Bigg Boss Malayalam 2020 Highlights: ടെലിവിഷൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘ബിഗ് ബോസ്’ മലയാളം സീസൺ 2വിന് തുടക്കം കുറിച്ചു. ബിഗ് ബോസ് ഹൗസ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ മോഹൻലാൽ മത്സരാർത്ഥികളെ ഓരോരുത്തരെയായി പരിചയപ്പെടുത്തി. അഭിനേത്രിയായ രജനി ചാണ്ടി, നടിയും അവതാരകയുമായ അലീന പടിക്കൽ, ആർ ജെ രഘു, അവതാരകയും നടിയുമായ ആര്യ, നടൻ സാജു നവോദയ, നടി വീണ നായർ, അഭിനേതാക്കളായ മഞ്ജു പത്രോസ്, പരീക്കുട്ടി, പ്രദീപ് ചന്ദ്രൻ, തെസ്നി ഖാൻ, ഡോ. രജത് കുമാർ, ടിക് ടോക് താരം ഫുക്രു, മോഡൽ രേഷ്മ, ഗായകൻ സോമദാസ്, എയർഹോസ്റ്റസും അഭിനേത്രിയുമായ അലക്സാണ്ട്ര ജോൺ, നടൻ സുജോ മാത്യു, സംവിധായകൻ സുരേഷ് കൃഷ്ണൻ എന്നിവരെയാണ് മോഹൻലാൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. 17 മത്സരാർത്ഥികളാണ് ഇത്തവണ ‘ബിഗ് ബോസി’ൽ ഉള്ളത്.
Read Here: Bigg Boss Malayalam 2 Recap: ‘ബിഗ് ബോസ് 2‘‘ മുപ്പതു ദിനം കടക്കുമ്പോള്‍
തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി 9.30നും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കുമാണ് ‘ബിഗ് ബോസ്’ മലയാളത്തിന്റെ പുതിയ പതിപ്പ് സംപ്രേക്ഷണം ചെയ്യുക. സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും ‘ബിഗ് ബോസ്’ കാണാം.
‘ബിഗ് ബോസ്’ ഹൗസിൽ നിന്നുമുള്ള വിശേഷങ്ങളും കാഴ്ചകളും; തത്സമയം
Live Blog
Bigg Boss Malayalam 2 Live Updates: ബിഗ് ബോസ് മലയാളം സീസൺ 2 ലൈവ്
ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയാണ് ‘ബിഗ് ബോസ്’. പരിപാടിയുടെ ഭാഗമാകുന്ന ഓരോ മത്സരാര്‍ത്ഥിയും 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കുമെന്നതാണ് ‘ബിഗ് ബോസി’ന്റെ പ്രത്യേകത. ‘ബിഗ് ബോസി’ന്റെ ഭാഗമാകുന്നിടത്തോളം കാലം അവര്‍ക്ക് സ്വകാര്യതയില്ല എന്നതാണ് സത്യം. ശുചിമുറിയില്‍ ഒഴികെ മറ്റെല്ലായിടത്തും ക്യാമറകള്‍ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കും. രാവിലെ ഉണരുന്നതു മുതല്‍ ഉറങ്ങുന്നതുവരെ അവരുടെ ജീവിതം മറ്റുള്ളവര്‍ക്കു മുന്നില്‍ തുറന്നിരിക്കും. അവരെ ലോകം മുഴുവന്‍ കാണുമ്പോഴും അവര്‍ ആരെയും കാണില്ല എന്നതാണ് കൗതുകകരമായ കാര്യം.
ഓരോ ആഴ്ചയിലും മത്സരാര്‍ത്ഥികള്‍ക്ക് ചെയ്യേണ്ട ടാസ്കുകള് നല്‍കും. ഇത് ഭംഗിയായി ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ മുന്നോട്ടുള്ള പോക്ക്. അത് തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍ കൂടിയാണ്. എസ്എംഎസ് വഴിയോ ഓണ്‍ലൈനായോ പ്രിയപ്പെട്ട മത്സരാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയും അവരെ നൂറു ദിവസം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യാം. കുറഞ്ഞ വോട്ട് ലഭിക്കുന്ന മത്സരാര്‍ത്ഥി പുറത്താകും. മാത്രമല്ല, പരിപാടിയുടെ നിയമങ്ങള്‍ പാലിക്കാതിരിക്കുന്നവര്‍ക്കും തക്കതായ ശിക്ഷ ലഭിക്കും.
