ബിഗ് ബോസ് വീട്ടിൽ എത്തിയ നാൾ മുതൽ എന്നും വാർത്തകളിൽ നിറഞ്ഞ മത്സരാർഥിയാണ് ജെസ്‌ല മാടശേരി. അതിനു പ്രധാന കാരണം ഇസ്‌ലാം മതം ഉപേക്ഷിച്ചു യുക്‌തിവാദിയായ വ്യക്‌തിയാണ് ജെസ്‌ല എന്നതാണ്. മതങ്ങളിലെ തെറ്റുകളെ കുറിച്ച് ജെസ്‌ല പരസ്യമായി പ്രസംഗിച്ചിരുന്നു. അങ്ങനെയാണ് സമൂഹമാധ്യമങ്ങളിൽ ജെസ്‌ല ഇത്ര ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോൾ ഇതാ താൻ മതം ഉപേക്ഷിക്കാനുള്ള കാരണം വ്യക്‌തമാക്കുകയാണ് ജെസ്‌ല. ബിഗ് ബോസിന്റെ ഇന്നലത്തെ എപ്പിസോഡിലാണ് ജെസ്‌ല ഇത് പറഞ്ഞത്. അലസാൻഡ്രയോടാണ് ജെസ്‌ല ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുന്നത്. മതം ഉപേക്ഷിക്കാൻ തനിക്ക് വ്യക്‌തമായ കാരണമുണ്ടെന്നാണ് ജെസ്‌ല പറയുന്നു.

മലപ്പുറത്തെ സാധാരണ വീട്ടിൽ ജനിച്ചുവളർന്ന പെൺകുട്ടിയാണ് താനെന്ന് ജെസ്‌ല പറഞ്ഞു. ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങളാണ് തന്നെ മതം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതെന്നും യുക്‌തിവാദത്തിലേക്ക് നയിച്ചതെന്നും ജെസ്‌ല പറഞ്ഞു.

Read Also: ഞാൻ അവനെ കുറേ സപ്പോർട്ട് ചെയ്‌തിട്ടുണ്ട്, എന്നെ പേടിച്ചാണ് സുജോ ഇവിടെ നിൽക്കുന്നത്: അലസാണ്ട്ര

തനിക്ക് ഏറെ ഇഷ്‌ടമുള്ള ആളായിരുന്നു ഉമ്മൂമ്മയെന്ന് ജെസ്‌ല പറയുന്നു. എന്നാൽ, ഉമ്മൂമ്മ മരിച്ചപ്പോൾ തനിക്ക് അവരെ കാണാൻ സാധിച്ചില്ല. മരണ സമയത്ത് ഉമ്മൂമ്മയെ കാണാൻ കഴിഞ്ഞില്ല. മയ്യത്ത് കാണാൻ അനുവദിച്ചില്ല. ഫ്ലാഷ് മോബിൽ പങ്കെടുത്തതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടിരുന്ന സമയമായിരുന്നു അതെന്ന് ജെസ്‌ല പറഞ്ഞു. മതത്തെ വിമർശിക്കുന്ന, മതത്തിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കുന്ന ജെസ്‌ല മയ്യത്ത് കണ്ടാൽ ഉമ്മൂമ്മക്ക് ബർക്കത്ത് കിട്ടില്ലെന്ന്‌ അമ്മാവന്മാർ ഉൾപ്പെടെയുള്ളവർ നിലപാടെടുത്തതാണ് അതിനു കാരണമെന്നും ജെസ്‌ല പറഞ്ഞു.

അനിയനൊപ്പം ബെംഗളുരുവിൽ താമസിക്കുന്ന സമയമായിരുന്നു അത്. ഉമ്മൂമ്മയുടെ മരണം വീട്ടുകാർ അനിയനെ മാത്രം അറിയിച്ചു. ജെസ്‌ലയെ അറിയിച്ചില്ല. ഉമ്മൂമ്മ അസുഖമായി ആശുപതിയിൽ കിടന്നപ്പോഴും അമ്മാവന്മാരും മതവിശ്വാസികളും അവളെ ഉമ്മൂമ്മയെ കാണാൻ അനുവദിച്ചില്ല. ഉമ്മൂമ്മയെ കാണാനുള്ള ആഗ്രഹം കൊണ്ട് പർദ്ദയണിഞ്ഞു വന്നിട്ടും വീട്ടുകാരും വിശ്വാസികളും സമ്മതിച്ചില്ലെന്ന് ജെസ്‌ല പറഞ്ഞു. ഇതു പറയുമ്പോൾ ജെസ്‌ല കരയുന്നുണ്ടായിരുന്നു. വലിയ സങ്കടത്തിലാണ് ജെസ്‌ല ഇക്കാര്യങ്ങളെല്ലാം വിവരിച്ചത്.

ഇതെല്ലാം തനിക്കു വലിയ വിഷമങ്ങളുണ്ടാക്കിയെന്ന് ജെസ്‌ല പറയുന്നു. ഇതോടെയാണ് ജെസ്‌ല മതം ഉപേക്ഷിക്കുന്നതും പിന്നീട് യുക്‌തിവാദിയാകുന്നതും. ഫ്ലാഷ് മോബ് അവതരിപ്പിച്ചതിന്റെ പേരിൽ ജെസ്‌ലയ്‌ക്ക് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ അടക്കം ജെസ്‌ലയ്‌ക്കു വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook