/indian-express-malayalam/media/media_files/uploads/2021/05/bigg-boss-contestants-rithu-razan-kidilam-firoz-firos-nobi-noby.jpg)
മലയാളത്തിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ തമിഴ്‌നാട്ടിലെ കോവിഡ് ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ നിർത്തിവച്ചിരിക്കുകയാണ്. ഷോ തുടങ്ങി 95-ാം ദിവസമാണ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ നിർത്തിവയ്ക്കാൻ തമിഴ്നനാട് സർക്കാർ ബിഗ് ബോസ് ടീമിനോട് ആവശ്യപ്പെട്ടത്.
കഴിഞ്ഞ വർഷവും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബിഗ്ബോസ് സീസൺ 2 നിർത്തിവയ്ക്കുകയും വിജയിയെ തീരുമാനിക്കാനാവാതെ അരങ്ങൊഴിയേണ്ടി വരികയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ വിജയികളെ കണ്ടെത്താനുള്ള അവസരം ബിഗ്ബോസ് പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്.
ഷോ അവസാനിക്കപ്പെട്ടതിനെത്തുടർന്ന് ബിഗ്ബോസ് മത്സരാർത്ഥികൾ ഇപ്പോൾ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇവർ മടങ്ങി കൊച്ചി എയർപോർട്ടിൽ എത്തിയതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.
നോബി മാർക്കോസ്, കിടിലം ഫിറോസ്, റംസാൻ മുഹമ്മദ്, ഋതു മന്ത്ര, സൂര്യ മേനോൻ, ഡിംപൽ ഭാൽ, സായി വിഷ്ണു, അനൂപ് കൃഷ്ണ എന്നിവർ കൊച്ചി വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് വരുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോകളിലുള്ളത്. മണിക്കുട്ടൻ, രമ്യ എന്നീ മത്സരാർത്ഥികളെ വീഡിയോയിൽ കാണാൻ സാധിക്കുന്നില്ല. രണ്ട് ബാച്ച് ആയിട്ടാവും മത്സരാർത്ഥികൾ നാട്ടിലേക്ക് മടങ്ങുക എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.മണിക്കുട്ടനും രമ്യയും നേരിട്ട് തിരുവനന്തപുരത്തേക്ക് ആവും മടക്കം.
ഈ വർഷവും, വിജയിയെ പ്രഖ്യാപിക്കാതെ ബിഗ് ബോസ് നിർത്തിവയ്ക്കുന്നത് ഷോയുടെ ക്രെഡിബിലിറ്റിയെ ബാധിക്കുമെന്നും പ്രേക്ഷകരെ നിരാശരാക്കുന്നതിനു തുല്യമാണ് അതെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രേക്ഷകഹിതം മാനിച്ച് മൂന്നാം സീസൺ നിർത്തിവച്ചെങ്കിലും വോട്ടിംഗിലൂടെ വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകർക്ക് വിട്ടുനൽകിയിരിക്കുകയാണ് ബിഗ് ബോസ് ടീം. ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ ശേഷിക്കുന്ന എട്ട് മത്സരാർത്ഥികളുടെ ഇതുവരെയുള്ള പ്രകടനം മുൻനിർത്തി പ്രേക്ഷകർക്ക് വോട്ട് ചെയ്ത് വിജയിയെ തിരഞ്ഞെടുക്കാനാവും.
Read More: ബിഗ് ബോസ് വിജയി ആര്? തീരുമാനം പ്രേക്ഷകരിലേക്ക്
മേയ് 24 തിങ്കളാഴ്ച രാത്രി 11 മുതൽ 29 ശനിയാഴ്ച രാത്രി 11 വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. അനൂപ് കൃഷ്ണൻ, ഡിംപൽ ഭാൽ, കിടിലം ഫിറോസ്, മണിക്കുട്ടൻ, നോബി മാർക്കോസ്, ഋതു മന്ത്ര, റംസാൻ, സായ് വിഷ്ണു എന്നിവരാണ് അവസാന റൗണ്ടിലെ മത്സരാർത്ഥികൾ.
കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലും ഷൂട്ടിംഗ് തുടർന്നുകൊണ്ടിരുന്ന ബിഗ് ബോസ് മലയാളത്തിന്റെ ലൊക്കേഷൻ കഴിഞ്ഞ ആഴ്ചയാണ് തമിഴ്നാട് പൊലീസും റവന്യൂ വകുപ്പും ചേർന്ന് സീൽ ചെയ്തത്. ഇതേതുടർന്ന് മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. പ്രതിസന്ധി മാറിയാൽ ഉടൻ തന്നെ ബിഗ് ബോസ്സിന്റെ സംപ്രേക്ഷണം പുന:രാരംഭിക്കുന്നതായിരിക്കുമെന്നാണ് ചാനൽ ഔദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാൽ ഷോ തുടരാൻ സാധിക്കാത്തതിനാൽ മത്സരാർത്ഥികൾ തിങ്കളാഴ്ച കേരളത്തിലേക്ക് തിരിക്കുകയാണെന്ന് പിന്നീട് ചാനൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Read Also: എല്ലാം പ്രപഞ്ചശക്തിയുടെ കളി; ബിഗ് ബോസ് വീട് പൂട്ടിയത് ആഘോഷമാക്കി സൂര്യ ഫാൻസ്
ഫെബ്രുവരി 14നാണ് ബിഗ് ബോസ് സംപ്രേക്ഷണം ആരംഭിച്ചത്. 14 മത്സരാർത്ഥികളെ വെച്ചു തുടങ്ങിയ ഷോയിലേക്ക് പിന്നീട് സജ്ന-ഫിറോസ്, മിഷേൽ, ഏഞ്ചൽ തോമസ്, രമ്യ പണിക്കർ എന്നീ മത്സരാർത്ഥികൾ വൈൽഡ് കാർഡ് എൻട്രിയായി എത്തിയിരുന്നു. ഷോ ഫൈനലിനോട് അടുക്കുകയും മണിക്കുട്ടൻ. ഡിംപൽ ഭാൽ, അനൂപ് കൃഷ്ണൻ, ഋതു മന്ത്ര, സായി വിഷ്ണു, നോബി, റംസാൻ, കിടിലം ഫിറോസ് എന്നിങ്ങനെ എട്ടു മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ ശേഷിക്കുകയും ചെയ്ത സമയത്താണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായതും ഷോ നിർത്തേണ്ടി വന്നതും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.