പരിപാടിയുടെ നിയന്ത്രണം മുഴുവന്‍ ‘ബിഗ് ബോസി’ന്റെ കൈയ്യിലായിരിക്കും. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചു മാത്രമേ ഇവര്‍ക്ക് നീങ്ങാന്‍ സാധിക്കൂ. അതേസമയം പ്രത്യേകിച്ചൊരു സ്ക്രിപ്റ്റൊന്നും ഇല്ലാത്ത പരിപാടിയാണിത്. ‘ബിഗ് ബോസി’നെ കാണാന്‍ മത്സരാര്‍ത്ഥികള്‍ക്ക് സാധിക്കില്ല. അദ്ദേഹത്തിന്റെ ശബ്ദം മാത്രമേ കേള്‍ക്കൂ. ഇനി ആര്‍ക്കെങ്കിലും ‘ബിഗ് ബോസി’നോട് സംസാരിക്കാനുണ്ടെങ്കില്‍, കണ്ഫഷന് റൂം ഉണ്ടായിരിക്കും. അവിടെ പോയി ഇരുന്ന് മനസു തുറക്കാം. അതേസമയം, ‘ബിഗ് ബോസി’നെ കാണാന്‍ സാധിക്കില്ല.
ബിഗ് ബോസ് ഹൗസിലെ പതിനാറാമൻ അകത്തേക്ക് വന്നത് പ്രേക്ഷകർ അറിയാതെ, നടൻ സുജോ മാത്യുവിന്റെ എൻട്രിയാണ് പ്രേക്ഷകർ കാണാതെ പോയത്. ‘ഒരു കുപ്പൈ കഥൈ’ എന്ന ചിത്രത്തിൽ അഭിനയിച്ച താരമാണ് സുജോ മാത്യു. ടെലികാസ്റ്റിൽ നിന്നും സുജോയുടെ എൻട്രി ഒഴിവാക്കിയതാവാം എന്നാണ് കരുതുന്നത്. എന്തായാലും സുജോയും ഉണ്ട് ബിഗ് ബോസ് സീസൺ 2 വിൽ മത്സരിക്കാൻ.
സംവിധായകനും പ്രിയദർശന്റെ അസിസ്റ്റന്റായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിക്കുകയും ചെയ്ത സുരേഷ് കൃഷ്ണനാണ് ബിഗ് ബോസ് വീട്ടിലെ പതിനേഴാമത്തെ അതിഥി.
എയർഹോസ്റ്റസ് ആയ അലക്സാണ്ട്ര ജോൺസൺ ആണ് ബിഗ് ബോസ് ഹൗസിലെ മറ്റൊരു അതിഥി. കോഴിക്കോട് സ്വദേശിയായ അലക്സാണ്ട്ര എയർഹോസ്റ്റസ് ജോലി രാജിവെച്ച് അഭിനയത്തിലും മോഡലിലും ശ്രദ്ധിക്കുന്നതിനിടയിലാണ് ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്. “ഉണരുന്നതും ഉറങ്ങുന്നതും ഫോൺ കണികൊണ്ടാണ്, എങ്ങനെ ഫോണില്ലാതെ ജീവിക്കാൻ കഴിയുമെന്ന് എനിക്കറിയില്ല. എങ്കിലും ചലഞ്ച് ഏറ്റെടുക്കുന്നു,” അലക്സാണ്ട്ര പറയുന്നു.
ഗായകനും ഐഡിയ സ്റ്റാർ സിംഗറിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ സോമദാസ് ആണ് ബിഗ് ബോസ് ഹൗസിലെ പതിനാലാമത്തെ മത്സരാർത്ഥി.
മോഡലും ഡയമണ്ട് ആഭരണങ്ങളുടെ ഡിസൈനറുമായ രേഷ്മ രാജനാണ് ബിഗ് ബോസ് ഹൗസിലെ അത്ര പ്രശസ്തയല്ലാത്ത മറ്റൊരു മുഖം. രേഷ്മ ഒരു മൃഗ സ്നേഹിയാണ്. ബൈ പോളാർ മസ്താനി എന്നാണ് രേഷ്മയുടെ ഇൻസ്റ്റഗ്രാമിലെ പേര്. മൂഡ് സിങ്ങ് വളരെയേറയുള്ള ഒരാളാണ് താനെന്നും അതാണ് അത്തരമൊരു പേരിനു പിന്നിലെന്നും രേഷ്മ പറഞ്ഞു.
