Bigg Boss Malayalam Season 4: ഫിനാലെയ്ക്ക് ഇനി കഷ്ടിച്ച് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികളും കടുത്ത മത്സരചൂടിലാണ്. ഈ ആഴ്ചയിലെ വീക്ക്ലി എപ്പിസോഡാണ് ഇപ്പോൾ പ്രേക്ഷകർ ഒന്നടക്കം ചർച്ച ചെയ്യുന്നത്. ‘ആൾമാറാട്ടം’ എന്നു പേരിട്ടിരിക്കുന്ന വീക്ക്ലി ടാസ്കിൽ സഹമത്സരാർത്ഥികളായി രൂപം മാറാനും അവരെ അനുകരിക്കാനുമുള്ള അവസരമാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയത്.
ആൾമാറാട്ടം ടാസ്കിന്റെ ഒന്നാം ദിവസം പിന്നിടുമ്പോൾ സ്കോർ ചെയ്തത് റിയാസ് ആണ്. ലക്ഷ്മിപ്രിയയായാണ് റിയാസ് ഇന്നലെ ടാസ്ക് ചെയ്തത്. ലക്ഷ്മിപ്രിയയുടെ ഭാവങ്ങളും സംസാരവും നോട്ടവും മാനറിസവുമൊക്കെ രസകരമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടുകയാണ് റിയാസ്. ചിരികോള് ഒരുക്കുന്നതായിരുന്നു ടാസ്കിലെ ഒട്ടുമിക്ക മുഹൂർത്തങ്ങളും, റിയാസിന് പിന്തുണയുമായി ദിൽഷ കൂടി എത്തിയതോടെ ടാസ്ക് കൊഴുത്തു. ധന്യ മേരി വർഗീസ് ആയാണ് ദിൽഷ ആദ്യം ടാസ്ക് ചെയ്തത്.
ബിഗ് ബോസ് ഷോയിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി എത്തിയ അന്നു മുതൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വന്ന മത്സരാർത്ഥികളിൽ ഒരാളാണ് റിയാസ് സലിം. റോബിൻ രാധാകൃഷ്ണൻ ഷോ വിട്ടുപോവാൻ കാരണക്കാരൻ റിയാസാണെന്ന രീതിയിൽ റോബിൻ ഫാൻസും റിയാസിനെതിരെ കടുത്ത സൈബർ ആക്രമണം അഴിച്ചുവിട്ടു. എന്നാൽ, തന്റെ നിലപാടുകളും താൻ നില കൊള്ളുന്ന ആശയങ്ങളുമൊക്കെ ശക്തമായ ഭാഷയിൽ പ്രകടിപ്പിച്ചുകൊണ്ട് റിയാസ് പ്രേക്ഷകരുടെ ഇഷ്ടം കവരുന്ന കാഴ്ചയാണ് കണ്ടത്.
ഈ വീക്ക്ലി ടാസ്കിലെ പെർഫോമൻസ് കൂടിയായതോടെ വലിയൊരു വിഭാഗം പ്രേക്ഷകർ കൂടി റിയാസ് സലിം എന്ന ഗെയിമറെ അംഗീകരിച്ചു തുടങ്ങിയിരിക്കുകയാണ്. വർഷങ്ങളുടെ അനുഭവപരിചയമുള്ള സീരിയൽ താരങ്ങളുള്ള ഷോയിൽ അവരെയെല്ലാം നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് റിയാസ് കാഴ്ച വച്ചത്. ഹേറ്റേഴ്സിനെ പോലും ഫാൻസ് ആക്കിയ പയ്യൻ എന്നാണ് റിയാസിനെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്.