Big Boss Malayalam season 3: മലയാളത്തിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ 3 ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഫിനാലെ ഉണ്ടാകുമോ? അവസാനവട്ട വോട്ടെടുപ്പിന് ശേഷം ആരാണ് വിജയി എന്നതൊക്കെയാണ്. എന്നാൽ അതിന് എല്ലാം ഉത്തരവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ഏഷ്യാനെറ്റ് പുറത്തുവിട്ട ബിഗ് ബോസിന്റെ പുതിയ ടീസറിലാണ് ഷോയുടെ അവതാരകനായ മോഹൻലാൽ ഷോയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പങ്കു വെച്ചത്.
കോവിഡിന്റെ രണ്ടാം തരംഗം വലിയ ഭീഷണിയായി നിലനിൽക്കുന്ന സഹചര്യത്തിൽ പ്രേക്ഷകർ ക്ഷമയോടെ കാത്തിരിക്കണമെന്നും രണ്ടാം തരംഗത്തിന്റെ ഭീഷണി ഒഴിയുന്ന സാഹചര്യത്തിൽ ഫിനാലെ നടത്തി അതിലൂടെ വിജയിയെ പ്രഖ്യാപിക്കുമെന്നും ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയിൽ മോഹൻലാൽ പറഞ്ഞു. സീസൺ 3യുടെ തുടക്കം മുതൽ ഒപ്പം സഞ്ചരിച്ച ഇഷ്ട മത്സരാർത്ഥികൾക്കായി വോട്ട് ചെയ്ത് ഷോയെ വിജയമാക്കി തീർത്ത പ്രേക്ഷകർക്ക് മോഹൻലാൽ നന്ദി പറയുകയും ചെയ്തു.
Read Also: ബിഗ് ബോസ് താരങ്ങൾ കൊച്ചിയിലെത്തി; വീഡിയോ
തമിഴ്നാട്ടിലെ കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മേയ് 20 മുതൽ ഷോ നിർത്തിവച്ചിരിക്കുകയായിരുന്നു. ഷോ തുടങ്ങി 95-ാം ദിവസമാണ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ നിർത്തിവയ്ക്കാൻ തമിഴ്നനാട് സർക്കാർ ബിഗ് ബോസ് ടീമിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷവും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബിഗ്ബോസ് സീസൺ 2 നിർത്തിവയ്ക്കുകയും വിജയിയെ തീരുമാനിക്കാനാവാതെ അരങ്ങൊഴിയേണ്ടി വരികയും ചെയ്തിരുന്നു.
ഈ വർഷവും, വിജയിയെ പ്രഖ്യാപിക്കാതെ ബിഗ് ബോസ് നിർത്തിവയ്ക്കുന്നത് ഷോയുടെ ക്രെഡിബിലിറ്റിയെ ബാധിക്കുമെന്നും പ്രേക്ഷകരെ നിരാശരാക്കുന്നതിനു തുല്യമാണ് അതെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രേക്ഷകഹിതം മാനിച്ച് മൂന്നാം സീസൺ നിർത്തിവച്ചെങ്കിലും വോട്ടിംഗിലൂടെ വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകർക്ക് ബിഗ് ബോസ് ടീം നൽകിയിരുന്നു. ബിഗ് ബോസ് വീട്ടിൽ അവസാനമുണ്ടായിരുന്ന എട്ട് മത്സരാർത്ഥികൾക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ് ബിഗ് ബോസ് നൽകിയിരുന്നത്.
മേയ് 24 തിങ്കളാഴ്ച രാത്രി 11 മുതൽ 29 ശനിയാഴ്ച രാത്രി 11 വരെയായിരുന്നു വോട്ടിങ് സമയം. അനൂപ് കൃഷ്ണൻ, ഡിംപൽ ഭാൽ, കിടിലം ഫിറോസ്, മണിക്കുട്ടൻ, നോബി മാർക്കോസ്, ഋതു മന്ത്ര, റംസാൻ, സായ് വിഷ്ണു എന്നിവരാണ് അവസാന റൗണ്ടിലെ മത്സരാർത്ഥികൾ.
ഫെബ്രുവരി 14നാണ് ബിഗ് ബോസ് സംപ്രേക്ഷണം ആരംഭിച്ചത്. 14 മത്സരാർത്ഥികളെ വെച്ചു തുടങ്ങിയ ഷോയിലേക്ക് പിന്നീട് സജ്ന-ഫിറോസ്, മിഷേൽ, ഏഞ്ചൽ തോമസ്, രമ്യ പണിക്കർ എന്നീ മത്സരാർത്ഥികൾ വൈൽഡ് കാർഡ് എൻട്രിയായി എത്തിയിരുന്നു. ഷോ ഫൈനലിനോട് അടുക്കുകയും മണിക്കുട്ടൻ. ഡിംപൽ ഭാൽ, അനൂപ് കൃഷ്ണൻ, ഋതു മന്ത്ര, സായി വിഷ്ണു, നോബി, റംസാൻ, കിടിലം ഫിറോസ് എന്നിങ്ങനെ എട്ടു മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ ശേഷിക്കുകയും ചെയ്ത സമയത്താണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായതും ഷോ നിർത്തേണ്ടി വന്നതും.