സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് കുട്ടി അഖിൽ. ബിഗ് ബോസ് നാലാം സീസണിലൂടെയാണ് അഖിൽ മലയാളി പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതനാകുന്നത്. ഷോയിലെ തന്നെ മത്സരാർത്ഥിയായിരുന്ന സുചിത്രയുമായി അഖിൽ പ്രണയിത്തിലാണെന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ച് താരങ്ങൾ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഒരു കോളേജ് പരിപാടിയ്ക്ക് ഇരുവരും ഒന്നിച്ചെത്തിയ വീഡിയോ പങ്കുവച്ച് അഖിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
താൻ പങ്കുവയ്ക്കുന്ന പോസ്റ്റ് ഒരു അഹങ്കാരമായി തോന്നുമെങ്കിലും ഇതൊരു അപേക്ഷയായി പരിഗണിക്കണമെന്നാണ് അഖിൽ പറയുന്നത്. “ഞങ്ങൾ ബിഗ്‌ബോസ് ഹൗസിൽ ഉള്ളപ്പോഴും പുറത്തിറങ്ങിയപ്പോഴും ഞാനും സുചിത്രയും തമ്മിലുള്ള പ്രണയവും വിവാഹ നിശ്ചയവും വിവാഹവും നടത്തിയവരാണു നിങ്ങൾ. ബിഗ്‌ബോസ് സീസൺ 4 കഴിഞ്ഞ് സീസൺ 5 തുടങ്ങാനൊരുങ്ങുന്ന ഈ കാലയളവിനുള്ളിൽ ഏകദേശം അമ്പതിലേറെ തവണ ഞങ്ങളുടെ വിവാഹം നിങ്ങൾ തന്നെ നടത്തി. ഒരുകാര്യം പറഞ്ഞോട്ടെ ആൺ പെൺ സൗഹൃദത്തിന് ഈ ഒരു മാനം മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയൂന്നുള്ളോ” അഖിൽ കുറിച്ചു.
തങ്ങൾ പലപ്പോഴും ഈ വാർത്ത തമാശയായി മാത്രമെ കാണാറുള്ളൂയെന്നും എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അതങ്ങനെയല്ലെന്നും അഖിൽ പറയുന്നു. പുതിയ ബിഗ് ബോസ് വരുമ്പോൾ പുതിയ ആളുകളെ കിട്ടുമ്പോൾ തങ്ങളെ വിട്ടേക്കണേയെന്ന അപേക്ഷയും അഖിൽ വയ്ക്കുന്നുണ്ട്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാഴ്സിലൂടെയാണ് അഖിൽ ശ്രദ്ധ നേടുന്നത്. മത്സരത്തിലെ വിജയികളിലൊരാളായിരുന്നു അഖിൽ. അനവധി സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് സുചിത്ര.