയ അശ്വതി പറഞ്ഞു.

Read Also: മകന്റെ വിവാഹം ‘കലക്കാൻ’ അമ്മയുടെ ക്വട്ടേഷൻ; വിചിത്ര കേസിൽ കോടതി ഇടപെടൽ

ബിഗ് ബോസിൽ എത്തിയ ശേഷം തന്നെ അറിയും എന്ന പരിചയം പോലും പ്രദീപേട്ടൻ കാണിച്ചില്ല. പരിചയം കാണിച്ചില്ലെന്ന് മാത്രമല്ല രണ്ട് ആറ്റംബോംബുകളാണ് ബിഗ് ബോസിൽ എത്തിയിരിക്കുന്നതെന്ന് തന്നെ കുറിച്ച് പറയുകയും ചെയ്‌തു. ഒരു സുഹൃത്ത് എന്ന നിലയിൽ യാതൊരു ക്വാളിറ്റിയുമില്ലാത്ത ആളാണ് പ്രദീപെന്നും ദയ പറഞ്ഞു.

ഇതിനു പിന്നാലെ പ്രദീപ് കൺഫഷൻ റൂമിലെത്തി. ദയ പ്രദീപിനെ നോമിനേറ്റ് ചെയ്‌തപ്പോൾ പ്രദീപ് നോമിനേറ്റ് ചെയ്‌തത് ദയയെ. ഇതോടെ പ്രേക്ഷകർ പ്രദീപ് പറയുന്നത് കേൾക്കാൻ കാതോർത്തു. ദയയെ കുറിച്ച് പ്രദീപ് പറഞ്ഞത് ഇങ്ങനെ: “അവര്‍ക്കിപ്പൊ ഇവിടെ വന്നതിന് ശേഷം ഇവിടുത്തെ രീതികളും കാര്യങ്ങളുമൊന്നും പ്രത്യേകിച്ച് ഓകെയായിട്ട് തോന്നുന്നില്ല. പിന്നെ മാനസികമായിട്ടും എനിക്ക് പല കാര്യങ്ങളും..എനിക്കത് ഓകെ ആയിട്ട് തോന്നാത്തത് കാരണവും അവരെ ഞാന്‍ നോമിനേറ്റ് ചെയ്യുന്നു.” ചുരുങ്ങിയ വാക്കുകൾ കൊണ്ടാണ് പ്രദീപ് ദയയെ കുറിച്ച് പറഞ്ഞവസാനിപ്പിച്ചത്.

Read Also: ഫിറ്റ്നസും ആരോഗ്യവും മറന്നൊരു കളിയില്ല; സൗന്ദര്യരഹസ്യം പങ്കുവച്ച് മല്ലിക ഷെറാവത്ത്

ദയ കൺഫഷൻ റൂമിൽ തന്നെ കുറിച്ച് എന്ത് പറഞ്ഞിട്ടുണ്ടാകും എന്ന ആശങ്ക പ്രദീപിനുണ്ടായിരുന്നു. എന്നാൽ, ദയ പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് സ്വയം ആശ്വസിക്കുന്ന പ്രദീപിനെയും കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ പ്രേക്ഷകർ കണ്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook