ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡോ. രജിത് കുമാറും നടി കൃഷ്ണപ്രഭയും ഒന്നിച്ചുള്ള ഒരു വിവാഹചിത്രം അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഇരുവരും വിവാഹിതരായി എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഞങ്ങൾ വിവാഹിതരായിട്ടില്ല, ആ ഫോട്ടോ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഒരു പരമ്പരയിൽ നിന്നുള്ളതാണെന്ന് വ്യക്തമാക്കി കൃഷ്ണപ്രഭ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, വൈറൽ വിവാഹ ഫോട്ടോയെ കുറിച്ച് സംസാരിക്കുകയാണ് ഡോ. രജിത് കുമാറും. ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന പരമ്പരയില്‍ നിന്നുള്ള ആ ചിത്രം ആളുകൾക്ക് ഇഷ്ടപ്പെടാൻ കാരണം അതിന്റെ ലാളിത്യമാണെന്നും താനും ആഗ്രഹിച്ചത് അതുപോലെ ലാളിത്യമുള്ളൊരു വിവാഹമാണെന്നുമാണ് രജിത് കുമാർ പറയുന്നത്.
“ആ ഫോട്ടോ വൈറൽ ആയതിനു പിന്നിൽ അതിനൊരു ലാളിത്യവും സ്വാഭാവികതയും ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ ഞാനും ആഗ്രഹിച്ചത് അത്തരമൊരു വിവാഹമാണ്. കാരണം അതിന്റെ ലാളിത്യം തന്നെ,” വീഡിയോയിൽ കൂടിയാണ് രജിത് കുമാർ വൈറൽ ഫോട്ടോയെ കുറിച്ച് പ്രതികരിച്ചത്.
“രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. രജിത് സാറിനൊപ്പമുള്ള ആ ഫോട്ടോസ് അതിൽ നിന്നുള്ളതാണ്! ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. എന്റെ കല്യാണം ഇങ്ങനെയല്ല! എന്ന് അവിവാഹിതയായ കൃഷ്ണപ്രഭ,” ചിത്രത്തോട് പ്രതികരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കൃഷ്ണപ്രഭ പറഞ്ഞതിങ്ങനെ.
നടി, നർത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ ശ്രദ്ധേയമായ കൃഷ്ണപ്രഭ നൃത്തപരിപാടികളും തന്റെ ഡാൻസ് സ്കൂളിന്റെ പ്രവർത്തനങ്ങളുമൊക്കെയായി തിരക്കിലാണ്. കൊച്ചി പനംമ്പിള്ളി നഗറിലാണ് കൃഷ്ണപ്രഭയുടെ ഡാൻസ് സ്കൂൾ.
Read more: ആരും പേടിക്കണ്ട, എന്റെ കല്യാണം കഴിഞ്ഞിട്ടില്ല; രജിത് കുമാറിനൊപ്പമുള്ള ചിത്രത്തെ കുറിച്ച് കൃഷ്ണപ്രഭ