Bigg Boss Malayalam 2: ബിഗ് ബോസ് വീടിനകത്തേക്ക് മോഹൻലാലിന്റെ എൻട്രിയോടെയാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. ബിഗ് ബോസ് ഗെയിം അവസാനിപ്പിക്കാനും കൊറോണ പശ്ചാത്തലത്തിൽ പുറംലോകം നേരിടുന്ന പ്രശ്നങ്ങൾ മത്സരാർത്ഥികളെ അറിയിക്കാനുമായാണ് മോഹൻലാൽ ബിഗ് ബോസ് ഹൗസിലെത്തിയിരിക്കുന്നത്.

കൊറോണ വൈറസ് ബാധ മൂലം ഇന്ത്യയൊന്നാകെ മാസങ്ങളായി നേരിടുന്ന പ്രശ്നങ്ങളും ഷോ നിർത്തി വെയ്ക്കാൻ തീരുമാനവും മോഹൻലാൽ മത്സരാർത്ഥികളെ അറിയിച്ചു. ഷാേയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നിർമാതാക്കളായ എൻഡമോൾ ഷൈനും ഏഷ്യാനെറ്റും മത്സരാർത്ഥികളെ അറിയിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

bigg boss last episode

എന്നെ സംബന്ധിച്ച് പത്തുപേരും ജയിച്ച ആളുകളാണ് എന്നു പറഞ്ഞ മോഹൻലാൽ ഓരോരുത്തർക്കായി ട്രോഫി വിതരണം ചെയ്തു. മത്സരാർത്ഥികൾക്കൊപ്പം ചേർന്ന് മോഹൻലാൽ കേക്ക് കുറിച്ചു. സന്തോഷവും സങ്കടവും ചേർന്നൊരു മുഹൂർത്തമാണ് ഇത്, നിങ്ങൾക്കായി ബിഗ് ബോസ് പ്രവർത്തകർ ഡിന്നർ ഒരുക്കിയിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. മത്സരാർത്ഥികൾക്കൊപ്പം സെൽഫിയെടുത്താണ് താരം മടങ്ങിയത്.

bigg boss last episode selfie

മോഹൻലാൽ പോയതോടെ, ഇണക്കങ്ങളും പിണക്കങ്ങളും മറന്ന് മത്സരാർത്ഥികൾ പരസ്പരം ആലിംഗനം ചെയ്തു. ഇത്രനാൾ കഴിഞ്ഞ ബിഗ് ബോസ് വീടിനെയും മറ്റു കുടുംബാംഗങ്ങളെയും വിട്ടുപോവുന്നതോർത്ത് മത്സരാർത്ഥികളിൽ പലരുടെയും കണ്ണു നിറഞ്ഞു.

എല്ലാവരുടെയും വാശിയും മത്സരബുദ്ധിയുമൊക്കെ ഒറ്റയടിയ്ക്ക് തീർന്നല്ലോ എന്നാണ് ബിഗ് ബോസിന്റെ തീരുമാനത്തെ കുറിച്ച് രഘുവിന്റെ കമന്റ്. കുടുംബാംഗങ്ങൾക്ക് ഒപ്പം സെൽഫി എടുക്കുന്ന തിരക്കിലാണ് ഫുക്രു. പിണക്കങ്ങളും ഗ്രൂപ്പിസവുമെല്ലാം മറന്ന് ഹൗസിലെ അവസാനദിവസങ്ങൾ ആഘോഷമാക്കുകയാണ് മത്സരാർത്ഥികൾ. പൊക്കിയെടുത്ത് സ്വിമ്മിംഗ് പൂളിലേക്ക് ഇട്ടാണ് രഘുവിന് എല്ലാവരും പിറന്നാൾ ആശംസിച്ചത്.

Read more: ബിഗ് ബോസ് അവസാന എപ്പിസോഡ് ശനിയാഴ്ച; ഔദ്യോഗിക അറിയിപ്പുമായി ചാനൽ

വ്യാഴാഴ്ചയാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ബിഗ് ബോസ് റിയാലിറ്റി ഷോ നിർത്തുന്ന കാര്യം ചാനൽ ഔദ്യോഗികമായി സ്ഥിതീകരിച്ചത്. “കോവിഡ്-19 യെന്ന മഹാവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഉത്തരവാദിത്വബോധമുള്ള ചാനലെന്ന നിലയിൽ ബിഗ് ബോസ് കുടുംബാംഗങ്ങളുടെയും ഈ ഷോയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഈ അടിയന്തിര സാഹചര്യത്തിൽ ബിഗ് ബോസ് ഷോയുടെ ചിത്രീകരണം തുടരാൻ നിർഭാഗ്യവശാൽ കഴിയില്ല. മാർച്ച് 21 ശനിയാഴ്ച മുതൽ തല്‍ക്കാലത്തേക്ക് ബിഗ് ബോസ് 2 ന്റെ സംപ്രേഷണം നിർത്തിവയ്ക്കുകയാണ്,” ഏഷ്യാനെറ്റ് വിശദീകരണ കുറിപ്പിൽ പറയുന്നു.

നേരത്തെ കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈനും പ്രഖ്യാപിച്ചു. സർക്കാരിന്റെ ജാഗ്രതാനിർദേശങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഷോ നിർത്തി വെയ്ക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook