ഫുഡ്ബോൾ അസ്സോസിയേഷൻ കപ്പിന്റെ ലൈവ് സംപ്രേഷണത്തിനിടെ അശ്ലീല ശബ്‌ദം കേട്ടതിനെ തുടർന്ന് മാപ്പ് പറഞ്ഞ് ബിബിസി. അവതാരകൻ ഗാരി ലിനേകർ സംസാരിക്കുന്നതിനിടെയാണ് ശബ്‌ദം കേട്ടത്. ലൈവിനിടെ പറ്റിയ തെറ്റ് ഏതെങ്കിലും വ്യക്തിയെ പ്രയാസപ്പെടുത്തിയെങ്കിൽ തങ്ങൾ മാപ്പ് ചോദിക്കുന്നെന്ന് ബിബിസി അറിയിച്ചു.
ഷൂട്ടിങ്ങ് സ്ഥലത്തിത്തു നിന്ന് പിന്നീട് ഒരു ഫോൺ ലഭിച്ചെന്ന് ലിനേകർ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഫോണിന്റെ ദൃശ്യവും അതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
2002-2004 മോഡലിലുള്ള കീ പാഡ് ഫോണിന്റെ ചിത്രമാണ് ഷെയർ ചെയ്‌തിരിക്കുന്നത്. എന്നാൽ ഇതു വിശ്വസിക്കാൻ പ്രയാസമാണെന്നാണ് പ്രേക്ഷകർ കമന്റ് ബോക്‌സിലൂടെ പറയുന്നത്. ചാനലിനെതിരെ ഇതു സംബന്ധിച്ച് അനവധി വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
ചൊവ്വാഴ്ച നടന്ന ലിവർപൂൾ, വൂൾവ്സ് മത്സരത്തിനിടെയാണ് സംഭവം ഉണ്ടായത്.അവതാരകൻ ശബ്‌ദം കേട്ടയുടനെ അതിനെ വളരെ തമാശപൂർവമാണ് കൈകാര്യം ചെയ്‌തത്. ചാനൽ വൃത്തങ്ങൾ അന്വേഷണം അരംഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.