അഭിനേത്രിയും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരകയുമൊക്കെയാണ് ആര്യ. അച്ഛനെ കുറിച്ചുള്ള സമൂഹമാധ്യമങ്ങളിലെ ആര്യയുടെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛന്റെ മരണനിമിഷങ്ങൾ ഓർത്തെടുക്കുകയാണ് ആര്യ. അച്ഛന്റെ ചരമവാർഷികത്തിൽ ഹൃദയസ്പർശിയായ കുറിപ്പാണ് ആര്യ പങ്കുവയ്ക്കുന്നത്.
“ഒരു വ്യക്തിയെന്ന രീതിയിൽ ഞാനെത്ര കരുത്തയാണെന്ന് തിരിച്ചറിഞ്ഞ ദിവസമാണിത്. എന്റെ ഏറ്റവും വലിയ ഭീതിയെ ഞാൻ അഭിമുഖീകരിച്ച ദിവസം. കഴിഞ്ഞ വർഷം ഈ ദിവസം തന്നെയാണ്, എനിക്കെന്റെ അച്ഛനെ എന്നേക്കുമായി നഷ്ടപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ ദിവസം ഏതാണ്ട് ഈ സമയത്ത് ഒരു നേഴ്സ് വാതിൽ തുറന്നുവന്നിട്ട് പറഞ്ഞു, അച്ഛനെ ഒന്നു പോയി കണ്ടോളൂ… കണ്ണുകൾ അടച്ച്, ഐസുപോലെ തണുത്തുറച്ച്, ചലനമറ്റു കിടക്കുന്ന അദ്ദേഹത്തെ കാണാനായി ഞാൻ പോയി. ഉണ്ടായിരുന്ന ധൈര്യമെല്ലാം സംഭരിച്ച് ഞാനദ്ദേഹത്തെ ഒരുപാട് തവണ വിളിച്ചു, ഉണർത്താനായി.. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനായി, കാരണം അച്ഛനെ വിട്ടുകൊടുക്കാൻ ഞാനൊരുക്കമല്ലായിരുന്നു. ആ ദിവസമെനിക്ക് സംഭവിച്ചതിനെ ഒന്നും നേിടാൻ ഞാൻ തയ്യാറല്ലായിരുന്നു…. പക്ഷേ നമുക്ക് വിധിയെ തടുക്കാൻ ആവില്ലല്ലോ… അച്ഛൻ പോയി, എന്റെ കാലിനടിയിലെ മണ്ണും ഒലിച്ചുപോയി… അച്ഛാ.. ഞങ്ങളുടെ ജീവിതത്തിലെ ഓരോ സെക്കന്റിലും ഞങ്ങൾക്ക് നിങ്ങളെ മിസ്സ് ചെയ്യുന്നു…. ”
“തകർന്നുപോയ മനസ്സിനെ കൂട്ടിച്ചേർക്കാനും പതിയെ മുന്നോട്ടു നടക്കാനും സഹായിച്ചതിനു നന്ദി… എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും എന്റെ കൈപിടിച്ച് മുന്നോട്ട നടത്തിയതിന് നന്ദി… അദൃശ്യമായൊരു ശക്തിയായി ധൈര്യമേകുന്നതിനു നന്ദി… ഏറ്റവും നല്ലൊരു അച്ഛനായതിനു നന്ദി… ഞാൻ നിങ്ങളെ സ്നേഹിക്കുന്നു അച്ഛാ…. നിങ്ങളാണെന്റെ ലോകം,” ആര്യ കുറിക്കുന്നു.
കഴിഞ്ഞ നവംബറിൽ ആയിരുന്നു ആര്യയുടെ അച്ഛൻ സതീഷ് ബാബുവിന്റെ മരണം. നർത്തകിയും അവതാരകയുമായ ആര്യ അഭിനേത്രി എന്ന രീതിയിലും ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. പതിനഞ്ചോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ആര്യ അവതരിപ്പിച്ചിട്ടുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook