വിവാഹത്തോടെ മലയാള സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണ് ഭാവന. വിവാഹശേഷം അഭിനയം തുടരുമെന്ന് പറഞ്ഞെങ്കിലും മലയാളത്തിൽ ഭാവന ഇതുവരെ അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളികൾക്ക് ഭാവന ഇപ്പോഴും പ്രിയങ്കരിയാണ്. സിനിമയിൽ സജീവമല്ലെങ്കിലും ചാനൽ പരിപാടികളിലും പരസ്യ ബ്രാൻഡുകളുടെ പരിപാടികളിലും ഭാവന പങ്കെടുക്കാൻ എത്താറുണ്ട്. അടുത്തിടെ സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്ത ‘സരിഗമപ’ മ്യൂസിക് ഷോയിൽ പങ്കെടുക്കാൻ ഭാവന എത്തി. ഷോയിൽ ഭാവന നിറകണ്ണുകളോടെ പറഞ്ഞ വാക്കുകൾ കേട്ട് വിധികർത്താക്കളും കാണികളും വിതുമ്പിപ്പോയി.
ഷോയിലെ പുണ്യ എന്ന മത്സരാർഥിയെക്കുറിച്ചുളള ഒരു ലേഖനം കണ്ടിരുന്നുവെന്നും അതിനുശേഷമാണ് ഷോയിൽ വരാൻ തോന്നിയതെന്നും ഭാവന പറഞ്ഞു. അപ്പോഴാണ് പുണ്യ തന്റെ ജീവിതത്തെക്കുറിച്ച് ഷോയിൽ പറയുന്നത്. അച്ഛന്റെ മരണവും ജീവിതത്തിൽ താൻ നേരിട്ട ദുരിതങ്ങളെക്കുറിച്ചും പുണ്യ പറഞ്ഞപ്പോൾ ചിലരുടെ കണ്ണുകൾ നിറഞ്ഞുപോയി. തന്റെ അച്ഛന്റെ വിയോഗത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഭാവനയും അറിയാതെ കരഞ്ഞു.
Read Also: അഴകോടെ ഭാവന; അതിമനോഹരം ഈ ചിത്രങ്ങൾ
”മൂന്നു വര്‍ഷം മുന്‍പാണ് എനിക്ക് അച്ഛനെ നഷ്ടമായത്. അതുകൊണ്ട് എനിക്ക് ആ വേദന മനസിലാവും. നമുക്കെല്ലാവര്‍ക്കും കുറേ സ്ട്രഗിള്‍സ് വരും, മുന്നോട്ട് പോവുക. അതിനെയൊക്കെ അതിജീവിച്ചേ മതിയൂ. ജീവിച്ച് കാണിച്ചുകൊടുക്കുകയെന്നല്ലാതെ മറ്റൊരു ഓപ്ഷനില്ല. സ്ട്രോങ്ങായിരിക്കുക. എല്ലാവർക്കും ഒരു ജീവിതമേയുളളൂ. സന്തോഷത്തോടെ ജീവിക്കുക” ഇതു പറയുമ്പോൾ ഭാവനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും കന്നട നിർമാതാവും ബിസിനസുകാരനുമായ നവീന്റെയും വിവാഹം. 2018 ജനുവരി 22 നായിരുന്നു വിവാഹം. മലയാളത്തിൽ ‘ആദം ജോൺ’ (2017) ആയിരുന്നു ഭാവന അവസാനം അഭിനയിച്ച ചിത്രം. തമിഴ് സൂപ്പര്‍ ഹിറ്റായ ചിത്രം ’96’ന്റെ കന്നഡ റീമേക്കിലാണ് വിവാഹശേഷം ഭാവന ആദ്യമായി അഭിനയിച്ചത്.