ബിഗ് ബോസ് സീസണ് നാലിലൂടെ ഏറെ പ്രേക്ഷക പ്രീതി നേടിയ മത്സരാര്‍ത്ഥിയാണ് റിയാസ് സലീം. ഷോയില്‍ മൂന്നാം സ്ഥാനമാണ് റിയാസ് കരസ്ഥമാക്കിയത്. എന്നാൽ, തന്റെ പുരോഗമനപരമായ ആശയങ്ങള്‍ കൊണ്ട് ഷോയ്ക്ക് അകത്തും സമൂഹമാധ്യമങ്ങളിലും വലിയ സ്വാധീനമുണ്ടാക്കാൻ റിയാസിനു കഴിഞ്ഞിരുന്നു. എൽജിബിടിക്യു, ഫെമിനിസം, ലിംഗസമത്വം, ആർത്തവം എന്നു തുടങ്ങി ഷോയ്ക്ക് അകത്ത് റിയാസ് സംസാരിച്ച പല വിഷയങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തിരിതെളിയിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ റിയാസ് കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ആരാധകരായ രണ്ടു കൊച്ചു മിടുക്കന്മാരെ കാണാനെത്തുന്ന റിയാസിനെ വീഡിയോയിൽ കാണാം. ബിഗ് ബോസ് മൂന്നാം സീസണിലെ താരമായ കിടിലം ഫിറോസാണ് റിയാസിനെ ശ്രീകുട്ടൻ, ഉണ്ണികുട്ടൻ എന്നീ കുട്ടികളിലേക്കെത്തിക്കുന്നത്.
റിയാസിന്റെ വലിയ ആരാധകരാണ് ഇവരുവരുമെന്നും ഷോയുടെ ചില എപ്പിസോഡുകൾ കണ്ട് കുട്ടികൾ കരഞ്ഞിട്ടുണ്ടെന്നും വീഡിയോയിൽ പറയുന്നത് കേൾക്കാം.
റിയാസിനെ ബിഗ് ബോസ് ചേട്ടനെന്നാണ് കുട്ടികൾ വിളിക്കുന്നത്. കുട്ടികൾക്കൊപ്പം ചിത്രങ്ങൾ പകർത്തി കുറച്ച് സമയം ചെലവഴിച്ച ശേഷമാണ് റിയാസ് മടങ്ങിയത്. റിയാസിനെ അഭിനന്ദിച്ചു കൊണ്ട് അവനധി ആരാധകരാണ് കമന്റ് ബോക്സിലെത്തിയിരിക്കുന്നത്.