സിനിമാലോകത്തെ നിറസാന്നിധ്യമായിരുന്ന നടി ബീന ആന്റണി ഇപ്പോൾ സീരിയൽ മേഖലയിലാണ് സജീവമായിട്ടുള്ളത്. സോഷ്യൽ മീഡിയയിലൂടെ വളരെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിലെ അസിസ്റ്റന്റ് ഡയറക്ടറായ ആദർശ് മരണമടഞ്ഞു എന്ന വാർത്തയാണ് ബീന തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവച്ചത്.
സഹപ്രവർത്തകന്റെ ചിത്രത്തിനൊപ്പം ഒരു ഓർമ്മ കുറിപ്പും ബീന പങ്കുവച്ചിട്ടുണ്ട്. “ആദർശ് മോനെ നീ ഇത്ര പെട്ടെന്ന് പോയികളഞ്ഞല്ലോ. കേട്ടപ്പോൾ ഹൃദയം നുറുങ്ങി പോയെടാ, മൗനരാഗം വർക്കിൽ ഞങ്ങളുടെയൊക്കെ പ്രിയപ്പെട്ട അസിസ്റ്റന്റ് ഡയറക്ടർ.ഡെഡിക്കേറ്റഡായ ഒരു ടെക്ക്നീഷ്യൻ. ചേച്ചി ഞാൻ സിനിമയിൽ വർക്ക് ചെയ്യാൻ പോകുന്നെന്നു പറഞ്ഞ് പോയതാണ്. ഇപ്പോൾ കേൾക്കുന്നു നീ ഈ ലോകത്തു നിന്ന് മടങ്ങിയെന്ന്, നിന്റെ ആത്മാവിന് നിത്യശാന്തി കിട്ടട്ടേ മോനെ. ഈ ചേച്ചി പ്രാർത്ഥിക്കാം” ബീന ആന്റണി കുറിച്ചു.
താരങ്ങളും ചിത്രത്തിനു താഴെ ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്. ആദർശ് ഇന്നീ ലോകത്തില്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് സഹപ്രവർത്തകർ കമന്റ് ബോക്സിൽ കുറിക്കുന്നത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.