സമൂഹമാധ്യമങ്ങളിലെ ശ്രദ്ധേയ മുഖമാണ് ബഷീർ ബഷി. മോഡലായി തിളങ്ങി നിന്ന ബഷീർ ബിഗ് ബോസിൽ എത്തിയതോടെയാണ് ജനപ്രീതി നേടിയത്. ബിഗ് ബോസിനിടെ തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിലിനെ തുടർന്ന് നടന് ഏറെ അധിക്ഷേപങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ആളുകളുടെ കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും മുന്നിൽ തളരാതെ, സ്വന്തം കുടുംബവുമായി ഒന്നിച്ച് സന്തോഷത്തോടെ മുന്നോട്ടുപോവുന്ന ബഷീർ ബഷിയ്ക്കും കുടുംബത്തിനും ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട്.
വെള്ളിയാഴ്ചയാണ് ബഷീർ ബാഷിയ്ക്കും രണ്ടാം ഭാര്യ മഷൂറയ്ക്കും ഒരു ആൺകുഞ്ഞ് പിറന്നത്. മകന് മുഹമ്മദ് ഇബ്രാൻ ബഷീർ എന്നാണ് ബഷീറും മഷൂറയും പേരു നൽകിയിരിക്കുന്നത്. ജനിച്ച ദിവസം തന്നെ മകന്റെ പേരിൽ ഇൻസ്റ്റഗ്രാം- യൂട്യൂബുകൾ തുടങ്ങിയിരിക്കുകയാണ് ബഷീർ. ഒറ്റ ദിവസം കൊണ്ടു തന്നെ 28,000 ഓളം ഫോളോവേഴ്സിനെയും കുഞ്ഞു ഇബ്രാൻ സ്വന്തമാക്കി കഴിഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയാണ് മഷൂറ ബഷീറിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. ബഷീറിന്റെ ആദ്യ ഭാര്യയായ സുഹാനയുടെ സമ്മതത്തോടെ 2018ലായിരുന്നു ഇരുവരും വിവാഹിതരായത്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് മഷൂറയും സുഹാനയും മക്കളുമെല്ലാം. ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും ചേർന്ന് ഒരുക്കിയ ‘കല്ലുമ്മക്കായ’ എന്ന വെബ് സീരിസും ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ഭാര്യയായ സുഹാനയിൽ ബഷീറിന് രണ്ടു മക്കളുമുണ്ട്, സുനൈനയും മുഹമ്മദ് സൈഗവും.