ടിക് ടോക് താരം ഫുക്രിവിനു വേണ്ടിയുള്ള ടിക്ടോക് പ്രേമികളുടെ മുറവിളികൾ വെറുതെയായില്ല. പന്ത്രണ്ടാമത്തെ മത്സരാർത്ഥിയായി മോഹൻലാൽ പരിചയപ്പെടുത്തിയത് ടിക് ടോക് താരം ഫുക്രുവിനെയാണ്.
Bigg Boss Malayalam Season 2: വേറെ ലെവൽ കളിയ്ക്ക് ‘ബിഗ് ബോസി’ൽ ഫുക്രുവും
‘കറുത്തമുത്ത്’, ‘കുഞ്ഞാലിമരയ്ക്കാർ’ തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ പ്രദീപ് ചന്ദ്രനാണ് മറ്റൊരു മത്സരാർത്ഥി. നിരവധി ചിത്രങ്ങളിലും പ്രദീപ് അഭിനയിച്ചിട്ടുണ്ട്.
വിവാദങ്ങളിലൂടെ ശ്രദ്ധേയനായ ഡോ. രജത് കുമാര്‍ ആണ് ബിഗ് ബോസ് ഹൗസിലെ ഒരു അപ്രതീക്ഷിത അതിഥി. വെള്ള ത്താടിയും വെള്ളമുണ്ടിലും എല്ലാവരും കണ്ടു പരിചരിച്ച ഡോ. രജത് കുമാർ തലയൊക്കെ ഡൈ ചെയ്ത് പുതിയ രൂപഭാവത്തിലാണ് ബിഗ് ബോസ് ഹൗസിലെത്തുന്നത്. അമ്മയ്ക്ക് വേണ്ടിയാണ് ഈ പുതിയ ഗെറ്റപ്പ് എന്നാണ് രജത് കുമാർ പറയുന്നത്.
ഹാസ്യവേഷങ്ങളിലൂടെയും ക്യാരക്ടർ റോളുകളിലൂടെയും ശ്രദ്ധേയയായ മുതിർന്ന അഭിനേത്രി തെസ്നിഖാനും ബിഗ് ബോസ് ഹൗസിലേക്ക്. ‘ഡെയ്സി’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച തെസ്നി ഖാൻ 200 ലേറെ ചിത്രങ്ങളിലും നിരവധി സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകർക്ക് ചിരപരിചിതയായ കലാകാരിയാണ്. അത്യാവശ്യം ചെപ്പടിവിദ്യകൾ അറിയുന്ന ഒരു മജീഷ്യൻ കൂടിയാണ് തെസ്നി ഖാൻ.
ഗായകനും നടനും ടിക് ടോക് താരവുമായ പരീക്കുട്ടി പെരുമാളാണ് ബിഗ് ബോസ് ഹൗസിലെ എട്ടാമൻ. ഒമര്‍ ലുലുവിന്റെ ‘ഹാപ്പി വെഡ്ഡിംഗ്’ , ‘ചങ്ക്സ്’ തുടങ്ങിയ ചിത്രങ്ങളിലും പരീക്കുട്ടി ശ്രദ്ധ നേടി. ടിക് ടോകിൽ ഏറെ ആരാധകരുള്ള താരം കൂടിയാണ് പരീക്കുട്ടി.
‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജു പത്രോസ്. തുടര്‍ന്ന് മഴവിൽ മനോരമയിലെ ‘ മറിമായം’ എന്ന പരമ്പരയിലൂടെയും മഞ്ജു ശ്രദ്ധ നേടി. അനില്‍ രാധാകൃഷ്ണ മേനോന് സംവിധാനം ചെയ്ത ‘നോര്‍ത്ത് 24 കാതം’, മോഹൻലാൽ നായകനായ ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ തുടങ്ങിയ സിനിമകളിലും മഞ്ജു അഭിനയിച്ചിരുന്നു.
അഭിനേത്രിയായ വീണ നായരും ഈ സീസണിൽ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തുകയാണ്. സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് വീണ നായർ. നിരവധി സിനിമകളിലും വീണ വേഷമിട്ടിട്ടുണ്ട്. മൂന്നു വയസ്സുകാരൻ മകൻ അമ്പാടിയെ പിരിഞ്ഞാണ് വീണ ബിഗ് ബോസിലെത്തുന്നത്.
