ബിഗ് ബോസ് സീസൺ മൂന്നിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാർഥിയാണ് സൂര്യ. കോവിഡ് മൂലം ഷോ നിർത്തിവെക്കുന്നതിനു തൊട്ടു മുന്നേ നടന്ന എലിമിനേഷനിലാണ് സൂര്യ ഷോയിൽ നിന്നും പുറത്തായത്. ഈ സീസണിൽ സോഷ്യൽ മീഡിയയിൽ കൂടുതൽ ട്രോളുകൾക്ക് ഇരയായ വ്യക്തിയും സൂര്യ ആയിരിക്കും.
ബിഗ് ബോസ് വീട്ടിൽ വെച്ചു സൂര്യക്ക് മണിക്കുട്ടനോട് തോന്നിയ പ്രണയവും അതുമൂലം വീടിനുള്ളിൽ നടന്ന സംഭവങ്ങളുമാണ് ട്രോളുകൾക്കും മറ്റും വഴിവെച്ചത്. ട്രോളുകൾക്ക് എതിരെയും താൻ നേരിടുന്ന സൈബർ ആക്രമണങ്ങൾക്ക് എതിരെയും സൂര്യ നേരത്തെ തന്നെ രംഗത്തു വന്നിരുന്നു. ഇപ്പോൾ സൂര്യയുടെ മറ്റൊരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ശനിയാഴ്ച ചെന്നൈയിൽ വെച്ചു നടന്ന ബിഗ് ബോസ് ഫിനാലെയിൽ എല്ലാ മത്സരാത്ഥികൾക്കും ക്ഷണം ഉണ്ടായിരുന്നു. ഹോട്ടലിൽ ഒരുമിച്ചുണ്ടായിരുന്ന താരങ്ങൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. സൂര്യയും പല മത്സരാത്ഥികളുടെയും ഒപ്പമുള്ള സെൽഫികൾ പങ്കുവച്ചിരുന്നു. അതിനിടയിലാണ് ചിലർ മണികുട്ടനോടൊപ്പമുള്ള സെൽഫിയിലെ എന്ന് സൂര്യയോട് ചോദിച്ചത്. അതിനുള്ള മറുപടിയാണ് ഇപ്പോൾ സൂര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞിരിക്കുന്നത്.
“ഒരു വ്യക്തിയുമായുള്ള പിക് ഒരുപാട് പേർ ചോദിക്കുന്നു, ആളുമായി പിക് എടുത്തിട്ടില്ല, ഇനി ആരും അതിനെ കുറിച്ചു ചോദിക്കില്ലെന്ന് വിശ്വസിക്കുന്നു” എന്നാണ് സൂര്യ കുറിച്ചിരിക്കുന്നത്. തന്നെ സപ്പോർട്ട് ചെയ്ത ആരാധക്കാർക്കുള്ള നന്ദിയും സൂര്യ പറയുന്നുണ്ട്. ഒപ്പം തന്നെ മോശമായി ചിത്രീകരിച്ചു യൂട്യൂബ് വീഡിയോകൾ ചെയ്യുന്നവർക്കുള്ള മറുപടിയും സൂര്യ നൽകിയിട്ടുണ്ട്.

സായി വിഷ്ണു, അഡോണി,ഫിറോസ് ഖാൻ, റംസാൻ, ഋതു, കിടിലം ഫിറോസ്, ഡിമ്പൽ തുടങ്ങിയവരോടൊപ്പമുള്ള സെൽഫികളാണ് സൂര്യ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ചത്.
അതേസമയം ബിഗ് ബോസ് സീസൺ മൂന്ന് വിജയി മണിക്കുട്ടൻ ആണെന്ന അനൗദ്യോഗിക റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മണിക്കുട്ടൻ ട്രോഫിയുമായി നിൽക്കുന്ന ചിത്രങ്ങളും എയർപോർട്ടിൽ ട്രോഫിയുമായി വന്നിറങ്ങിയ വീഡിയോയും സോഷ്യൽ മീഡിയിൽ വൈറലാണ്.