ബിഗ് ബോസ് മലയാള നാലാം സീസണിലൂടെ ശ്രദ്ധ നേടിയ താരമാണ് ഡോക്‌ടർ റോബിൻ രാധാകൃഷ്‌ണൻ. സഹമത്സരാർത്ഥി റിയാസ് സലീമിനെ ശാരീരികമായി ആക്രമിച്ചെന്ന കാരണത്താൽ റോബിൻ പുറത്താക്കപ്പെട്ടിരുന്നു. ഷോയ്ക്ക് പുറത്തു പോയെങ്കിലും റോബിനു ചുറ്റും വലിയ ആരാധകവൃന്ദം തന്നെയുണ്ട്. പൊതു പരിപാടികളിൽ സജീവമായ റോബിൻ ഒരു വേദിയിൽ വച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറാലാകുന്നത്.
ഫെബ്രുവരിയിലാണ് റോബിനും ഫാഷൻ ഡിസൈനറും നടിയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം. ആരെയെല്ലാം വിവാഹ നിശ്ചയത്തിന് വിളിക്കും എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. “വിവാഹനിശ്ചയം വളരെ ചെറിയ രീതിയിലാണ് നടത്തുന്നത് അതുകൊണ്ട് അധികം ആരെയും വിളിക്കില്ല, പക്ഷെ വിവാഹത്തിന് എല്ലാവരെയും വിളിക്കും” റോബിൻ പറഞ്ഞു.
ആരെയെല്ലാം വിളില്ല എന്ന ചോദ്യത്തിന് ദിൽഷ, റിയാസ് എന്നീ പേരുകളായിരുന്നു റോബിന്റെ മറുപടി. അവരുമായി പ്രശ്‌നങ്ങളൊന്നും ഉള്ളതു കൊണ്ടല്ല മറിച്ച് എനിക്ക് പ്രിയപ്പെട്ടവരെ മാത്രമെ നിശ്ചയത്തിന് വിളിക്കുന്നുള്ളൂയെന്നും റോബിൻ കൂട്ടിച്ചേർത്തു. ലക്ഷ്‌മിപ്രിയ, ബ്ലെസ്‌ലി എന്നിവരെ വിളിക്കുമെന്നും റോബിൻ പറഞ്ഞു.
ബിഗ് ബോസിലെ സഹമത്സരാർത്ഥിയായ ദിൽഷ പ്രസന്നനോട് റോബിൻ വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. ചില വ്യക്തിപരമായ കാരണങ്ങളാൽ പിന്നീട് ഇരുവരും പിരിയുകയാണ് ഉണ്ടായത്. ഒരു അഭിമുഖത്തിലൂടെയാണ് റോബിൻ തന്റെ ഭാവി വധുവായ ആരതിയെ പരിചയപ്പെടുന്നത്. റോബിൻ കുടുംബത്തോടൊപ്പം ആരതിയെ പെണ്ണു കാണാൻ വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.