മിമിക്രി വേദികളില്‍ നിന്നും ടെലിവിഷൻ രംഗത്തെത്തിയ സാജു നവോദയയാണ് അഞ്ചാമത്തെ മത്സരാർത്ഥി. പാഷാണം ഷാജി എന്ന രീതിയിൽ പ്രശസ്തനായ സാജു നവോദയ സിനിമകളിലും സജീവമാണ്.
മകൾ റോയയെ വിട്ട് ബിഗ് ബോസ് ഹൗസിലേക്ക് എത്തുകയാണ് ആര്യ. ആദ്യം മുതൽ പ്രേക്ഷകർ എടുത്തു പറഞ്ഞ പേരുകളിൽ ഒന്നാണ് ആര്യയുടേത്. നടിയും അവതാരകയുമായ ആര്യയെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാക്കിയത് ‘ബഡായി ബംഗ്ലാവ്’ ആണ്.
മോളെയാവും ഈ നൂറുദിവസം ഏറെ മിസ്സ് ചെയ്യുക എന്ന ആര്യ പറയുന്നു.
ആർ ജെ രഘുവാണ് ബിഗ് ബോസ് ഹൗസിലെ മൂന്നാമത്തെ മത്സരാർത്ഥി. രഘു സുഭാഷ് ചന്ദ്രൻ എന്നാണ് മുഴുവൻ പേര്. റേഡിയോയിൽ ആർ ജെയായ രഘു കോഴിക്കോട് സ്വദേശിയാണ്. ഗെയിം പ്രാന്തനും മടിയനുമൊക്കെയാണ് രഘുവെന്നാണ് വീട്ടുകാരുടെ അഭിപ്രായം. തനി കോഴിക്കോട് ഭാഷയിലുള്ള സംസാരത്തോടെയാണ് രഘുവിന്റെ എൻട്രി.
ബിഗ് ബോസ് ഹൗസിലെത്തിയ രഘുവിന് വീട് പരിചയപ്പെടുത്തുകയാണ് അലീന പടിക്കൽ.
നടിയും അവതാരകയുമായ അലീന പടിക്കലാണ് ബിഗ് ബോസ് രണ്ടാം സീസണിലെ മറ്റൊരു മല്‍സരാര്‍ത്ഥി. ടെലിവിഷന്‍ സീരിയലുകളിലൂടെ തുടങ്ങിയ താരം പിന്നീടാണ് അവതാരകയായും തിളങ്ങുകയായിരുന്നു. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത കോമഡി സര്‍ക്കസിലൂടെയാണ് അലീന പടിക്കൽ ശ്രദ്ധ നേടിയത്. ‘ഭാര്യ’ എന്ന സീരിയലിൽ നെഗറ്റീവ് റോളും അലീനയെ ശ്രദ്ധേയയാക്കിയിരുന്നു.
എല്ലായിടത്തും കൂട്ടുവരുന്ന അമ്മയെ വിട്ട് വരുന്നത് ഒരു എക്സ്പീരിയൻസ് തന്നെയാണെന്ന് അലീന പറയുന്നു.
ബിഗ് ബോസ് ഹൗസിലെ ആദ്യ മത്സരാർത്ഥിയെ പരിചയപ്പെടുത്തി മോഹൻലാൽ. ‘ഒരു മുത്തശ്ശി ഗദ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ രജനി ചാണ്ടിയാണ് ബിഗ് ബോസ് ഹൗസിലെ തലമുതിർന്ന മത്സരാർത്ഥി.
ബിഗ് ബോസിന്റെ അകത്തളങ്ങൾ പ്രേക്ഷകർക്കു പരിചയപ്പെടുത്തുകയാണ് മോഹൻലാൽ. എട്ടിന്റെ കുളവും വീടിനകത്തെ സൗകര്യങ്ങളുമൊക്കെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് മോഹൻലാൽ. മുറ്റത്തൊരു പൂളും ജയിലുമെല്ലാമുള്ള വീട്ടിൽ ഇത്തവണ സ്ത്രീകളുടെയും പുരുഷന്മാരുടെയും മുറികൾക്കിടയിൽ പാർട്ടീഷൻ ഇല്ല. ചുമരുകളിലെങ്കിലും ക്യാമറയുണ്ടല്ലോ എന്നാണ് മോഹൻലാലിന്റെ ചോദ്യം.
