നടനും ബിഗ് ബോസ് താരവുമായ പ്രദീപ് ചന്ദ്രൻ വിവാഹിതനായി. കരുനാഗപ്പളളി സ്വദേശി അനുപമ രാമചന്ദ്രനെയാണ് നടന്‍ ജീവിതസഖിയാക്കിയത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമ. ബിഗ് ബോസ് മലയാളം രണ്ടാം സീസണിൽ നിന്ന് പ്രദീപ് പുറത്തായ ശേഷം വിവാഹം ഉറപ്പിക്കുകയായിരുന്നു.

എന്റെ ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന നിങ്ങളെ എല്ലാവരെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് വെച്ച് നടത്താന്‍ ആഗ്രഹിച്ചിരുന്ന ചടങ്ങായിരുന്നു ഇതെന്നും എന്നാല്‍ വില്ലനായി എത്തിയ കൊറോണ കാലവും ലോക്ഡോണും നിര്‍ഭാഗ്യവശാല്‍ ഇല്ലാതാക്കിയെന്ന് നടന്‍ കുറിച്ചിരുന്നു. വിദേശത്തുളള ജ്യേഷ്ഠന്‍ ഉള്‍പ്പടെ പ്രിയപ്പെട്ട ഒരുപാട് പേര്‍ കൂടെയില്ലാതെ ആണ് ഈ ചടങ്ങ് നടക്കുന്നത്. എല്ലാവരെയും പ്രത്യേകം പ്രത്യേകം അറിയിക്കാന്‍ പറ്റാത്തതില്‍ ക്ഷമിക്കണം. ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ പോകുന്ന ഞങ്ങള്‍ക്ക് എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും പ്രതീക്ഷിക്കുന്നു. എന്നും പ്രദീപ് ചന്ദ്രന്‍ കുറിച്ചിരുന്നു.

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് പ്രദീപ് ചന്ദ്രന്‍. മിനിസ്‌ക്രീന്‍ രംഗത്ത് സീരീയലുകളിലൂടെ തിളങ്ങിയ ശേഷമാണ് നടന്‍ ബിഗ് ബോസിലും പങ്കെടുത്തിരുന്നത്. ബിഗ് ബോസില്‍ അമ്പത് ദിവസം പൂര്‍ത്തിയാക്കുന്നതിന് മുന്നേ പ്രദീപ് പുറത്തായിരുന്നു.

Read More: Bigg Boss Malayalam 2: ബിഗ് ബോസ് വീട്ടിൽ ഇനി പ്രദീപ് ഇല്ല, മത്സരത്തിൽ നിന്ന് പുറത്ത്

മേജര്‍ രവി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മിഷന്‍ 90 ഡേയ്സിലൂടെയാണ് പ്രദീപ് ചന്ദ്രന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം കുരുക്ഷേത്ര, എയ്ഞ്ചല്‍ ജോണ്‍, ഇവിടം സ്വര്‍ഗമാണ്, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ, ലോക്പാല്‍, ഗീതാഞ്ജലി, 1971 ബിയോണ്ട ദ ബോര്‍ഡേഴ്സ്, ദൃശ്യം, ഒപ്പം തുടങ്ങിയ സിനിമകളിലും പ്രദീപ് ചന്ദ്രന്‍ അഭിനയിച്ചിരുന്നു.

സിനിമകള്‍ക്ക് പുറമെ നിരവധി സീരിയലുകളിലും നടന്‍ അഭിനയിച്ചിരുന്നു. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കറുത്തമുത്ത് സീരിയലാണ് നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook