ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ ആദ്യം മുതല്‍ നിറസാന്നിധ്യമായി നിന്നെങ്കിലും പിന്നീട് സഹമത്സരാര്‍ത്ഥിയെ ആക്രമിച്ചതിന്റെ പേരില്‍ റോബിൻ ഷോയിൽ നിന്നും പുറത്താവുകയായിരുന്നു. ഡോ മച്ചാന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന റോബിൻ ബിഗ് ബോസ് ഷോയില്‍ എത്തിയതോടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിരുന്നു.
ഷോയില്‍ ഉണ്ടായിരുന്ന സമയത്ത് സഹമത്സരാര്‍ത്ഥി ദില്‍ഷയോട് റോബിന്‍ പ്രണയം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ റോബിനോട് തനിക്ക് സൗഹൃദം മാത്രമാണ് ഉള്ളതെന്നായിരുന്നു ദിൽഷ പറഞ്ഞത്. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ദിൽഷയോട് തനിക്ക് വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് റോബിൻ അറിയിച്ചെങ്കിലും ദില്‍ഷ പ്രണയം നിരസിക്കുകയായിരുന്നു. മാത്രമല്ല, റോബിനുമായും ബ്ലെസ്‌ലിയുമായും ബിഗ് ബോസ് ഹൗസിലായിരുന്ന സമയത്ത് ഉണ്ടായിരുന്ന സൗഹൃദം അവസാനിപ്പിക്കുകയാണെന്നും ദിൽഷ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു.
ഇതിനിടയില്‍, റോബിനെയും ആരതി പൊടി എന്ന അവതാരകയേയും ചേർത്തും റോബിൻ ഫാൻസ് ഗോസിപ്പ് ഇറക്കിയിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിൽ റോബിനെ ഇന്റർവ്യൂ ചെയ്യാൻ എത്തിയതായിരുന്നു ആരതി. ഇരുവരും കാഴ്ചയിൽ നല്ല ജോഡികളാണെന്നും ആരതിയെ വിവാഹം ചെയ്തുകൂടെ എന്ന് ആരാധകർ റോബിനോട് തിരക്കിയിരുന്നു, ആരതിയ്ക്ക് ഒപ്പമുള്ള റോബിന്റെ റീൽസുകളും ചിത്രങ്ങളും ഗോസിപ്പുകൾക്ക് ആക്കം കൂട്ടി.
ഡിസൈനറും മോഡലുമായ ആരതിയുമായി ശരിക്കും റോബിൻ പ്രണയത്തിലാണോ എന്നായിരുന്നു ആരാധകരിൽ പലരും ചോദിച്ച ചോദ്യം. ഇപ്പോള്‍, സംശയങ്ങള്‍ക്കെല്ലാം മറുപടിയുമായ് എത്തിയിരിക്കുകയാണ് റോബിന്‍. ബിഹൈന്‍വുഡ്‌സിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് റോബിന്‍ ആരതിയുമായുളള ബന്ധത്തെക്കുറിച്ച് പറഞ്ഞത്. “ഒരാളോടൊപ്പം ഫോട്ടോ എടുത്തെന്ന് കരുതി അയാളുമായി പ്രണയത്തിലാണെന്ന് എങ്ങനെ പറയാനാകും. ഈ അഭിമുഖം എല്ലാത്തിനും പരിഹാരമാകുമെന്ന് കരുതുന്നു,” എന്നായിരുന്നു റോബിന്റെ ഉത്തരം.
ദിൽറോബ് ജോഡിയ്ക്ക് ശേഷം, ആരാധകര്‍ റോബിന്‍- ആരതി ജോഡിയെ
ആഘോഷിച്ചു തുടങ്ങുന്ന സാഹചര്യത്തിലാണ് റോബിൻ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്.