ചുമർചിത്രത്തിലെ വാസ്കോഡ ഗാമയെ കണ്ട് അമ്പരപ്പിലാണ് താരം. വാസ്കോഡ ഗാമയ്ക്ക് എന്താ ഈ വീട്ടിൽ കാര്യം? എന്നാശ്ചര്യപ്പെടുന്ന താരം കുട്ടികളെ കാത്തോളണമേ എന്ന് പറഞ്ഞാണ് ബിഗ് ബോസ് ഹൗസിൽ നിന്നും പടിയിറങ്ങുന്നത്.
Bigg Boss Malayalam: ഇതാണ് ലാലേട്ടൻ പറഞ്ഞ എട്ടിന്റെ കുളം; കൗതുകക്കാഴ്ചകൾ ഒളിപ്പിച്ച് ബിഗ് ബോസ് ഹൗസ്
ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങളാണ് ബിഗ് ബോസില്‍ ചെയ്യുന്നത്. അതു കാണാന്‍ തന്നെ ഒരു വെറൈറ്റിയാണ്. ജീവിതത്തോട് ബന്ധപ്പെട്ട് കിടക്കുന്ന ഒരു പരിപാടിയാണ് ബിഗ് ബോസ്സ്ഥിരമായി കാണുന്ന പരിപാടി. ഇത് തന്നെയാണ് കണ്ടോണ്ടിരിക്കാറ്.ഒരു വീട്ടില്‍ നൂറ് ദിവസം നില്ക്കുമ്പോള് അവരുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങളെന്താണെന്ന് ലൈവ് ആയി നമുക്ക് മനസ്സിലാക്കി തരുന്ന പരിപാടിയാണ് ഇത്.
ടെലിവിഷൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘ബിഗ് ബോസ്’ മലയാളം സീസൺ 2വിന് തുടക്കം കുറിച്ചു. ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലാണ് ഷോ തുടങ്ങിയത്. ‘ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍’ എന്ന ടാഗ് ലൈനുമായാണ് ഇത്തവണ ‘ബിഗ് ബോസ്’ എത്തുന്നത്. ബിഗ് ബോസ് ആദ്യ സീസണിൽ മത്സരാർഥികളായിരുന്ന എല്ലാവരും ഇപ്പോൾ വേറെ ലെവൽ താരങ്ങളായി എന്ന് മോഹൻലാൽ പറഞ്ഞു.
ബിഗ്ഗ് ബോസിന്റെ ആദ്യ സീസൺ മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയിരുന്നു. ടിവി അവതാരകനായ സാബുമോൻ ബിഗ്ഗ് ബോസ് ടൈറ്റിൽ നേടിയപ്പോൾ പേളി മാണിയും മോഡലും നടനുമായ ഷിയാസ് കരീമും ആണ് റണ്ണർ അപ്പ് പുരസ്കാരങ്ങൾ നേടിയത്.
മുൻകൂട്ടി പ്ലാൻ ചെയ്ത സ്ട്രാറ്റജികളോ ഗെയിം പ്ലാനുകളോ ബിഗ് ബോസ് ഹൗസിൽ ഗുണം ചെയ്യില്ല. പുതിയൊരു അന്തരീക്ഷം എക്സ്പ്ലോർ ചെയ്യാനുള്ള മനസ്സോടെ വേണം ബിഗ് ബോസ് വീട്ടിലേക്ക് ചെല്ലാൻ, ആദ്യ സീസണിലെ വിജയി സാബുമോൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
നെതര്‍ലാന്‍ഡില്‍ നിന്നും ആരംഭിച്ച ബിഗ് ബ്രദര്‍ ടെലിവിഷന്‍ പരമ്പരയുടെ മാതൃകയിലാണ് ഇന്ത്യൻ ടെലിവിഷൻ ചാനലുകളിലും ബിഗ് ബോസ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ കൂടിയാണ് ബിഗ് ബോസ്. ബിഗ് ബോസ് ഹൗസിൽ 100 ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ മത്സരാർത്ഥികളെ താമസിപ്പിച്ച്, നിരവധി ഗെയിമുകളും ടാസ്ക്കുകളും നൽകി, നൂറാം നാൾ വിജയികളെ തിരഞ്ഞെടുക്കുകയാണ് ‘ബിഗ് ബോസ്’ ചെയ്യുന്നത്. മത്സരാര്‍ഥികളുടെ ഓരോ ചലനവും നിരീക്ഷിക്കുന്നതിനായി അറുപതോളം ക്യാമറകളും ബിഗ് ബോസ് ഹൗസിൽ ഉണ്ടാവും.